Friday, 9 September 2011

തിരുവോണനാളില്‍ ഭഗവാനെ ദര്‍ശിയ്ക്കാന്‍ ആയിരങ്ങള്‍


തിരുവോണദിനത്തില്‍ കണ്ണനെ ഒരുനോക്കുകാണാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി. തിരുവോണത്തിന് പതിവില്‍ക്ക വിഞ്ഞ തിരക്ക് ദൃശ്യമായിരുന്നു. സകല വിഭവങ്ങളോടു കൂടെയുള്ള സദ്യയും പ്രസാദ ഊട്ടിന് ഉണ്ടായിരുന്നു.

തിരുവോണദിനത്തിലെ പൂക്കളവും വളരെ മനോഹരമായിരുന്നു. കാളിയമര്‍ദ്ദനം നടത്തുന്ന കൃഷ്ണനായിരുന്നു അവതരണം. ഭക്തജനങ്ങള്‍ കാണിയ്ക്കയിട്ട നോട്ടുകളും ചില്ലറയും പൂക്കളം വ്യക്തമായി കാണുന്നതിന് തടസ്സമായി. കാളിയന്റെ രൂപം അത്രയ്ക്ക് വ്യക്തമായിരുന്നില്ല. എന്നാലും മൊത്തത്തില്‍ വളരെ നല്ല ഒരു രൂപരേഖയായിരുന്നു പൂക്കളത്തിന് ഉണ്ടായിരുന്നത്. 

Thursday, 8 September 2011

ഉത്രാടദിന പൂക്കളം.


ഉത്രാടദിനത്തിലെ പൂക്കളം അതിമനോഹരമായി വരച്ചിരുന്നു. കിഴക്കേനടയിലെ ‘ശിവ’ ഫ്ലവേഴ്സിന്റെ വകയായിരുന്നു ഇന്നത്തെ കളം. കുരുക്ഷേത്രത്തിലെ തേരാളിയായ കൃഷ്ണനും പടയാളിയായ അര്‍ജ്ജുനനും യുദ്ധമുഖത്തേയ്ക്കു മുന്നേറുമ്പോള്‍ കൃഷ്ണന്‍, ധൈര്യം പകര്‍ന്ന് യുദ്ധം ചെയ്യിയ്ക്കാന്‍ അര്‍ജ്ജുനനെ പ്രാപ്തനാക്കുന്നതാണ് ഇതിവൃത്തം.

പൂക്കള്‍ക്കു പുറമെ പച്ച ഇലകളും കളത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇത് ഭംഗി വര്‍ദ്ധിപ്പിയ്ക്കുകയാണ് ചെയ്തിട്ടുള്ളത്.


ഗുരുവായൂരില്‍ വ്യാഴാഴ്ച ഉത്രാടം കാഴ്ചക്കുല വപ്പ് നടന്നു.


ഉത്രാട ദിനമായ വ്യാഴാഴ്ച അനേകര്‍ ഭഗവാനെ വണങ്ങാണും കാഴ്ചക്കുല സമര്‍പ്പണവുമായി എത്തി.ക്യൂ കോം‌പ്ലക്സില്‍ നീണ്ട നിരയൊന്നും ദൃശ്യമായിരുന്നില്ലെങ്കിലുംക്ഷേത്രത്തിനകത്ത് നല്ല തിരക്കുതന്നെയാണ് അനുഭവപ്പെട്ടത്.
രാവിലെ 7 മണിയ്ക്കുശേഷം മേല്‍ശാന്തിയാണ് ആദ്യമായി ഭഗവാന് കാഴ്ചക്കുല സമര്‍പ്പണം നടത്തിയത്.തുടര്‍ന്ന് ദേവസ്വം അഡ്മിനിസ്റ്റ്ട്രേറ്റര്‍ ‍,ദേവസ്വം ചെയര്‍മാന്‍ തുടങ്ങിയവര്‍ നേന്ത്രക്കുലകള്‍ സമര്‍പ്പിച്ചു. ഭക്തരില്‍ മന്ത്രി,ശ്രീ.സി.എന്‍.ബാലകൃഷ്ണന്‍,കെ.പി.എ.സി.ലളിത എന്നിവരും ഉണ്ടായിരുന്നു.
12മണിയോടുകൂടി മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിന്റെ പടിഞ്ഞാറുഭാഗത്ത് കഴ്ചക്കുലകളുടെ ലേലവും നടന്നിരുന്നു.

Wednesday, 7 September 2011

പൂക്കളം- പൂരാടം ദിനത്തില്‍


പൂരാട ദിനത്തിലെ പൂക്കളം വളരെ മനോഹരമായിരുന്നു. വേണുഗോപാലനായിരുന്നു പ്രതിപാദ്യം. നല്ല മിഴിവോടുകൂടി ത്തന്നെയാണ് ഈ രൂപങ്ങള്‍ വരയ്ക്കപ്പെട്ടിരിക്കുന്നത്. പശുക്കിടാവിനെയും മനോഹരമായി അവതരിപ്പിച്ചിരുന്നു. 




വെള്ളപ്പൂക്കള്‍ കൊണ്ടാണ് പശുക്കിടാവിനെ അവതരിപ്പിച്ചത്. സുബ്രഹ്മണ്യന്റെ മയിലിനെ, മൂലം നാളില്‍ വരച്ചപ്പോള്‍ യഥാര്‍ത്ഥ പീലികളാണ് അതിന്റെ വാലില്‍ ഉപയോഗിച്ചത്. എന്നാല്‍ ഇവിടെ കൃഷ്ണന്റെ തലയിലെ പീലി വളരെ മനോഹരമായി പൂക്കള്‍ ഉപയോഗിച്ചാണ് ഉണ്ടാക്കിയെടുത്തത്.


Tuesday, 6 September 2011

പൂക്കളം ഗുരുവായൂരില്‍ ‍-‘മൂലം’നാളില്‍


മൂലം നാളില്‍ ഭഗവാനുമുമ്പില്‍ വരയ്ക്കപ്പെട്ട പൂക്കളം മുരുകന്റേതായിരുന്നു. മയിലും സര്‍പ്പവും എല്ലാം വളരെ ഭംഗിയായി വരയ്ക്കപ്പെട്ടിരുന്നു.യഥാര്‍ത്ഥ പീലികള്‍ കൊണ്ടുതന്നെയായിരുന്നു മയിലിന്റെ വാല് അലങ്കരിച്ചിരുന്നത്. വേലും,മയിലിന്റെ കണ്ണും എല്ലാം വളരെ മിഴിവോടുകൂടിത്തന്നെ വരച്ചുകാണിച്ചിട്ടുണ്ട്.നിലവിളക്ക് സദാ സമയവും  പ്രകാശിച്ചുകൊണ്ടിരുന്നു. 

സാധാരണയില്‍നിന്ന് വ്യത്യസ്തമായി ചതുരത്തിലുള്ള കളമാണ് മൂലദിവസം ഒരുങ്ങിയിരുന്നത്.

Monday, 5 September 2011

മരപ്രഭു ശില്പത്തിന് കനകപ്രഭാമണ്ഡലം സമര്‍പ്പിച്ചു.


അനേകനാളത്തെ പരിശ്രമഫലമായി തയ്യാറായ കനക പ്രഭാമണ്ഡലം ഞായറാഴ്ച മരപ്രഭുശില്പത്തില്‍ ചാര്‍ത്തി. രാവിലെ ഗണപതിഹോമം നടന്നു.തന്ത്രി ചേന്നാസ് സതീശന്‍ നമ്പൂതിരിപ്പാട്  സമര്‍പ്പണച്ചടങ്ങിന് തിരിതെളിച്ചു. മന്ത്രോച്ചാരണ ങ്ങളോടെ പ്രത്യേകമായി പൂജിച്ച് വെള്ളികുംഭത്തില്‍ സൂക്ഷിച്ച  നെയ്യ്, പ്രഭാമണ്ഡലത്തിന് മുകളില്‍ കൊണ്ടുപോയാണ് അഭിഷേ കം നടത്തിയത്. തുടര്‍ന്ന് പാലഭിഷേകവും പനിനീരഭിഷേകവും പുഷ്പവൃഷ്ടിയും നടന്നു.  1001 ലിറ്റര്‍ പാലുകൊണ്ടായിരുന്നു അഭിഷേകം നടത്തിയത്.

വ്യത്യസ്തങ്ങളായ ഔഷധക്കൂട്ടുകളും മറ്റു മന്ത്രപൂരിത പുണ്യവസ്തു ക്കളും കൊണ്ട് നിറച്ച ഈ പ്രഭാമണ്ഡലം ചൈതന്യം പ്രസരി പ്പിയ്ക്കുമെന്നാണ് വിശ്വാസം. ഉരുക്കിലും പിച്ചളയിലുമാണ് പ്രഭാമണ്ഡലം തയ്യാറാക്കിയിട്ടുള്ളത്. പത്തനംതിട്ട, മാന്നാര്‍ വിശ്വകര്‍മ ഹാന്‍റിക്രാഫ്റ്റ് ഉടമ എം.വി.ഗണേശ് ആചാരിയും 20 സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് പ്രഭാമണ്ഡലം നിര്‍മിച്ചത്.

ഗുരുവായൂരില്‍ ഞായറാഴ്ച 219 വിവാഹങ്ങള്‍


കണ്ണനുമുമ്പില്‍ താലിചാര്‍ത്തി ദീര്‍ഘമംഗല്യവും സന്തോഷപൂര്‍ണ്ണ ജീവിതവും ആഗ്രഹിച്ച് ഞായറാഴ്ച ഗുരുപവനപുരിയില്‍ എത്തിയവര്‍ നിരവധി. ഔട്ടര്‍ റിങ്ങ് റോഡിലും ഇന്നര്‍ റിങ്ങ് റോഡിലും വാഹനങ്ങളുടെ പ്രളയമായിരുന്നു.രണ്ട് കല്യാണമണ്ഡപങ്ങള്‍ ഉണ്ടായിരുന്നിട്ടും വധൂവരന്മാരുടെ ക്യൂ  ദൃശ്യമായിരുന്നു. കിഴക്കേ ദീപസ്തംഭത്തിനു മുമ്പില്‍നിന്ന് ദേവസ്വം ബുക്‍സ്റ്റാള്‍ വരെയുള്ള സ്ഥലം ആളുകളെക്കൊണ്ട് തിങ്ങിനിറഞ്ഞിരുന്നു. അതിനൊപ്പം ഓണാവസരം കൂടിയായതിനാല്‍ തിരക്ക് കൂടുതലായി.