Monday, 17 March 2014

 ഗുരുവായൂർ ഉത്സവം  ആറാം ദിവസം(17-03-2014) 

         ശ്രീമാന്‍ വെള്ളാട്ട് പ്രദീപിന്റെ ‘അഷ്ടപദി’ വാദനത്തോടെയാ‍ണ് ഇന്ന് മുപ്പട്ടുതിങ്കളാഴ്ച
ഭഗവല്‍‌സന്നിധി  ഉണര്‍ന്നത്. ജയദേവവിരചിതമായ അഷ്ടപദി ഇത്രയും മനോഹരമായി
ആലപിയ്ക്കുന്നത് ജനാര്‍ദ്ദനന്‍ നെടുങ്ങാടി കഴിഞ്ഞാല്‍ ഒരുപക്ഷേ ഇദ്ദേഹമായിരിയ്ക്കും.

       ഗുരുവായൂര്‍ ശ്രീ.ബ്രഹ്മഭക്തമാതൃസമിതിയുടെ ബിജുബാല നയിച്ച നാമസങ്കീര്‍ത്തന ലഹരി വളരെ ശ്രദ്ധേയമായിരുന്നു.
               കുടമാളൂര്‍ ജനാര്‍ദ്ദനന്റെ പുല്ലാങ്കുഴല്‍ കച്ചേരി, ഡോ.കൃഷ്ണകുമാര്‍-ബിന്നി കൃഷ്ണകുമാര്‍ എന്നിവരുടെ സംഗീതക്കച്ചേരി എന്നിവയും നല്ല നിലവാരം പുലര്‍ത്തുന്നവയായിരുന്നു.
               വൈകുന്നേരം പ്രശസ്ത കഥാപ്രസംഗകലാകാരന്‍ ശ്രീ.വാഴമുട്ടം ഗോപ്പാലകൃഷ്ണന്‍ അവതരിപ്പിച്ച കഥാപ്രസംഗം നമ്മെ മറ്റൊരുലോകത്തേയ്ക്ക് കൂട്ടിക്കോണ്ടുപോകാന്‍ പര്യാപ്ത മായിരുന്നു. ഹാര്‍മ്മോണീയവും തബലയും എല്ലാം കൂടിച്ചേര്‍ന്ന് കഥാപ്രസംഗത്തിന്റെ ആ പഴയലോകം കുറച്ചുനേരത്തേയ്ക്കാണെങ്കിലും ഇവിടെ പുനര്‍ന്നിര്‍മ്മിയ്ക്കപ്പെട്ടു.
              രാത്രി രണ്ടാം നമ്പര്‍ സ്റ്റേജില്‍ ഓച്ചിറ കേരളയുടെ ‘ഹരിനാരായണം”എന്ന നൃത്തനാടകം ശ്രീ.പുതുപ്പള്ളി കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ അവതരിപ്പിയ്ക്കപ്പെട്ടു.ഹിരണ്യാക്ഷന്റെയും ഹിരണ്യകശിപുവിന്റെയും, ഭഗവൽ പ്രഭാവത്തിന്റെയും മനോഹരമായ അവതരണം .

Sunday, 16 March 2014

  ഗുരുവായൂർ ഉത്സവം അഞ്ചാം ദിവസം( 16-03-2014)
          അരങ്ങുണർത്താൻ 'അഷ്ടപദി' അമ്പലപ്പുഴ വിജയകുമാറിന്റേതായിരുന്നു.മമ്മിയൂര്‍ ‘ശിവപാര്‍വ്വതി സാംസ്കാരികവേദി’ യുടെ ആഭിമുഖ്യത്തില്‍ തിരുവാതിരക്കളി അവതരിപ്പിയ്ക്കപ്പെട്ടു. പുരാതന തറവാട്ടുകൂട്ടായ്മയും അതില്‍ പങ്കുചേര്‍ന്നപ്പോള്‍ താളച്ചുവടുകളുടെ ലാസ്യഭാവത്തില്‍ ഭഗവല്‍ സന്നിധി മുഴുകിപ്പോയി.
         ഗുരുവായൂര്‍ ശ്രീകൃഷ്ണാ സ്കൂളിലെ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.നെന്മാറ ബ്രദേഴ്സിന്റെ നാദസ്വരകച്ചേരിയും കണ്ടമംഗലം പരമേശ്വരന്‍ നമ്പൂതിരിയുടെ ഭക്തിപ്രഭാഷണവും ദേവനഗരിയെ കൂടുതല്‍ ഭക്തിസാന്ദ്രമാക്കുന്നതില്‍ പങ്കുവഹിച്ചു.

        രാത്രിയില്‍ രണ്ടാമത്തെ സ്റ്റേജിലായി സിനിമാ പിന്നണിഗായിക ശ്രീമതി.മഞ്ജരിയുടെ ഭക്തിഗാനമേള നടന്നു.പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ലെങ്കിലും ഒരുപാടുപേര്‍ കേള്‍വിക്കാരായുണ്ടായിരുന്നു.അതേ സമയം മേല്‍പ്പത്തൂർ ഓഡിറ്റോറിയത്തില്‍ പ്രശസ്ത നര്‍ത്തകിയും നൃത്തത്തില്‍ ദേശീയ പുരസ്കാര ജേതാവുമായ ശ്രീമതി മേതില്‍ ദേവികയുടെ
മോഹിനിയാട്ടത്തിനുള്ള ഒരുക്കങ്ങൾ നടക്കുകയായിരുന്നു.പിന്നീട്  സമയം ഒട്ടും വൈകിക്കാതെ മനോഹരമായ മോഹിനിയാട്ടം അരങ്ങേറി.നൃത്തത്തെക്കുറിച്ച് സാമാന്യമായുള്ള വിവരണവും താന്‍ അവതരിപ്പിയ്ക്കുന്ന മോഹിനിയാട്ടത്തിന്റെ വിവിധ ഭാവങ്ങളെക്കുറിച്ചുള്ള വിശദീകരണവും അവരുടെ നൃത്തപരിപാടി കൂടുതല്‍ ഹൃദ്യമാക്കി എന്നു പറയാതെ വയ്യ.

ചെടിക്കുളങ്ങര വിജയരാഘവക്കുറുപ്പിന്റെ കുത്തിയോട്ടം  പുതിയ അനുഭവമായിരുന്നു.പലർക്കും ഈ കലാരൂപം ഏതെന്നുപോലും നിശ്ചയമില്ലായിരുന്നു .







Saturday, 15 March 2014

   ഗുരുവായൂര്‍ ഉത്സവം നാലാം ദിവസം (15-03-2014)


                 ജ്യോതിദാസ് ഗുരുവായൂർ അവതരിപ്പിച്ച അഷ്ടപദിയോടെയായിരുന്നു ഇന്നത്തെ ദിവസം ആരംഭിച്ചത് . വളരെ ഹൃദ്യമായ രീതിയിൽ അഷ്ടപദി പാടിയപ്പോൾ ഭക്തജനങ്ങൾ മതിമറന്നു.ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ സംസ്കൃതം അദ്ധ്യാപിക ശ്രീമതി.ലക്ഷ്മി
ശങ്കര്‍ അവതരിപ്പിച്ച ഭക്തിപ്രഭാഷണവും ശ്രദ്ധേയമായി.‘വരാഹാവതാരം’
ആയിരുന്നു വിഷയം.

                     വൈകുന്നേരം സിനിമാ അഭിനേത്രി ശ്രീമതി.രചന നാരായണന്‍‌കുട്ടിയുടെ
നൃത്തം സദസ്സിനെ സമ്പന്നമാക്കി.ഉരൽപ്പുര  ജീവനക്കാരുടെ കൈകൊട്ടി
ക്കളിയും മനോഹരമായിരുന്നു. രാത്രി വൈകി രണ്ടാമത്തെ സ്റ്റേജിലായി
പ്രശസ്ത പിന്നണിഗായകനും ഗാനസംവിധായകനുമായ എം.ജയചന്ദ്രനും
സംഘവും അവതരിപ്പിച്ച ഭക്തിഗാനമേള വളരെ ആകര്‍ഷണീയമായിരുന്നു.


Friday, 14 March 2014

                           ഗുരുവായൂർ ഉത്സവം മൂന്നാം ദിവസം
           ഭഗവാന്റെ   തിരുവുത്സവം  മൂന്നാം ദിവസം സംഭവബഹുലമായിരുന്നു.നാഗപ്പാട്ടിന്റെ ഭാഗമായി ഭഗവാന്റെ തിരുമുമ്പില്‍ നവനാഗക്കളം വരയ്ക്കപ്പെട്ടു.ചൂണ്ടല്‍ വി.കെ.പാര്‍വ്വതിയും സംഘവും അവതരിപ്പിച്ച നാഗപ്പാട്ട് അതീവ ഹൃദ്യമായിരുന്നു.പിന്നെ തോല്‍പ്പാവക്കൂത്ത്, കാസ ര്‍കോട് രാമകൃഷ്ണമയ്യയുടെ യക്ഷഗാനം, മായാ അന്തര്‍ജ്ജനത്തിന്റെ നേതൃത്വത്തില്‍ നടന്ന തിരുവാ തിരക്കളി എന്നിവയും ശ്രദ്ധേയമായിരുന്നു.‘അര്‍ഘ്യം’ തൃശൂരിന്റെ ഭക്തിഗാനസുധയും വൈകീട്ട് അരങ്ങേറി.


                  ഗുരുവായൂര്‍ എ.യു.പി.സ്കൂളിലെ കുരുന്നുകള്‍ ഭഗവാനു മുമ്പില്‍ തങ്ങള്‍ക്കാവും വിധം പരിപാടികള്‍ അവതരിപ്പിച്ചു.അറുപതോളം വര്‍ഷമായി മുടങ്ങാതെ ഭഗവാനു മുമ്പില്‍ നാദസ്വരോപാസന നടത്തുന്ന ആസ്ഥാന  നാദസ്വര അചാര്യന്‍ കുട്ടികൃഷ്ണന്‍ നായര്‍ തന്റെ അവശതകള്‍ മറന്ന് നവതിയിലും ഭഗവാന് നാദോപാസന ചെയ്യാനെത്തി.

          വൈകുന്നേരം പ്രത്യേകം തയ്യാറാക്കപ്പെട്ട സ്റ്റേജില്‍ മഹാനായ ഗായകന്‍ ശ്രീ.കെ.ജയചന്ദ്രന്‍ നാദാര്‍ച്ചന നടത്തി. പുഷ്പാഞ്ജലിയിലെ മനോഹരഗാനമായ “വിഘ്നേശ്വരാ..” എന്ന ഗാനം പാടി യപ്പോള്‍ ശ്രീ.ജയചന്ദ്രന്‍ തന്റെ പ്രായം 20 വര്‍ഷത്തോളം കുറച്ചുവെന്നു തോന്നി. മമ്മിയൂര്‍ മഹാ ദേവനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള “മമ്മിയൂരപ്പന്റെ നടയില്‍".. എന്ന ഗാനവും ആസ്വാദകരെ നിര്‍വൃതിയിലാഴ്ത്തി. ശ്രീമതി.ചിത്രവരുണൻ,ശ്രീമതി.ഉമാവിനോദ്,ശ്രീ.ടി.കെ.ചന്ദ്രശേഖരന്‍, ശ്രീ.ഹരിപ്പാട്  സുധീഷ്  തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

Wednesday, 12 March 2014


                               ഗുരുവായൂർ ഉത്സവം കൊടികയറി 

പത്തുനാളത്തെ മഹോത്സവത്തിന്ഗുരുവായൂരപ്പന്റെ സന്നിധിയിൽ കൊടികയറി. ദീപാരാധനയ്ക്കുശേഷം നടന്ന ആചാര്യവരണത്തിനു ശേഷം  രാത്രി 8.50 ന്  പൂയം  നക്ഷത്രത്തിൽ തന്ത്രിപ്രമുഖൻ ചേന്നാസ്‌ ഹരി നമ്പൂതിരിപ്പാട് സപ്തവർണ്ണക്കൊടി ഉയർ ത്തിയപ്പോൾ  ആയിരങ്ങളുടെ  കണ്ഠങ്ങളിൽ നാരായണ മന്ത്രങ്ങൾ അലയടിച്ചു.ഭഗവൽ ചൈതന്യം കൊടിയിലേയ്ക്ക് ആവാഹിച്ചതിനു ശേഷമാണ് ചടങ്ങ് നടന്നത്. നാളെ ദിക്കുകൊടികൾ സ്ഥാപിയ്ക്കും.

വൈകീട്ട് 9 മണിയോടെ ക്ഷേത്രം മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രമുഖ ചലച്ചിത്ര നടൻ സുരേഷ് ഗോപി കലാപരിപാടികളുടെ  ഉത്ഘാടനം നിർവ്വഹിച്ചു .തുടർന്ന്  കഥകളി രംഗത്തെ അതികായന്മാരായ കലാമണ്ഡലം ഗോപിയാശനടക്കമുള്ള പ്രഗദ്ഭന്മാർ അണിനിരന്ന കഥകളി അരങ്ങേറി.



                            ഗുരുവായൂര്‍ ആനയോട്ടം 2014                                                                    

                       ഈ വര്‍ഷത്തെ ഭഗവാന്റെ തിരുവുത്സവത്തിന് നാന്ദികുറിച്ചുകൊണ്ട് ആനയോട്ടം നടന്നു. മിടുമിടുക്കനായി രാമന്‍‌കുട്ടി ജേതാവായി.തിരഞ്ഞെടുത്ത അഞ്ചു ഗജവീരന്മാരെ മുന്നിലായി അണിനിരത്തി.  ക്ഷേത്രത്തില്‍നിന്നും നല്‍കിയ മണികളുമായി പാപ്പാന്മാര്‍ എത്തിയതോടെ അവകെട്ടിയതിനുശേഷം ഓട്ടം ആരംഭിച്ചു.യാതൊരുവിധ അനിഷ്ട സംഭവങ്ങളും ഉണ്ടാകാതിരിയ്ക്കാനായി വേണ്ട മുന്‍‌കരുതലുകളെല്ലാം ദേവസ്വവും പോലീസും സ്വീകരിച്ചിരുന്നു.  ഇനി പത്തുനാള്‍ ഗുരുവാ‍യൂരില്‍ ആനന്ദോത്സവം.




Sunday, 9 March 2014

എന്റെ സംസ്കാരം എന്റെ ജന്മാവകാശം ....