Saturday, 22 October 2011

മുല്ലനേഴി വിടവാങ്ങി

മലയാളത്തിലെ പ്രമുഖ കവിയും അഭിനേതാവും ഗാനരചയിതാവുമായ മുല്ലനേഴി വിടവാങ്ങി.
അദ്ദേഹത്തിന്റെ അനശ്വരമായ ഓര്‍മ്മകള്‍ക്കു മുമ്പില്‍ കലാലോകം ആദരാഞ്ജലിയര്‍പ്പിച്ചു.

1976ല്‍ ‘ഞാവല്‍പ്പഴങ്ങളിലെ’ “കറുകറുത്തൊരു പെണ്ണാണ്” എന്ന ഗാനം രചിച്ചുകൊണ്ടാണ് ചലച്ചിത്രഗാനരചനാരംഗത്ത് അദ്ദേഹം കാലൂന്നുന്നത്. പിന്നീടവിടുന്നങ്ങോട്ട് ഹിറ്റുകളുടെ മഴയായിരുന്നു.നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള അദ്ദേഹം ഏറ്റവും അവസാനം അഭിനയിച്ചത് ‘സ്നേഹവീട്‌’ എന്ന സിനിമയിലായിരുന്നു.
തൊഴില്‍മേഖലയില്‍ അധ്യാപകനായിരുന്ന അദ്ദേഹം 2010ല്‍ തൃശ്ശൂര്‍ ഗവ.മോഡല്‍ ബോയ്സ് സ്കൂളില്‍നിന്ന് സ്വമേധയാ വിരമിച്ചു.2010ലെ കവിതയ്ക്കുള്ള സാഹിത്യ അക്കാദമി അവാര്‍ഡ്,1995ല്‍ നാടകത്തിന് സാഹിത്യ അക്കാദമി അവാര്‍ഡ്, തുടങ്ങി നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെത്തേടി എത്തിയിട്ടുണ്ട്.
ഗുരുവായൂരില്‍ അദ്ദേഹം ദര്‍ശനത്തിനായി ഇടയ്ക്കിടെ എത്താറുണ്ടായിരുന്നു.‘ഭക്തപ്രിയ’ മാസികയില്‍
മിക്കവാറും അദ്ദേഹം കവിതയും നല്‍കാറുണ്ടായിരുന്നു.

മംഗല്യ സൌഭാഗ്യത്തിനായി തിരുമാന്ധാംകുന്നില്‍ മഹാമംഗല്യപൂജ


തിരുമാന്ധാംകുന്നിലമ്മയുടെ സന്നിധിയില്‍ മഹാമംഗല്യപൂജ നടന്നു.തുലാമാസത്തിലെ മുപ്പട്ടുവെള്ളിയാഴ്ച നടക്കുന്ന പൂജയ്ക്ക് ഏറെ പ്രാധാന്യം ഉള്ളതായി കണക്കാക്കപ്പെടുന്നു.

പന്തീരടിപൂജയ്ക്കുശേഷം  ശ്രീമൂലസ്ഥാനത്ത് മേല്‍ശാന്തിയുടെ കാര്‍മ്മികത്വത്തില്‍ ചടങ്ങുകള്‍ ആരംഭിച്ചു.വിഘ്നങ്ങളൊഴിയാന്‍
ഉണ്ണിഗണപതിയ്ക്ക് മൃഷ്ടാന്നഭോജനം നല്‍കി സം‌പ്രീതനാക്കി നട തുറന്നതോടെ ഭക്തജനങ്ങള്‍ കൂപ്പുകൈകളോടെ പ്രാര്‍ത്ഥനാമന്ത്രങ്ങള്‍ ഉരുവിട്ടു.


429 പേരുടെ പൂജകളാണ് നടന്നത്.ഇവര്‍ക്കെല്ലാം മേല്‍ശാന്തി നേരിട്ട് പ്രസാദം നല്‍കി.പ്രസാദത്തോടൊപ്പമുള്ള കറുകപ്പുല്ല് ദിവസവും കുളിച്ച് മുടിയില്‍ ചൂടണമെന്നാണ് വിശ്വാസം.രണ്ടായിരത്തിലേറെപ്പേര്‍ പ്രസാദ ഊട്ടില്‍ പങ്കെടുത്തു.