Sunday, 11 December 2011

ചന്ദ്രഗ്രഹണം.

ഇന്ന് സമ്പൂര്‍ണ്ണ ചന്ദ്രഗ്രഹണം ദൃശ്യമായി.ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വൈകുന്നേരം അത്താഴപ്പൂജയുടെ സമയത്തില്‍ ചെറിയ വ്യത്യാസവുമുണ്ടായി. രാത്രി 8 മണിയ്ക്ക് വലിയ നാഴികമണി 8 തവണ മുഴങ്ങിയതിനു ശേഷം വീണ്ടും 3 തവണകൂടി മുഴങ്ങിയപ്പോള്‍ അത് ഭക്തരിലും പരിഭ്രാന്തി പരത്തി. ആറുമണിയ്ക്ക് അടച്ച നട രാത്രി 8 മണിയ്ക്കു ശേഷമാണ് തുറന്നത്.

Tuesday, 6 December 2011

ഏകാദശി മഹാമഹത്തിന് തിരശ്ശീല വീണു.





ഏകാദശിദിനത്തിന്റെ പുണ്യവുമായി ആയിരങ്ങള്‍ ഭഗവാനെ ദര്‍ശിച്ചു.ഏകാദശി വ്രതമാഹാത്മ്യത്തെ ഭക്തജനങ്ങള്‍ക്ക് മനസ്സിലാക്കിച്ചു കൊടുത്ത മഹാത്മാവായ അംബരീഷന്റെ സ്മരണകളെ ഉള്‍ക്കൊണ്ടുകൊണ്ട് ഗുരുവായൂരപ്പന്റെ തിരുസന്നിധിയില്‍ ഏകാദശി ആഘോഷം നടന്നു.രാവിലെ  മുതല്‍ത്തന്നെ അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടു കൊണ്ടിരുന്നത്. ചെമ്പൈ സംഗീതമണ്ഡപത്തില്‍ സാധാരണ പോലെ സംഗീതാര്‍ച്ചന നടന്നിരുന്നു.
                                     
രാവിലെ 9.30 മണിയോടെ പാര്‍ത്ഥസാരഥിക്ഷേത്രത്തിലേയ്ക്ക് തിടമ്പില്ലാതെയുള്ള പ്രദക്ഷിണം നടന്നു.അവിടെ പ്രത്യേക നാമജപങ്ങളും പ്രദക്ഷിണവും കഴിഞ്ഞ് 12.30 മണിയോടുകൂടി എഴുന്നള്ളിപ്പ് തിരിച്ച് പോന്നു.ഈ സമയത്തെല്ലാം സത്രം ഗേറ്റും കഴിഞ്ഞുള്ള ദര്‍ശന ക്യൂ കാണാമായിരുന്നു.
                                           
ഗോതമ്പുചോറും രസകാളനും പായസവും അടങ്ങുന്ന ഏകാദശി ദിന പ്രസാദ ഊട്ട് കഴിയ്ക്കാനായി അനേകര്‍ ദൂരദിക്കുകളില്‍ നിന്നുപോലും എത്തിയിരുന്നു. സന്ധ്യയ്ക്ക് (7.30 മണിയോടുകൂടി) പാര്‍ത്ഥസാരഥിക്ഷേത്രത്തിലേയ്ക്ക് നാമജപഘോഷയാത്ര നടന്നു. തിരുനാമാചാര്യന്‍ ആഞ്ഞം തിരുമേനിയുടെയും ഭഗവാന്റെയും ഫോട്ടോകളില്‍ മാല ചാര്‍ത്തി ഹരേരാമ ജപിച്ച്, സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന ഒരുകൂട്ടമാളുകള്‍ യാത്ര ചെയ്തു.അതേ സമയം തന്നെ പാര്‍ത്ഥസാരഥിക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട രഥഘോഷയാത്ര 8മണിയോടുകൂടി ഭഗവല്‍ സന്നിധിയില്‍ എത്തിച്ചേര്‍ന്നു.
 രാവിലെ മുതല്‍ വൈകീട്ടുവരെ മുനിസിപ്പല്‍ ടൌണ്‍ഹാളില്‍ സ്വാമി ഉദിത്ചൈതന്യയുടെ നേതൃത്വത്തില്‍ ഗീതാജ്ഞാന യജ്ഞം നടന്നു. ഭഗവദ്ഗീതയുടെ സന്ദേശം ഉള്‍ക്കൊണ്ടുവേണം നമ്മളെല്ലാം ജീവിയ്ക്കുവാനെന്ന് സ്വാമി  ഉദ്ബോധിപ്പിച്ചു.
    
ചെമ്പൈ സംഗീതോത്സവവേദിയില്‍ പ്രഗത്ഭ സംഗീതജ്ഞനായ ജയവിജയ കെ.ജയന്‍ ഭഗവാനെ പ്രകീര്‍ത്തിച്ച് കീര്‍ത്ത
നങ്ങള്‍ ആലപിച്ചു.സി.എസ്.അനുരൂപിന്റെ വയലിന്‍ കച്ചേരിയും ഉണ്ടായിരുന്നു.മറ്റു സംഗീതജ്ഞരായ ടി.വി.ഗോപാലകൃഷ്ണന്‍,
എ.ഇ.വാമനന്‍ നമ്പൂതിരി എന്നിവരും കീര്‍ത്തനങ്ങള്‍ ആലപിച്ചു.
രാത്രി വൈകി പ്രമുഖ സംഗീതജ്ഞരെല്ലവരും കൂടി നടത്തിയ ഗാനാര്‍ച്ചനയോടെ 2011 ലെ ചെമ്പൈ സംഗീതോത്സവത്തിന് പരിസമാപ്തിയായി.

Monday, 5 December 2011

പഞ്ചരത്ന കീര്‍ത്തനാലാപനവും- ഗുരുവായൂര്‍ കേശവന്‍ അനുസ്മരണവും


            ചെമ്പൈ സംഗീതമണ്ഡപത്തില്‍ സംഗീതാര്‍ച്ചനയുടെ പരമകോടിയായി പഞ്ചരത്നകീര്‍ത്തനാലാപനം തിങ്കളാഴ്ച രാവിലെ 9.30ന് ആരംഭിച്ചു.35ല്‍ പരം കലാകാരന്മാര്‍ അണിനിരന്ന  ചടങ്ങ് ആസ്വാദകരുടെ കാതുകള്‍ക്ക് അമൃതായി. ചെമ്പൈയുടെ ശിഷ്യനായ ശ്രീ.മണ്ണൂര്‍ രാജകുമാരനുണ്ണി, പ്രൊഫ:കുമാരകേരളവര്‍മ്മ തുടങ്ങിയ പ്രഗത്ഭരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ‘ജഗദാനന്ദ’എന്നു തുടങ്ങുന്ന കീര്‍ത്തനം അക്ഷരാര്‍ത്ഥത്തില്‍ ഭക്തരെ ഭഗവല്‍‌സന്നിധിയിലേയ്ക്ക് ഉയര്‍ത്തുംവിധം ഗംഭീരമായിരുന്നു.അതുകഴിഞ്ഞ് ഒടുക്കം ‘എന്തരൊ മഹാനു ഭാവുലു’ എന്ന കീര്‍ത്തനം പാടുമ്പോള്‍ ചെമ്പൈയുടെ ആത്മാവ് വളരെയേറെ സന്തോഷിച്ചിട്ടുണ്ടാകും.

അതിനടുത്ത ചടങ്ങ് ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ അനുസ്മരണമായിരുന്നു.ഏകദേശം 20ഓളം
ആനകള്‍ ചടങ്ങില്‍ പങ്കെടുത്തു.പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച്  എഴുന്നള്ളത്ത് ഗുരുവായൂര്‍ കൃഷ്ണനെ വണങ്ങി നേരെ കേശവന്‍ സ്മാരകം സ്ഥിതിചെയ്യുന്ന കോവിലകം പറമ്പിലേയ്ക്ക് (ശ്രീവത്സം കോമ്പൌണ്ട്) നീങ്ങി.അവിടെ കേശവന്റെ പ്രതിമയ്ക്ക് അഭിമുഖമായി നിന്ന് വലിയ പത്മനാഭന്‍ തുമ്പിക്കൈ ചുരുട്ടിപ്പിടിച്ച് കേശവനെ അഭിവാദ്യം ചെയ്തു. അതിനുശേഷം ആനയ്ക്ക് പഴം,മറ്റു ഫലവര്‍ഗ്ഗങ്ങള്‍ എന്നിവ നല്‍കി.

ഈ ചടങ്ങ് അവസാനിയ്ക്കുമ്പോള്‍ ചെമ്പൈ മണ്ഡപത്തില്‍ ‘എന്തരൊ മഹാനുഭാവുലു’ എന്ന കീര്‍ത്തനം തുടങ്ങിയിരുന്നു.