Tuesday, 6 December 2011

ഏകാദശി മഹാമഹത്തിന് തിരശ്ശീല വീണു.





ഏകാദശിദിനത്തിന്റെ പുണ്യവുമായി ആയിരങ്ങള്‍ ഭഗവാനെ ദര്‍ശിച്ചു.ഏകാദശി വ്രതമാഹാത്മ്യത്തെ ഭക്തജനങ്ങള്‍ക്ക് മനസ്സിലാക്കിച്ചു കൊടുത്ത മഹാത്മാവായ അംബരീഷന്റെ സ്മരണകളെ ഉള്‍ക്കൊണ്ടുകൊണ്ട് ഗുരുവായൂരപ്പന്റെ തിരുസന്നിധിയില്‍ ഏകാദശി ആഘോഷം നടന്നു.രാവിലെ  മുതല്‍ത്തന്നെ അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടു കൊണ്ടിരുന്നത്. ചെമ്പൈ സംഗീതമണ്ഡപത്തില്‍ സാധാരണ പോലെ സംഗീതാര്‍ച്ചന നടന്നിരുന്നു.
                                     
രാവിലെ 9.30 മണിയോടെ പാര്‍ത്ഥസാരഥിക്ഷേത്രത്തിലേയ്ക്ക് തിടമ്പില്ലാതെയുള്ള പ്രദക്ഷിണം നടന്നു.അവിടെ പ്രത്യേക നാമജപങ്ങളും പ്രദക്ഷിണവും കഴിഞ്ഞ് 12.30 മണിയോടുകൂടി എഴുന്നള്ളിപ്പ് തിരിച്ച് പോന്നു.ഈ സമയത്തെല്ലാം സത്രം ഗേറ്റും കഴിഞ്ഞുള്ള ദര്‍ശന ക്യൂ കാണാമായിരുന്നു.
                                           
ഗോതമ്പുചോറും രസകാളനും പായസവും അടങ്ങുന്ന ഏകാദശി ദിന പ്രസാദ ഊട്ട് കഴിയ്ക്കാനായി അനേകര്‍ ദൂരദിക്കുകളില്‍ നിന്നുപോലും എത്തിയിരുന്നു. സന്ധ്യയ്ക്ക് (7.30 മണിയോടുകൂടി) പാര്‍ത്ഥസാരഥിക്ഷേത്രത്തിലേയ്ക്ക് നാമജപഘോഷയാത്ര നടന്നു. തിരുനാമാചാര്യന്‍ ആഞ്ഞം തിരുമേനിയുടെയും ഭഗവാന്റെയും ഫോട്ടോകളില്‍ മാല ചാര്‍ത്തി ഹരേരാമ ജപിച്ച്, സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന ഒരുകൂട്ടമാളുകള്‍ യാത്ര ചെയ്തു.അതേ സമയം തന്നെ പാര്‍ത്ഥസാരഥിക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട രഥഘോഷയാത്ര 8മണിയോടുകൂടി ഭഗവല്‍ സന്നിധിയില്‍ എത്തിച്ചേര്‍ന്നു.
 രാവിലെ മുതല്‍ വൈകീട്ടുവരെ മുനിസിപ്പല്‍ ടൌണ്‍ഹാളില്‍ സ്വാമി ഉദിത്ചൈതന്യയുടെ നേതൃത്വത്തില്‍ ഗീതാജ്ഞാന യജ്ഞം നടന്നു. ഭഗവദ്ഗീതയുടെ സന്ദേശം ഉള്‍ക്കൊണ്ടുവേണം നമ്മളെല്ലാം ജീവിയ്ക്കുവാനെന്ന് സ്വാമി  ഉദ്ബോധിപ്പിച്ചു.
    
ചെമ്പൈ സംഗീതോത്സവവേദിയില്‍ പ്രഗത്ഭ സംഗീതജ്ഞനായ ജയവിജയ കെ.ജയന്‍ ഭഗവാനെ പ്രകീര്‍ത്തിച്ച് കീര്‍ത്ത
നങ്ങള്‍ ആലപിച്ചു.സി.എസ്.അനുരൂപിന്റെ വയലിന്‍ കച്ചേരിയും ഉണ്ടായിരുന്നു.മറ്റു സംഗീതജ്ഞരായ ടി.വി.ഗോപാലകൃഷ്ണന്‍,
എ.ഇ.വാമനന്‍ നമ്പൂതിരി എന്നിവരും കീര്‍ത്തനങ്ങള്‍ ആലപിച്ചു.
രാത്രി വൈകി പ്രമുഖ സംഗീതജ്ഞരെല്ലവരും കൂടി നടത്തിയ ഗാനാര്‍ച്ചനയോടെ 2011 ലെ ചെമ്പൈ സംഗീതോത്സവത്തിന് പരിസമാപ്തിയായി.

No comments:

Post a Comment