Monday, 28 April 2014

ചരിത്രമുറങ്ങുന്ന മഞ്ജുളാല്‍ ഓര്‍മ്മയാകുമോ?


             ഗുരുവായൂരിന്റെ ഓരോ നിമിഷത്തിനും മൂകസാക്ഷിയായിരുന്ന മഞ്ജുളാല്‍ ഇന്ന് ഉണങ്ങിത്തുടങ്ങിയിരിയ്ക്കുന്നു. നാഗരികതയുടെ കരാളഹസ്തത്തില്‍പ്പെട്ട്, വികസനത്തിന്റെ പേരുപറഞ്ഞ് സര്‍വ്വജ്ഞരായ ഉദ്യോഗസ്ഥവൃന്ദം  ആലിനുചുറ്റും തറകെട്ടി ഭംഗിയാക്കി. വേരുകള്‍ക്ക് ദാഹജലം ലഭ്യമാകാത്ത അവസ്ഥ വരെ എത്തിയപ്പോള്‍ പതുക്കെ പതുക്കെ         ആ വടവൃക്ഷം ഉണക്കത്തിലേയ്ക്ക് നീങ്ങുകയാണ്. ദേവസ്വം അധികാരികളുടെയും നഗരസഭാ അധികൃതരുടെയും ശ്രദ്ധയില്‍ പലതവണ ഇക്കാര്യം പെടുത്തിയിട്ടും അവര്‍ ഇതൊന്നും അറിഞ്ഞ മട്ടില്ല. ഉറങ്ങുന്നവരെയല്ലേ ഉണര്‍ത്താനൊക്കൂ!. ഇനിയും വൈകിയാല്‍, മഞ്ജുളയുടെ പരിദേവനം ശ്രവിച്ച്,ഭഗവാനുവേണ്ടി കെട്ടിയുണ്ടാക്കിയ മാല സ്വന്തം ശരീരത്തില്‍ ഏറ്റുവാങ്ങിയ ആ മഹാവൃക്ഷം കാലയവനികയ്ക്കുള്ളില്‍ മറയുമെന്നതിന് ആര്‍ക്കും സംശയം വേണ്ട. പുതുമഴയുടെ തലോടലാൽ വീണ്ടും ഈ ആലിന് തളിരിലകൾ പുറപ്പെടുവിക്കാൻ കഴിയുമെന്ന് പ്രത്യാശിക്കാം.

Friday, 25 April 2014

ഗുരുവായൂരപ്പന്റെ നഷ്ടപ്പെട്ട തിരുവാഭരണം മണിക്കിണറില്‍നിന്ന് ലഭിച്ചു..!!

                   29 വര്‍ഷം മുമ്പ് കാണാതായ, ഭഗവാന്റെ മൂന്ന് തിരുവാഭരണങ്ങളില്‍ ഒരെണ്ണവും
മറ്റൊന്നിന്റെ പൊട്ടിയ ചില കഷണങ്ങളും മണിക്കിണര്‍ വൃത്തിയാക്കുന്നതിനിടയില്‍
ലഭിച്ചു. 60ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണ നാഗപടത്താലിയാണ് ലഭിച്ചതെന്ന് അധികൃതര്‍
പറയുന്നു.നഷ്ടപ്പെട്ട മറ്റൊരു മാലയുടെ അവശിഷ്ടങ്ങള്‍ ലഭിച്ചതിന് ഏകദേശം 7  ഗ്രാം 
തൂക്കം വരും.
                 1985 ഏപ്രില്‍ ഒന്നാം തിയതി കക്കാട് ദാമോദരന്‍ നമ്പൂതിരിയില്‍ നിന്ന് തിയ്യന്നൂര്‍ കൃഷ്ണന്‍നമ്പൂതിരി ശാന്തിയേറ്റപ്പോഴാണ് കണക്കിലുണ്ടായിരുന്ന മൂന്ന് തിരുവാഭരണങ്ങള്‍ കാണാതായത്  ശ്രദ്ധയില്‍ പെടുന്നത്.അതിനെത്തുടര്‍ന്ന് വലിയ രാഷ്ട്രീയ കോളിളക്കങ്ങളും പോലീസ് അന്വേഷണങ്ങളും ഉണ്ടായെങ്കിലും തുമ്പുണ്ടാക്കാന്‍ പറ്റാതെ കേസ് അവസാനിപ്പിക്കുകയായിരുന്നു. ദാമോദരന്‍ നമ്പൂതിരിയെയും മകനെയും പ്രതികളാക്കി കേസ് നടന്നെങ്കിലും മകന്‍ കുറ്റക്കാരനല്ലെന്ന് കോടതി വിധി പ്രസ്താവിക്കുന്നത് കേള്‍ക്കാന്‍ അഛന് യോഗമുണ്ടായില്ല. അപമാന ഭാരത്താലും മാനഹാനിയാലും ഹൃദയം നൊന്ത് അദ്ദേഹം നേരത്തേ കാലം ചെയ്തു.

            45ഗ്രാം തൂക്കം വരുന്ന മഹാലക്ഷ്മി മാല,96ഗ്രാം തൂക്കം വരുന്ന കല്ലുകള്‍പതിച്ച ചങ്ങലമാല,60ഗ്രാം തൂക്കമുള്ള നാഗപടത്താലി എന്നിവയാണ് എന്നിവയാണ് നഷ്ടപ്പെട്ടതായി കണ്ടത്. അഷ്ടമംഗല്യപ്രശ്നത്തില്‍ തിരുവാഭരണം മണിക്കിണറ്റില്‍ത്തന്നെയുണ്ടെന്ന് ദൈവജ്ഞര്‍ വിധിയെഴുതിയെങ്കിലും അത് വറ്റിച്ചുനോക്കി കണ്ടുപിടിയ്ക്കാന്‍ അന്ന് ആര്‍ക്കും ധൈര്യമുണ്ടായില്ല.

           എന്നാല്‍ തിരുവാഭരണം ലഭിച്ചതിന്റെ പിറ്റേദിവസം ഗുരുവായൂരിലെ സമീപവാസിയും പാരമ്പര്യമായി സ്വര്‍ണ്ണാഭരണ നിര്‍മ്മാതാവും സര്‍വ്വോപരി ഗുരുവായൂരപ്പന്റെ ഭക്തനുമായ ശ്രീ.ബാബു,ദേവസ്വം അധികൃതരുമായി സംസാരിക്കുകയും, പത്രമാധ്യമങ്ങളില്‍ കാണിച്ചതായ മാല, നേരത്തെപറയപ്പെട്ടതുപോലെ അത് നാഗപടത്താലിയല്ല പകരം പുലിനഖമാലയാണ് എന്ന് അറിയിയ്ക്കുകയും ചെയ്തിട്ടുണ്ട്. പുലിനഖമാലയെക്കുറിച്ച്   നഷ്ടപ്പെട്ടമാലകളുടെ കൂട്ടത്തില്‍ പ്രസ്താവിച്ചിട്ടില്ലാത്തതിനാല്‍ അത്തരത്തിലുള്ള  ഒരു മാലകൂടി നഷ്ടപ്പെട്ടിട്ടുണ്ടോ എന്നു സംശയം ഉയര്‍ന്നിട്ടുണ്ട്. 

Wednesday, 2 April 2014

പുതൂർ ഉണ്ണികൃഷ്ണൻ ഓർമ്മയായി



         ദേശീയതലത്തില്‍ പ്രശസ്തനായ പ്രമുഖ മലയാള സാഹിത്യകാരന്‍
ഉണ്ണികൃഷ്ണന്‍ പുതൂര്‍ ഓര്‍മ്മയായി.കേരള സാഹിത്യ അക്കാദമി അവാര്‍ഡ്
ഉള്‍പ്പെടെ പല പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.ഗുരുവായൂര്‍ ദേവസ്വത്തില്‍ ജീവനക്കാരുടെ
സംഘടനയുണ്ടാക്കി വളരെക്കാളം അതില്‍ പ്രവര്‍ത്തിച്ചു.കഥകള്‍, നോവലുകള്‍
എന്നിവയാണ് കൃതികളില്‍ അധികവും.കവിതകള്‍ വളരെ കുറവാണ്.ഏറ്റവും അവസാനം
പ്രസിദ്ധീകൃതമായ കൃതി ഭക്തപ്രിയ മാസികയില്‍ വന്നഒരു കവിതയായിരുന്നു.

       പരുക്കന്‍ ആശയങ്ങള്‍ ജീവിതഗന്ധിയായി അവതരിപ്പിച്ചുകൊണ്ട്  വായനക്കാരുടെ
സമക്ഷം തനതായ ഒരു വായനാരീതിതന്നെ കൊണ്ടുവരാന്‍ പുതൂരിനായിട്ടുണ്ട്.ആനപ്പക,
ആട്ടുകട്ടില്‍, അമൃതമഥനം,ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

       ഗുരുവായൂരിലെ ‘ജാനകിസദനം’ എന്ന വീട്ടില്‍ ഇനി ആ ഒറ്റയാനില്ല.അദ്ദേഹത്തിന്റെ ചാരുകസേരയും പുസ്തകക്കൂമ്പാരങ്ങളും തങ്ങളുടെ രക്ഷിതാവ് വിട്ടുപോയല്ലോയെന്ന വിഷമത്താല്‍ കാലം കഴിച്ചുകൂട്ടും.