ഗുരുവായൂരിന്റെ ഓരോ നിമിഷത്തിനും മൂകസാക്ഷിയായിരുന്ന മഞ്ജുളാല്‍ ഇന്ന് ഉണങ്ങിത്തുടങ്ങിയിരിയ്ക്കുന്നു. നാഗരികതയുടെ കരാളഹസ്തത്തില്‍പ്പെട്ട്, വികസനത്തിന്റെ പേരുപറഞ്ഞ് സര്‍വ്വജ്ഞരായ ഉദ്യോഗസ്ഥവൃന്ദം ആലിനുചുറ്റും തറകെട്ടി ഭംഗിയാക്കി. വേരുകള്‍ക്ക് ദാഹജലം ലഭ്യമാകാത്ത അവസ്ഥ വരെ എത്തിയപ്പോള്‍ പതുക്കെ പതുക്കെ ആ വടവൃക്ഷം ഉണക്കത്തിലേയ്ക്ക് നീങ്ങുകയാണ്. ദേവസ്വം അധികാരികളുടെയും നഗരസഭാ അധികൃതരുടെയും ശ്രദ്ധയില്‍ പലതവണ ഇക്കാര്യം പെടുത്തിയിട്ടും അവര്‍ ഇതൊന്നും അറിഞ്ഞ മട്ടില്ല. ഉറങ്ങുന്നവരെയല്ലേ ഉണര്‍ത്താനൊക്കൂ!. ഇനിയും വൈകിയാല്‍, മഞ്ജുളയുടെ പരിദേവനം ശ്രവിച്ച്,ഭഗവാനുവേണ്ടി കെട്ടിയുണ്ടാക്കിയ മാല സ്വന്തം ശരീരത്തില്‍ ഏറ്റുവാങ്ങിയ ആ മഹാവൃക്ഷം കാലയവനികയ്ക്കുള്ളില്‍ മറയുമെന്നതിന് ആര്‍ക്കും സംശയം വേണ്ട. പുതുമഴയുടെ തലോടലാൽ വീണ്ടും ഈ ആലിന് തളിരിലകൾ പുറപ്പെടുവിക്കാൻ കഴിയുമെന്ന് പ്രത്യാശിക്കാം.
No comments:
Post a Comment