Friday, 25 April 2014

ഗുരുവായൂരപ്പന്റെ നഷ്ടപ്പെട്ട തിരുവാഭരണം മണിക്കിണറില്‍നിന്ന് ലഭിച്ചു..!!

                   29 വര്‍ഷം മുമ്പ് കാണാതായ, ഭഗവാന്റെ മൂന്ന് തിരുവാഭരണങ്ങളില്‍ ഒരെണ്ണവും
മറ്റൊന്നിന്റെ പൊട്ടിയ ചില കഷണങ്ങളും മണിക്കിണര്‍ വൃത്തിയാക്കുന്നതിനിടയില്‍
ലഭിച്ചു. 60ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണ നാഗപടത്താലിയാണ് ലഭിച്ചതെന്ന് അധികൃതര്‍
പറയുന്നു.നഷ്ടപ്പെട്ട മറ്റൊരു മാലയുടെ അവശിഷ്ടങ്ങള്‍ ലഭിച്ചതിന് ഏകദേശം 7  ഗ്രാം 
തൂക്കം വരും.
                 1985 ഏപ്രില്‍ ഒന്നാം തിയതി കക്കാട് ദാമോദരന്‍ നമ്പൂതിരിയില്‍ നിന്ന് തിയ്യന്നൂര്‍ കൃഷ്ണന്‍നമ്പൂതിരി ശാന്തിയേറ്റപ്പോഴാണ് കണക്കിലുണ്ടായിരുന്ന മൂന്ന് തിരുവാഭരണങ്ങള്‍ കാണാതായത്  ശ്രദ്ധയില്‍ പെടുന്നത്.അതിനെത്തുടര്‍ന്ന് വലിയ രാഷ്ട്രീയ കോളിളക്കങ്ങളും പോലീസ് അന്വേഷണങ്ങളും ഉണ്ടായെങ്കിലും തുമ്പുണ്ടാക്കാന്‍ പറ്റാതെ കേസ് അവസാനിപ്പിക്കുകയായിരുന്നു. ദാമോദരന്‍ നമ്പൂതിരിയെയും മകനെയും പ്രതികളാക്കി കേസ് നടന്നെങ്കിലും മകന്‍ കുറ്റക്കാരനല്ലെന്ന് കോടതി വിധി പ്രസ്താവിക്കുന്നത് കേള്‍ക്കാന്‍ അഛന് യോഗമുണ്ടായില്ല. അപമാന ഭാരത്താലും മാനഹാനിയാലും ഹൃദയം നൊന്ത് അദ്ദേഹം നേരത്തേ കാലം ചെയ്തു.

            45ഗ്രാം തൂക്കം വരുന്ന മഹാലക്ഷ്മി മാല,96ഗ്രാം തൂക്കം വരുന്ന കല്ലുകള്‍പതിച്ച ചങ്ങലമാല,60ഗ്രാം തൂക്കമുള്ള നാഗപടത്താലി എന്നിവയാണ് എന്നിവയാണ് നഷ്ടപ്പെട്ടതായി കണ്ടത്. അഷ്ടമംഗല്യപ്രശ്നത്തില്‍ തിരുവാഭരണം മണിക്കിണറ്റില്‍ത്തന്നെയുണ്ടെന്ന് ദൈവജ്ഞര്‍ വിധിയെഴുതിയെങ്കിലും അത് വറ്റിച്ചുനോക്കി കണ്ടുപിടിയ്ക്കാന്‍ അന്ന് ആര്‍ക്കും ധൈര്യമുണ്ടായില്ല.

           എന്നാല്‍ തിരുവാഭരണം ലഭിച്ചതിന്റെ പിറ്റേദിവസം ഗുരുവായൂരിലെ സമീപവാസിയും പാരമ്പര്യമായി സ്വര്‍ണ്ണാഭരണ നിര്‍മ്മാതാവും സര്‍വ്വോപരി ഗുരുവായൂരപ്പന്റെ ഭക്തനുമായ ശ്രീ.ബാബു,ദേവസ്വം അധികൃതരുമായി സംസാരിക്കുകയും, പത്രമാധ്യമങ്ങളില്‍ കാണിച്ചതായ മാല, നേരത്തെപറയപ്പെട്ടതുപോലെ അത് നാഗപടത്താലിയല്ല പകരം പുലിനഖമാലയാണ് എന്ന് അറിയിയ്ക്കുകയും ചെയ്തിട്ടുണ്ട്. പുലിനഖമാലയെക്കുറിച്ച്   നഷ്ടപ്പെട്ടമാലകളുടെ കൂട്ടത്തില്‍ പ്രസ്താവിച്ചിട്ടില്ലാത്തതിനാല്‍ അത്തരത്തിലുള്ള  ഒരു മാലകൂടി നഷ്ടപ്പെട്ടിട്ടുണ്ടോ എന്നു സംശയം ഉയര്‍ന്നിട്ടുണ്ട്. 

No comments:

Post a Comment