Monday, 21 November 2011

ചെമ്പൈ സംഗീത മഹോത്സവത്തിന് തിരശ്ശീല ഉയര്‍ന്നു


ഗുരുപവനപുരേശന്റെ സന്നിധിയില്‍ സംഗീതാര്‍ച്ചനയ്ക്ക് തുടക്കമായി.തിങ്കളാഴ്ച വൈകീട്ട് 6.30ന് 
ആരംഭിച്ച ഉദ്ഘാടന പരിപാടികള്‍ നിയമ സഭാസ്പീക്കറും മുന്‍ ദേവസ്വം മന്ത്രിയുമായ ശ്രീ.ജി.കാര്‍ത്തികേയന്‍ നിര്‍വ്വഹിച്ചു.ദേവസ്വം മന്ത്രി ശ്രീ.ശിവകുമാര്‍ ,ദേവസ്വം ചെയര്‍മാന്‍ ശ്രീ.ചന്ദ്രമോഹന്‍,ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍,ഭരണസമിതി അംഗങ്ങള്‍ , ഈ വര്‍ഷത്തെ ചെമ്പൈ പുരസ്കാര ജേതാവ് ശ്രീ എ.അനന്തപത്മനാഭന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഉദ്ഘാടന ചടങ്ങിനു ശേഷം ശ്രീ.അനന്തപത്മനാഭന്റെ ഉദ്ഘാടനക്കച്ചേരിയും ഉണ്ടായിരുന്നു.“വാതാപി ഗണപതിം” എന്ന പ്രശസ്ത കൃതിയോടെയായിരുന്നു തുടക്കം.പാവനഗുരു...
കരുണ ചെയ്‌വാന്‍...എന്നി കൃതികളും വീണയില്‍ പിറന്നപ്പോള്‍ ഭക്തജനങ്ങള്‍ കോള്‍മയിര്‍ കൊണ്ടു.ശ്രീ.അനന്തപത്മനാഭന്റെ പുത്രന്‍ ആനന്ദ് കൌശികും കൂടെ വായിച്ചു.തൃശ്ശൂര്‍ ജയകൃഷ്ണന്‍ മൃദംഗം,തൃപ്പൂണിത്തുറ രാധാകൃഷ്ണന്‍ ഘടം.

Tuesday, 8 November 2011

ഏകാദശി വിളക്ക്-മൂന്നാംദിവസം


ഗുരുവായൂര്‍ ജി.ജി.കൃഷ്ണയ്യര്‍വക വിളക്കായിരുന്നു ചൊവ്വാഴ്ച.രാവിലെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍
നെന്മാറ കണ്ണന്റെ നാദസ്വരക്കച്ചേരിയുണ്ടായിരുന്നു. രാവിലത്തെ കാഴ്ചശ്ശീവേലിയ്ക്ക് ‘ഇന്ദ്രസെന്‍’ തിടമ്പേറ്റി. ദീപാരാധനയ്ക്കു ശേഷം തൃപ്പൂണിത്തുറ രാമചന്ദ്രഭാഗവതരുടെ നേതൃത്വത്തില്‍
സമ്പ്രദായ ഭജനയും ഉണ്ടായിരുന്നു
.

Monday, 7 November 2011

ഏകാദശിവിളക്ക്-രണ്ടാം ദിവസം.


ക്ഷേത്രം പാരമ്പര്യപ്രവൃത്തിക്കാരായ പത്തുകാര്‍ വാരിയന്മാരുടെ വക ഏകാദശി ചുറ്റുവിളക്ക് തിങ്കളാഴ്ച നടന്നു. ചൊവ്വല്ലൂര്‍, വടക്കേപ്പാട്ട്,തിരുവെങ്കിടം വാരിയക്കാരാണ് പരിപാടികള്‍ക്ക് പ്രധാനമായും നേതൃത്വം വഹിച്ചത്.


രാവിലെ 7 മണി മുതല്‍ വൈകീട്ട് 10 മണിവരെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വിവിധ കലാപരിപാടികള്‍ നടന്നു.സുനില്‍ അരിമ്പൂരിന്റെ വക ക്ലാസ്സിക്കല്‍ ഡാന്‍സും, കുമാരി വന്ദനയുടെ ‘പാഠകവും’ ശ്രദ്ധേയമായിരുന്നു.

Sunday, 6 November 2011

ഏകാദശി വിളക്ക് ആരംഭിച്ചു.


2011 ഡിസംബര്‍ 6 ന് നടക്കുന്ന ഏകാദശി മഹോത്സവത്തോടനുബന്ധിച്ച് ഒരു മാസം
നീണ്ടുനില്‍ക്കുന്ന ഏകാദശിവിളക്ക് ക്ഷേത്രത്തില്‍ ആരംഭിച്ചു. ആദ്യവിളക്ക് പാലക്കാട്ട്,പറമ്പോട്ട് അമ്മിണിയമ്മ വകയായിരുന്നു.


നെയ്‌വിളക്കുകളുടെ പ്രഭയില്‍ വലിയകേശവന്‍ ഭഗവാന്റെ തിടമ്പേറ്റി.എഴുന്നള്ളിപ്പിനുശേഷം തട്ടില്‍ പണം വയ്ക്കുന്നതോടെ വിളക്കിന്റെ ചടങ്ങുകള്‍ സമാപിച്ചു.

Tuesday, 1 November 2011

ഗുരുവായൂര്‍ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 80 ആം വാര്‍ഷികം ആചരിച്ചു.

ഗുരുവായൂര്‍ ദേവസ്വം സത്രം വളപ്പില്‍ ഇപ്പോള്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രപ്രവേശനവിളംബര സ്തൂപത്തില്‍ പുഷ്പാര്‍ച്ചന നടത്തി, ഗുരുവായൂരിലെ ഗാന്ധിയന്‍‌മാരും സാംസ്കാരിക സാമൂഹ്യനായകരും ആ ദിനം സ്മരിച്ചു.

ദേവസ്വം ഭരണസമിതി മുന്‍ ചെയര്‍മാനും പ്രശസ്ത എഴുത്തുകാരനുമായ ശ്രീ.ഉണ്ണികൃഷ്ണന്‍ പുതൂര്‍
പ്രസ്തുത ചടങ്ങ് ഉദ്ഘാടനം ചെയ്തു.ഒട്ടേറെപ്പേര്‍ ചടങ്ങ് കാണാനും പങ്കെടുക്കാനും എത്തിയിരുന്നു.
ഗുരുവായൂര്‍ ദേവസ്വത്തിന്റെ വകയായും ഇത്തവണ അന്നുസ്മരണം ഉണ്ടായിരുന്നു.ദേവസ്വം ഭരണസമിതി അംഗങ്ങളും ജീവനക്കാരും ദീപം തെളിയിച്ച് പുഷ്പാര്‍ച്ചന നടത്തി.
 

ഗാന്ധിയനും ഗുരുവായൂരിലെ നിറസാന്നിദ്ധ്യവുമായിരുന്ന പുതുശ്ശേരി കുട്ടപ്പന്‍ മാസ്റ്ററുടെ ഭവനം സ്മാരകമായി സംരക്ഷിയ്ക്കാതെ ദേവസ്വം ഏറ്റെടുത്തതിലുള്ള പ്രതിഷേധവും വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നുകേട്ടു.