Friday, 29 July 2011

രാമായണ ഭക്തിപ്രഭാഷണം.





വെള്ളിയാഴ്ച വൈകീട്ട് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ശ്രീ.അച്യുതന്‍‌കുട്ടി-ഗുരുവായൂര്‍ ,ജടായുസ്തുതി എന്ന ഭാഗം വിശദീകരിച്ച് പ്രഭാഷണം നടത്തുകയുണ്ടായി.
ലോകത്തില്‍ ഏറ്റവും മനോഹരമായത് ഭഗവല്‍‌സ്വരൂപമാണ്. ധര്‍മ്മാര്‍ത്ഥകാമങ്ങള്‍ സാധാരണക്കാരന് പ്രാപ്യമാണെങ്കില്‍ മോക്ഷവും പ്രാപ്യമാണെന്ന് അദ്ദേഹം വിശദീകരിച്ചു.
സീതയെ അന്വേഷിയ്ക്കുന്നതിനിടെ ജടായുവിനെയും,പൂര്‍വ്വ ജന്മത്തില്‍ ഗന്ധര്‍വ്വനായിരുന്ന കബന്ധന്‍ എന്ന അസുരനെയും, രാമലക്ഷ്മണന്‍‌മാര്‍ കണ്ടുമുട്ടുന്നതും അവര്‍ക്ക് മോക്ഷപ്രാപ്തിയ്ക്കുള്ള വഴി തുറന്നുകിട്ടുന്നതും ഈ ഭാഗത്ത് വിശദീകരിയ്ക്കപ്പെട്ടു.

ഇടത്തിരിയത്തുകാവ് കോമരം വിട വാങ്ങി



ഗുരുവായൂര്‍ ഇടത്തിരിയത്തുകാവില്‍ വെളിച്ചപ്പാടായിരുന്ന അഴീയ്ക്കല്‍ ദാമോദരന്‍ നായര്‍ വിടവാങ്ങി.വ്യാഴാഴ്ച വൈകീട്ടായിരുന്നു അന്ത്യം.അറുപതിലേറെ വര്‍ഷം ഇദ്ദേഹം ഇടത്തിരിയത്തുകാവില്‍ വെളിച്ചപ്പാടായിരുന്നു.ചെറ്റ്യാലയ്ക്കല്‍ ക്ഷേത്രത്തിലും ഇദ്ദേഹം തന്നെയായിരുന്നു കോമരം.ക്ഷേത്രം വിളക്കുവെപ്പിന്റെ ചുമതലക്കാരനായിരുന്ന ഇദ്ദേഹത്തിന് ‘പാന’ എന്ന അനുഷ്ഠാനവും ഹൃദിസ്ഥമായിരുന്നു.

താലപ്പൊലി ദിനത്തില്‍ പറ ചൊരിയുമ്പോള്‍ ദേവിയുടെ ഭാവപ്പകര്‍ച്ചയോടെ ഭക്തരെ ആശീര്‍വ്വദിയ്ക്കുന്ന കോമരത്തിന്റെ രൂപം ഭക്തരുടെ മനസ്സില്‍ അതുപോലെ നിലനില്‍ക്കും.ഗുരുവായൂര്‍ താലപ്പൊലി സംഘവും ചെറ്റ്യാലയ്ക്കല്‍ ഭഗവതി ക്ഷേത്രം ട്രസ്റ്റും ഇദ്ദേഹത്തെ പുരസ്കാരം നല്‍കി ആദരിച്ചിട്ടുണ്ട്.

Wednesday, 27 July 2011

ഗുരുവായൂരില്‍ ബോംബ് ഭീഷണി



ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബുധനാഴ്ച ബോംബ് ഭീഷണിയുണ്ടായി.ഇംഗ്ലീഷിലുള്ള കത്ത്, ചെന്നൈയില്‍നിന്ന് സവായി എന്ന് പേരുള്ള ആളാണ്  അയച്ചിരിയ്ക്കുന്നത്.ദേവസ്വം ഓഫീസിലും ദേവസ്വം ക്വാര്‍ട്ടേഴ്സ്, പടിഞ്ഞാറേനട എന്നിവിടങ്ങളിലും, ഈ കത്ത് കിട്ടുന്ന ദിവസമോ അതിനടുത്ത ദിവസമോ സ്ഫോടനം നടത്തുമെന്നാണ് കത്തില്‍ പറയുന്നത്. ജയലളിത,നരേന്ദ്രമോഡി തുടങ്ങിയവരെയും  ആക്രമിയ്ക്കുമെന്ന് ഈ കത്തില്‍ പറയുന്നുണ്ട്.ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍  കത്ത് ഗുരുവായൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കൈമാറി.
തൃശ്ശൂരില്‍നിന്നെത്തിയ ബോംബ്സ്ക്വാഡും,ഡോഗ്‌സ്ക്വാഡും കര്‍ശന പരിശോധനകള്‍ നടത്തി. നാളെയും പരിശോധനകള്‍ തുടരുമെന്ന് അസി.കമ്മീഷണര്‍ അറിയിച്ചു.


ക്ഷേത്രത്തിന്റെ കിഴക്ക്,തെക്ക്,വടക്ക്,പടിഞ്ഞാറ് കവാടങ്ങളിലും,സത്രപ്പടി,പടിഞ്ഞാറേ നടപ്പന്തല്‍ ആരംഭിയ്ക്കുന്ന ഭാഗം,തെക്കേ നടപ്പന്തല്‍ ,കുളത്തിനു വടക്കേ ഗേറ്റ് എന്നിവിടങ്ങളിലും പരിശോധന കര്‍ശനമാക്കിയിരുന്നെങ്കിലും രാമകൃഷ്ണ ഹോട്ടലിനു തൊട്ടു കിഴക്കു വശത്തുള്ള ചെറിയ വഴിയില്‍ യാതൊരു പരിശോധനയും നടക്കുന്നതായി കണ്ടില്ല.

Tuesday, 26 July 2011

ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിന്റെ നിലവാരത്തകര്‍ച്ച




 ഗസ്റ്റ് ലക്ചര്‍മാരെന്നാല്‍ ഏറ്റവും കൂടുതല്‍ സമയം പഠിപ്പിയ്ക്കുകയും,ഏറ്റവും കുറവ് വേതനം വാങ്ങുകയും,എപ്പോള്‍ സ്ഥിരനിയമനം നടക്കുമോ അപ്പോള്‍ പുറത്തുപോകുകയും ചെയ്യേണ്ട ഒരു കൂട്ടം ആളുകളാണ്.പലപ്പോഴും ഇവരാണ് കുട്ടികളുടെ ഭാവി ഭദ്രമാക്കുന്നതിലും പരീക്ഷയ്ക്ക് ഉന്നതവിജയം കരസ്ഥമാക്കുന്നതിലും പ്രധാന പങ്ക് വഹിയ്ക്കുന്നത്.അതിനാല്‍ ഇത്തരക്കാരെ തെരഞ്ഞെടുക്കുമ്പോള്‍ യാതൊരു ശുപാര്‍ശയും വക വയ്ക്കാതെ വേണം തീരുമാനമെടുക്കാനെന്ന് വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ നിഷ്കര്‍ഷിയ്ക്കുന്നു. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ നടന്ന ഒരു ഗസ്റ്റ് ലക്ചര്‍ നിയമനത്തിന്റെചരിത്രം ഇങ്ങനെ.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴില്‍ അംഗീകൃത സ്വാശ്രയ കോഴ്സായാണ് ബയോകെമിസ്ട്രി ശ്രീകൃഷ്ണ കോളേജില്‍ പഠിപ്പിയ്ക്കുന്നത്.ആവശ്യത്തിന് അദ്ധ്യാപകരില്ലാത്തതിനാല്‍ ഗസ്റ്റ്ലക്ചര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.അപേക്ഷിച്ചതില്‍ 4 പേരെ അഭിമുഖത്തിനും സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനുമായി 20-07-2011 ന്‌ ക്ഷണിച്ചു.അതില്‍ ഒരാളെ ആദ്യം തന്നെ ഒഴിവാക്കി,കാരണം അവരുടെ P.G റിസല്‍റ്റ് അത്രയായിട്ടും publish ചെയ്തിരുന്നില്ല.

ബാക്കി 3 പേരില്‍ ഒരാള്‍ കോഴിക്കോട് ഏതോ നഴ്സിങ്ങ് കോളേജില്‍ പഠിപ്പിച്ചിരുന്നു.BSc-General Chemistry,MSc-Medical Biochemistry,എന്നിവയായിരുന്നു അവരുടെ യോഗ്യത.ഇതു രണ്ടും പഠിച്ച ഒരാള്‍ക്ക് BSc-Bio Chemistryയ്ക്ക് ക്ലാസ്സുകള്‍ നന്നായി കൈകാര്യം ചെയ്യാനാകില്ലെന്ന് ഈ രംഗത്തുള്ള അദ്ധ്യാപകര്‍ തന്നെ സമ്മതിയ്ക്കുന്നു.

രണ്ടാമത്തെയാള്‍ കുന്നംകുളത്തിനടുത്തുള്ള Royal college ല്‍ നിന്ന് MSc- Biochemistryപാസ്സായിട്ടുള്ളതാണ്.കോഴ്സിന്റെ ഗുണ നിലവാരം കൊണ്ടോ എന്തോ...ആ കോളേജില്‍ ഇപ്പോള്‍ Biochemistry കോഴ്സ് തന്നെ നടത്തപ്പെടുന്നില്ല.


മൂന്നാമത്തെയാള്‍ BSc-Bio-Chemistry, ശ്രീകൃഷ്ണകോളേജില്‍ത്തന്നെ പഠിച്ചതാണ്.തമിഴ്നാട്ടിലെ Kovai Medical Centre ന് കീഴിലുള്ള പ്രശസ്ത കോളേജായ Dr.NGP കോളേജില്‍നിന്ന്  MSc- Biochemistry പാസ്സായതാണ് ഇവര്‍ .
ഇന്റര്‍വ്യൂ കഴിഞ്ഞ് തെരഞ്ഞെടുത്തത്,രണ്ടാമത്തെയാളെയാണ്.
ശ്രീകൃഷ്ണയില്‍ത്തന്നെ പഠിച്ചവര്‍ക്ക് കോഴ്സും കോളേജിന്റെ പള്‍സും വ്യക്തമായറിയാം.അങ്ങനെയുള്ള മൂന്നാമനെ തെരഞ്ഞെടുക്കുന്നതിന് പകരം മാനേജ്മെന്റിന്റെയും അദ്ധ്യാപകരുടേയും താല്പര്യപ്രകാരം, കഴിവു കുറഞ്ഞ ആളെ നിയമിയ്ക്കുന്ന രീതിയാണ് ഉണ്ടായത്.


സ്വാശ്രയമേഖലയിലെ കോഴ്സുകളെല്ലാം ആയിരക്കണക്കിന് രൂപ ഫീസ് ഈടാക്കിയാണ് നടത്തുന്നത്.ആ പൈസയ്ക്കുള്ള മൂല്യം പോലും അവര്‍ക്ക് നല്‍കാന്‍ കോളേജ് അധികൃതര്‍ തയ്യാറാകുന്നില്ല.ഇത്തരത്തിലുള്ള ആളുകള്‍ കുട്ടികളെ പഠിപ്പിയ്ക്കുമ്പോള്‍ എത്രമാത്രം അറിവ് കുട്ടികളിലെത്തുമെന്ന് കണ്ടറിയണം. അദ്ധ്യാപകര്‍ , മാനേജിങ്ങ് കമ്മിറ്റിയിലെ ആളുകള്‍ എന്നിവര്‍ക്ക് വിദ്യാഭ്യാസത്തെക്കുറിച്ചും അതിന്റെ മൂല്യത്തെക്കുറിച്ചും “നന്നായി” അറിയാമെന്ന് മനസ്സിലാക്കേണ്ടിയിരിയ്ക്കുന്നു.


 Another Relevant Topic On Quality Education Here:
http://collegesofkeralam.blogspot.com/2011/06/unicorns-international.html








Sunday, 24 July 2011

മരപ്രഭുവിന്റെ പ്രഭാമണ്ഡലത്തില്‍ ബ്രാഹ്മിലിപിയില്‍ മൂലമന്ത്രം.


ശ്രീവത്സം ഗസ്റ്റ്‌ഹൌസ് കോമ്പൌണ്ടില്‍ സ്ഥാപിതമായിട്ടുള്ള മരപ്രഭുശില്പത്തിന് പ്രഭാമണ്ഡലം വയ്ക്കുന്ന ജോലി പൂര്‍ത്തിയാകുന്നതിനിടെ,അതില്‍ ബ്രാഹ്മി ലിപിയില്‍ മൂലമന്ത്രം ആലേഖനം ചെയ്ത ചെമ്പ്തകിട് സ്ഥാപിയ്ക്കപ്പെട്ടു.ശില്പി ശ്രീ.രാമചന്ദ്രന്റെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്.ഗുരുവായൂര്‍ ക്ഷേത്രം ചുമര്‍ചിത്ര പഠനകേന്ദ്രം പ്രിന്‍സിപ്പല്‍ ശ്രീ.കൃഷ്ണകുമാറാണ് ഈ ലിഖിതം സംഘടിപ്പിച്ചത്.ബ്രാഹ്മി ലിപിയിലേയ്ക്കുള്ള ഭാഷാന്തരം കോഴിക്കോട് സര്‍വ്വകലാശാല മലയാളവിഭാഗം മേധാവി ഡോ.എസ്.പവിത്രന്‍ നിര്‍വ്വഹിച്ചു.

പ്രഭാമണ്ഡലത്തിന്റെ പണി ഏകദേശം പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ ഇനി ആഗസ്റ്റ് ഒന്നിന് മഹാഘൃതങ്ങളും ഔഷധക്കൂട്ടുകളും അതില്‍ നിറയ്ക്കും.

Monday, 18 July 2011

ഗുരുവായൂരില്‍ രാമായണമാസാചരണം ആരംഭിച്ചു


ഭഗവദ്സന്നിധിയില്‍ രാമായണ മാസാചരണവും ഭക്തിപ്രഭാഷണ പരമ്പരയും ആരംഭിച്ചു.മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ 6 മണി മുതല്‍ രാമായണ പാരായണവും പ്രഭാഷണവും
തുടങ്ങി. പുരാതന തറവാട്ടു കൂട്ടായ്മ ആഭിമുഖ്യത്തില്‍ രാവിലെ മുതല്‍ കൂട്ടാ‍യ്മയിലെ എല്ലാ വീടുകളിലും കയറിയിറങ്ങി പ്രത്യേക സംഘങ്ങള്‍ രാമായണ പാരായണം ആരംഭിച്ചു.


രാമായണത്തിന്റെ വെളിച്ചം ജീവിതത്തില്‍ വീശിയാല്‍ അത് ഓരോ മനുഷ്യന്റെയും പുരോഗതിയ്ക്ക് കാരണമാകും.ജീവിതവിജയത്തിന്, രാമായണതത്വങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടതിന്റെ ആവശ്യകത ഈ രാമായണമാസത്തിലെങ്കിലും നമ്മുടെ മനസ്സില്‍ ഉറപ്പിയ്ക്കേണ്ടതാണ്.വിവിധക്ഷേത്രങ്ങളില്‍ കര്‍ക്കിടകമാസം മുഴുവന്‍ ഭക്തിപ്രഭാഷണപരമ്പര നടക്കും.


ഞായറാഴ്ച മേല്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ശ്രീ. എ.കെ.ബി.നായരുടെ രാമായണഭക്തിപ്രഭാഷണം വൈകീട്ട് 7 മണിയ്ക്ക് നടന്നു.തിങ്കളാഴ്ച വൈകീട്ട് ഓഡിറ്റോറിയത്തില്‍ കാഞ്ഞങ്ങാട് ശ്രീ.രവീന്ദ്രന്‍ മാസ്റ്ററുടെ ഭക്തിപ്രഭാഷണം ഉണ്ടായി.വൈകീട്ട് 7 മുതല്‍ 8 മണി വരെ ഇത് നീണ്ടു നിന്നു.സരളമായ ഭാഷയില്‍ രാമായണ തത്വങ്ങള്‍ അദ്ദേഹം വിശദീകരിച്ചു.

Friday, 15 July 2011

ഗുരുവായൂര്‍ ക്ഷേത്രത്തിലെ സുരക്ഷ ശക്തമാക്കി



മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ സുരക്ഷ ശക്തമാക്കാന്‍ പോലീസിന്റെയും ദേവസ്വം അധികൃതരുടെയും യോഗം തീരുമാനിച്ചു. ഐ.ജി.,ബി.സന്ധ്യയുടെ അദ്ധ്യക്ഷതയിലാണ് യോഗം നടന്നത്.ക്ഷേത്രത്തിന്റെ സുരക്ഷയ്ക്കായി കൂടുതല്‍ പോലീസുകാരെ വിന്യസിയ്ക്കാനും,cctv കാമറകള്‍ വേണ്ടവിധം പ്രവര്‍ത്തിപ്പിയ്ക്കാനും തീരുമാനമായി.

Y-ആകൃതിയില്‍ ക്ഷേത്രത്തിനു ചുറ്റും മുള്ളുവേലി തീര്‍ക്കാനും ആലോചിയ്ക്കുന്നുണ്ട്.ബോംബ് പോലുള്ള വസ്തുക്കള്‍ വലിച്ചെറിയുന്നതില്‍നിന്ന് ഇത് ക്ഷേത്രത്തിന് സംരക്ഷണം നല്‍കുമെന്നാണ് കരുതുന്നത്.പോലീസിലെ വിവിധ ദ്രുത കര്‍മ്മ വിഭാഗങ്ങള്‍ക്കും തീവ്ര ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഐ.ജി.അറിയിച്ചു.

Wednesday, 13 July 2011

പ്രഭുദേവയും നയന്‍‌താരയും ഗുരുവായൂരില്‍


ഭഗവാനുമുമ്പില്‍ തൊഴുകൈകളുമായി തമിഴ്ചലച്ചിത്ര താരം പ്രഭുദേവ.വളരെ രഹസ്യമായ സന്ദര്‍ശനമായിരുന്നു പ്രഭുദേവ നയന്‍‌താര ജോഡികളുടെ.ശ്രീകോവിലിനു മുമ്പില്‍ പട്ടുവിരിച്ച് കദളിപ്പഴവും പണവും താലിയുമാണ് പ്രഭുദേവ സമര്‍പ്പിച്ചത്. വിവാഹത്തിനു മുമ്പ് ഭഗവാന്റെ അനുഗ്രഹം തേടാനുള്ള വരവാണിതെന്നാണ് വ്യാഖ്യാനം.നയന്‍‌താര കാറില്‍ത്തന്നെ ഇരുന്നതേയുള്ളൂ.
ഗുരുവായൂരപ്പന്റെ പ്രസാദവും തീര്‍ത്ഥവും നല്‍കി മേല്‍ശാന്തി അദ്ദേഹത്തെ അനുഗ്രഹിച്ചു. നയന്‍‌താര അരിയന്നൂരില്‍ വാങ്ങിയ മേല്‍ത്തരം വില്ലയിലും ഇരുവരും അല്പസമയം ചെലവഴിച്ചു.


തൊട്ടുമുന്‍പത്തെ ദിവസമാണ് നടി ജയപ്രദ ഭഗവാനെ ദര്‍ശിച്ച് പ്രാര്‍ത്ഥിയ്ക്കാന്‍ എത്തിയത്.സിനിമാ നടീനടന്‍‌മാര്‍ ഗുരുവായൂര്‍ സന്ദര്‍ശിയ്ക്കുന്നത് സാധാരണമായിരുന്നുവെങ്കിലും ഈയിടെ സിനിമാക്കാരുടെ മനസ്സ് വല്ലാതെ കലുഷിതമാകുന്നു ണ്ടെന്നുവേണം അനുമാനിയ്ക്കാന്‍.

Saturday, 2 July 2011

ഗുരുവായൂരില്‍ ആനകള്‍ക്ക് സുഖചികിത്സ


ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനുകീഴിലുള്ള പുന്നത്തൂര്‍ ആനക്കോട്ടയില്‍ ആണ് ചികിത്സ.ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ ,ജൂലൈ 1ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
63 ആനകളില്‍ നീരിലായ 18 എണ്ണത്തിനെ ഒഴിവാക്കി ബാക്കിയുള്ളവയ്ക്കാണ് ചികിത്സ നല്‍കുന്നത്.പ്രമുഖ വെറ്ററിനറി ഡോക്ടര്‍മാരുടേയും വൈദ്യമഠം,അവണപ്പറമ്പ് തുടങ്ങിയ പ്രഗത്ഭമതികളായ ആയുര്‍വ്വേദ ചികിത്സകരുടേയും മേല്‍നോട്ടത്തിലാണ് ചികിത്സ.
‘നീരാട്ടി’നുശേഷം ആനകളെ ഊട്ടുതറയിലെത്തിച്ച് അവയ്ക്ക്, ആയുര്‍വ്വേദമരുന്നുകള്‍ , അലോപ്പതി മരുന്നുകള്‍ ,പ്രത്യേകം തയ്യാറാക്കിയ മരുന്നുരുള ,ച്യവനപ്രാശം,അഷ്ടചൂര്‍ണ്ണം എന്നിവ നല്‍കുന്നു.ഇങ്ങനെ ഒരു മാസം നീളുന്നതാണ് ചികിത്സാക്രമം.


നീരിലുള്ളവയെ അഴിയ്ക്കുന്ന മുറയ്ക്ക് അവയ്ക്കും ചികിത്സ ലഭ്യമാക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.