ചൊവ്വാഴ്ച രാത്രി 10.45 മണിയോടുകൂടിയാണ് തിടപ്പള്ളിയുടെ തെക്കു കിഴക്കേമൂലയാണ് അഗ്നിയ്ക്കിരയായത്.രാത്രി 8.30 മണിയോടെ ക്ഷേത്രം അടച്ചുപോയ ജീവനക്കാര്‍ പിന്നീട് 10.45
മണിയ്ക്ക് ക്ഷേത്ര അഗ്നിബാധയെക്കുറിച്ച് കേട്ടാണ് ഓടിവരുന്നത്.കുന്നംകുളത്തുനിന്നും ഗുരുവായൂര്‍ നിന്നും അഗ്നിശമനയൂണിറ്റുകള്‍ എത്തി ഏകദേശം 1 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീയണച്ചു.തേക്കിന്റെയും മറ്റും തടിയില്‍ തീര്‍ത്ത മേല്‍ക്കൂര വളരെ പെട്ടെന്നുതന്നെ കത്തുന്നുണ്ടായിരുന്നു.
പ്രമുഖ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകരും പോലീസും സംഭവം വിലയിരുത്തുകയും മേല്‍നടപടികള്‍ സ്വീകരിയ്ക്കുകയും ചെയ്തു.തിടപ്പള്ളിയില്‍ അബദ്ധത്തില്‍ വീണുപോയ കനലില്‍നിന്നോ മറ്റോ ആകാം തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.അട്ടിമറി സാദ്ധ്യതകള്‍ കുറവാണെന്ന്
ഫോറന്‍സിക് വിഭാഗവും വിലയിരുത്തി.
ഗുരുവായൂര്‍ ക്ഷേത്രത്തേക്കാള്‍ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ചൊവ്വല്ലൂര്‍ ക്ഷേത്രം അഗ്നിബാധയ്ക്കിരയായത്, ശുഭ ലക്ഷണമെന്ന് ചിലരും അശുഭമെന്ന് മറ്റു ചിലരും അഭിപ്രായപ്പെട്ടു.
ക്ഷേത്രം തന്ത്രിയും ഊരാളനും ബുധനാഴ്ച ക്ഷേത്രത്തിലെത്തി പുണ്യാഹവും ശുദ്ധികലശവും നടത്തി.കാണിപ്പയ്യൂര്‍ ഉണ്ണി നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ പുനരുദ്ധാരണ ചടങ്ങുകള്‍ ആരംഭിച്ചു.
ഇന്ന് പള്ളിവേട്ടയായിരുന്നു. സ്വര്‍ണ്ണത്തിടമ്പ് കൊടിമരത്തിനു സമീപം എഴുന്നള്ളിച്ചുവച്ചു.ഭഗവാന്റെ ഗ്രാമ പ്രദക്ഷിണത്തിന് അനേകായിരങ്ങള്‍ സാക്ഷ്യം വഹിച്ചു.നിറപറകള്‍ ചൊരിഞ്ഞ്
ഭക്തവൃന്ദം ഭഗവാനെ വരവേറ്റു. വലിയകേശവന്റെ പുറത്ത് തിടമ്പേറ്റി വാദ്യകലാകാരന്മാരുടെഅകമ്പടിയോടെ ഗ്രാമപ്രദക്ഷിണം നടന്നു.
പ്രദക്ഷിണം കഴിഞ്ഞ് പള്ളിവേട്ടയായി.നന്ദിനിയുടെ പുറത്ത് തിടമ്പേറ്റിയായിരുന്നു പള്ളിവേട്ട. കുതിര,കോഴി,മാന്‍,കരടി, പൂമ്പാറ്റ,തുടങ്ങി ഒട്ടേറെ വേഷങ്ങള്‍ ഇത്തവണ ഉണ്ടായിരുന്നു. ദേവസ്വം പന്നിയായി ഇത്തവണയും വേഷം കെട്ടിയത്, മഠത്തില്‍ രാധാകൃഷ്ണന്‍ തന്നെയായിരുന്നു. പാരമ്പര്യ അവകാശി,
“പന്നിമാനുഷര്‍ ഹാജരുണ്ടോ?” എന്ന് ചോദിച്ച് 3 തവണ ശംഖ് വിളിയ്ക്കുന്നതോടെ പള്ളിവേട്ട ആരംഭിച്ചു.എല്ലാ വേഷങ്ങളും അകത്തുകയറിക്കഴിഞ്ഞ് ഭഗവാനും അകത്ത് പ്രവേശിച്ചു. പിന്നീട് 9 പ്രദക്ഷിണം നടന്നു.
പ്രദക്ഷിണശേഷം പന്നിയെ ഭഗവാന്‍ വേട്ടയാടിപ്പിടിച്ചതായി സങ്കല്‍പ്പിച്ച് പള്ളിവേട്ട അവസാനിപ്പിച്ച് ഭഗവാനെ പള്ളിക്കുറുപ്പിനായി നമസ്കാര മണ്ഡപത്തിലേയ്ക്ക് കൊണ്ടുവന്നു.പിന്നീട് യാതൊരു ശബ്ദവും ക്ഷേത്രമതില്‍ക്കകത്ത് ഉണ്ടാകാന്‍ പാടില്ല. നാഴികമണിയും അടിയ്ക്കാറില്ല. രാവിലെ പള്ളിയുണര്‍ത്തുന്നതോടെയാണ് ആറാട്ടു ചടങ്ങുകള്‍ ആരംഭിയ്ക്കുക.
ശ്രീ.അമ്പലപ്പുഴ വിജയകുമാര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ അഷ്ടപദി ആലാപനം നടത്തി.‘ക്ഷേത്രോത്സവവും വേദാന്ത ദര്‍ശനവും’ എന്ന വിഷയത്തില്‍ ശ്രീ.കെ.ടി.ഹരിദാസ്
പ്രഭാഷണം നടത്തി.ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടനഭൂഷണം ഗായത്രി സുബ്രഹ്മണ്യത്തിന്റെ നൃത്തതരംഗവും ഈ ദിനത്തിന് മാറ്റു കൂട്ടി.
പ്രശസ്ത വയലിനിസ്റ്റ് ഡോ.നര്‍മ്മദയുടെ വയലിന്‍ കച്ചേരി വൈകീട്ട് ഓഡിറ്റോറിയത്തില്‍ നടന്നു. വാതാപിയും, ഗണേശ സ്തുതികളും വയലിനില്‍ വിരിഞ്ഞപ്പോള്‍ കേള്‍വിക്കാര്‍ പുളകമണിഞ്ഞു.
രാത്രി 8 മണിയോടെ പ്രശസ്ത സിനിമാതാരം കാവ്യാമാധവന്റെ നൃത്തനൃത്യങ്ങള്‍ ഉണ്ടായി.
തന്റെ ദേശത്തുള്ള എല്ലാ പേരെയും കഴിഞ്ഞ 7 ദിവസമായി ഊട്ടിയ ഭഗവാന്‍ ഇന്ന് അവര്‍ക്കെല്ലാം വിഭവ സമൃദ്ധമായ സദ്യ നല്‍കി.പായസമടക്കം എല്ലാം കഴിച്ച് സംതൃപ്തരായി ഭക്തര്‍ മടങ്ങി.
ഇന്നലെ (6ആം വിളക്ക്) മുതല്‍ ഭഗവാന്‍ സ്വര്‍ണ്ണക്കോലത്തിലാണ് എഴുന്നള്ളുന്നത്. ഇനി
പള്ളിവേട്ടയും ആറാട്ടും ദിവസങ്ങളിലും ഭഗവാന്‍ സ്വര്‍ണ്ണക്കോലത്തിലാണ് എഴുന്നള്ളുക.
രാവിലെ ശ്രീ.എം.പി.വിനോദാണ് ഇന്ന് അഷ്ടപദി ആലപിച്ചത്.തുടര്‍ന്ന് “ഹരിനാമകീര്‍ത്ത
നത്തിലെ ഭക്തി” എന്ന വിഷയത്തെ അധികരിച്ച് ശ്രീ.ചൂണ്ടല്‍ അരവിന്ദന്‍ പ്രഭാഷണം നടത്തി.
യോഗവിദ്യയുടെ വിവിധ തലങ്ങളെക്കുറിച്ച് നമ്മെ ബോധവല്‍ക്കരിയ്ക്കുന്ന യോഗാമൃതം എന്ന
പരിപാടി ശ്രീമതി.സ്വാതി.കെ.മോഹനും സീതാലക്ഷ്മിയും ചേര്‍ന്ന് അവതരിപ്പിച്ചു.
പിന്നീട് ഉച്ചവരെ ആലുവ തെക്കേവാഴക്കുളം കാവ്യകലാകേന്ദ്രം അവതരിപ്പിച്ച ‘ഭക്സ്ത്ശ്ലോകകാവ്യമഞ്ജരി’യായിരുന്നു.
ഉച്ചയ്ക്ക് ഗുരുവായൂര്‍ ദേവസ്വം സ്റ്റാഫ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ
കലാപരിപാടികള്‍ അരങ്ങേറി.
വൈകുന്നേരം 4 മണി മുതല്‍ കടയനല്ലൂര്‍ രാജഗോപാലും സംഘവും അവതരിപ്പിച്ച സാമ്പ്രദായിക ഭജന നടന്നു.
രാത്രി 8.45 മണിയോടെ സിനിമ പിന്നണി ഗായകന്‍ എം.ജി.ശ്രീകുമാറിന്റെ ഭക്തിഗാന സുധ നടന്നു.
ഇന്ന് ഭഗവല്‍ സന്നിധിയില്‍ അഷ്ടപദി പാടാന്‍ എത്തിയത് ‘വെള്ളാട്ട് പ്രദീപ്’ ആയിരുന്നു.
അതിനുശേഷം ഡോ.അരവിന്ദാക്ഷമേനോന്റെ ആദ്ധ്യാത്മിക പ്രഭാഷണം അരങ്ങേറി.ക്ഷേത്രാചാരങ്ങളേക്കുറിച്ച് സാധാരണക്കാരന് അറിവു നല്‍കുന്ന തരത്തിലുള്ളതായിരുന്നു ആ പ്രഭാഷണം.തീര്‍ത്ഥം എങ്ങനെ സേവിയ്ക്കണമെന്നും തൊടുകുറി എങ്ങനെ ഇടണമെന്നും,പുഷ്പം എങ്ങനെചൂടണമെന്നുമെല്ലാം അദ്ദേഹം സവിസ്തരം പറഞ്ഞു.
11.15ഓടുകൂടി ചെട്ടിക്കുളങ്ങര കുത്തിയോട്ട കലാക്ഷേത്രം വക ‘കുത്തിയോട്ടപ്പാട്ടും ചുവടും’ അവതരിപ്പിയ്ക്കപ്പെട്ടു. വി.വിജയരാഘവക്കുറുപ്പും സംഘവുമായിരുന്നു അവതരണം.
2.15ഓടുകൂടി കലാപ്രതിഭ,പറവൂര്‍ അരുണ്‍ ആര്‍ കുമാറിന്റെ ഓട്ടന്‍തുള്ളല്‍ നടന്നു.‘കല്യാണസൌഗന്ധികം’ അന്വേഷിച്ചുപോകുന്ന ഭീമന്റെ വഴിമുടക്കി കിടന്ന വയസ്സന്‍ കുരങ്ങന്റെ ഉപദേശങ്ങളും, ഭീമന്റെ ആക്രോശങ്ങളും എല്ലാം മനോഹരമായി അരുണ്‍ അവതരിപ്പിച്ചു.
3 മണിയ്ക്കാരംഭിച്ച ഹീരാ നമ്പൂതിരിയുടെ നങ്ങ്യാര്‍കൂത്ത് വളരെ ശ്രദ്ധയാകര്‍ഷിച്ചു.
4.15ഓടുകൂടി ശ്രീ.മണക്കാട് ഗോപനും സംഘവും അവതരിപ്പിച്ച ഭക്തിഗാനമേളയും നടന്നു.
അതിനുശേഷം നടന്ന പുല്ലാങ്കുഴല്‍ കച്ചേരിയിലൂടെ പ്രമുഖ പുല്ലാങ്കുഴല്‍ വിദഗ്ദന്‍ പണ്ഡിറ്റ്.റോണു മജുംദാറും സംഘവും അനുവാചകരെ മറ്റൊരു ലോകത്തിലെത്തിച്ചു.
രാത്രി 8 ന് ആരംഭിച്ച സംഗീത ഫ്യൂഷനും ശ്രദ്ധേയമായി.കീ ബോര്‍ഡില്‍ പ്രകാശ് ഉള്ള്യേരിയും ഡ്രംസില്‍ മാസ്റ്റര്‍ സിദ്ധാര്‍ത്ഥും ശബ്ദവിസ്മയം തീര്‍ത്തു.
രാത്രി 10നു ശേഷം കൃഷ്ണനാട്ടത്തിലെ വിവിധ ദൃശ്യങ്ങള്‍ ,ക്ഷേത്രം കലാനിലയം വകയായി അവതരിപ്പിച്ചു.
ഇന്ന് ജയദേവ അഷ്ടപദിയുടെ മാസ്മരികതയോടെ മേല്‍പ്പത്തൂര്‍ മണ്ഡപമുണര്‍ന്നപ്പോള്‍ ശ്രീ .'ജ്യോതിദാസ് കൂടത്തിങ്കല്‍ ' ഭക്തിരസത്തോടെ അഷ്ടപദി ആലപിയ്ക്കുകയായിരുന്നു.
‘ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈന്റിഫിക് ഹെറിറ്റേജ് ’ ന്റെ മേധാവി,ശ്രീ.എന്‍.ഗോപാലകൃഷ് ണന്റെ ‘ശ്രീകൃഷ്ണ സന്ദേശം ശാസ്ത്രയുഗത്തില്‍ ’ എന്ന വിഷയം പ്രതിപാദിച്ചുകൊണ്ടുള്ള
ആദ്ധ്യാത്മിക പ്രഭാഷണം ഓഡിറ്റോറിയത്തില്‍ അരങ്ങേറി. ശ്രീകൃഷ്ണന്‍ എന്ന വ്യക്തിയും ദൈവസങ്കല്പവും സ്വയം കണ്ടെത്തലുമെല്ലാം അതിലെ വിഷയങ്ങളായി.
അപര്‍ണ്ണ ശര്‍മ്മയുടെ ഭരതനാട്യവും ശ്രീകൃഷ്ണ ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥികളവതരിപ്പിച്ച വിവിധ കലാപരിപാടികളും ക്ഷേത്രനഗരിയെ ആസ്വദിപ്പിച്ചു.
വൈകുന്നേരം 4.30 മണിയോടെ ശ്രീ.തിരുവിഴ ജയശങ്കറും സംഘവും അവതരിപ്പിച്ച നാദസ്വരക്കച്ചേരി നടന്നു.പിന്നീട് ചെന്നൈയിലെ ലീഡിങ്ങ് സിംഗറായ ഡോ.സൌമ്യയുടെ
സംഗീതക്കച്ചേരി അരങ്ങേറി.‘വാതാപി’ യില്‍ തുടങ്ങി ശാസ്ത്രീയ സംഗീതത്തിന്റെ ആഴത്തിലേയ്ക്ക് ഇറങ്ങി, അവരുടെ കച്ചേരി.
രാത്രി 8 മണീയോടെ ശ്രീ.ചിത്തിരത്തിരുനാള്‍ സ്മാരക സംഗീത നാട്യ കലാകേന്ദ്രം തിരുവനന്തപുരം അവതരിപ്പിച്ച നൃത്തനൃത്യങ്ങളും ഉണ്ടായിരുന്നു.
പതിവുപോലെ അഷ്ടപദി കേട്ടുകൊണ്ടുകൊണ്ടുതന്നെയാണ് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയം ഉണര്‍ന്നത്.വടക്കേപ്പാട്ട് പ്രദീപിന്റേതായിരുന്നു അവതരണം.തുടര്‍ന്ന് ഡോ.പൂജപ്പുര കൃഷ്ണന്‍
നായരുടെ ആദ്ധ്യാത്മിക പ്രഭാഷണം ഉണ്ടായിരുന്നു.
വൈകുന്നേരം നാലുമണി മുതല്‍ ‘ജയവിജയ’ ജയനും സംഘവും അവതരിപ്പിച്ച ഭക്തിഗാനസുധ നടന്നു.ശ്രീ.ഉദയന്‍,ശ്രീമതി സംഗീത എന്നിവര്‍ കൂടെ പാടി.‘വണ്ടിപ്പെരിയാറും മേടും’,
‘ശ്രീകോവില്‍ നട തുറന്നു’ തുടങ്ങിയ ഗാനങ്ങള്‍ ഘനഗംഭീര ശബ്ദത്തില്‍ ശ്രീ.ജയന്‍ ആലപിച്ചു.
രാത്രി 8 മണിയ്ക്കു ശേഷം ശ്രീമതി.ആശ ശരത്തും സംഘവും അവതരിപ്പിച്ച നൃത്തനൃത്യങ്ങള്‍ അരങ്ങേറി.ജ്ഞാനപ്പാനയെയും സ്വാതിതിരുനാള്‍ കൃതികളെയും അധികരിച്ച് ചിട്ടപ്പെടുത്തിയ ഗാനശകലങ്ങള്‍ക്കൊപ്പം അവര്‍ ചുവടുവച്ചു.
ഭഗവാന്റെ തിരുവുത്സവം മൂന്നാം ദിവസം ഗംഭീര പരിപാടികള്‍ അരങ്ങേറി.ശ്രീമാന്‍ ഗുരുവായൂര്‍ എം.പി.വിനോദിന്റെ മധുരോദാരമായ ശബ്ദത്തില്‍ അഷ്ടപദി ആലാപനത്താല്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലെ പരിപാടികള്‍ ആരംഭിച്ചു.ശേഷം “ക്ഷേത്രസങ്കല്പം” എന്ന വിഷയത്തെ അധികരിച്ച് ശ്രീമാന്‍.എല്‍ .ഗിരീഷ് കുമാറിന്റെ ആദ്ധ്യാത്മികപ്രഭാഷണം നടന്നു. ഇതില്‍ ക്ഷേത്രമെന്നാല്‍
ദേവന്റെ ആവാസകേന്ദ്രമാണെന്നും അത് സ്വന്തം ശരീരവുമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ആയിരക്കണക്കിന് ഭക്തരാണ് കഞ്ഞിയും മുതിരപ്പുഴുക്കും ഉച്ചയോടെ ഭക്ഷിച്ച് തൃപ്തരായത്.വൈകുന്നേരത്തിന് പ്രത്യേകമായി തയ്യാറാക്കിയ മോരുകറിയും ഓലനും കൂട്ടിയ ചോറും.എല്ലാം ബഹു കേമം തന്നെ.
വൈകുന്നേരം 6 മുതല്‍ രാത്രി 8 വരെ പണ്ഡിറ്റ് രമേശ് നാരായണന്റെ നേതൃത്വത്തില്‍ ‘ജുഗല്‍ബന്ദി’ അരങ്ങേറി.മുംബൈ രവീന്ദ്രാചാരിയുടെ സിത്താറും അക്ഷരാര്‍ത്ഥത്തില്‍
അനുവാചകരെ പുളകമണിയിച്ചു.
രാത്രി 9 മണിയോടുകൂടി ‘ഓച്ചിറ കേരള’ യുടെ 50ആമത് ബാലെ “ചോറ്റാനിക്കരയിലെ യക്ഷിയമ്മ” സ്റ്റേജില്‍ അവതരിപ്പിയ്ക്ക പ്പെട്ടു.വളരെ മികവുറ്റ അവതരണമായിരുന്നു ഈ ബാലെയുടേത്.
രാത്രി ശ്രീഭൂതബലിയ്ക്കു ശേഷം ഭഗവാന്‍ പഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളി.കാണിയ്ക്കയിട്ടുതൊഴാന്‍ അനേകര്‍ എത്തിയിരുന്നു.
ഇന്ന് ക്ഷേത്ര നടയില്‍ അരിപ്പൊടി,മഞ്ഞപ്പൊടി,പച്ചപ്പൊടി എന്നിവ ഉപയോഗിച്ചുള്ള ‘അഷ്ടനാഗക്കള’വും ദൃശ്യമായിരുന്നു.
ഇന്ന് രാവിലെ ഉത്സവത്തിന്റെ ഭാഗമായി ദിക്കുകൊടികള്‍ സ്ഥാപിയ്ക്കല്‍ നടന്നു.ഉച്ചയ്ക്ക് കൂത്തമ്പലത്തില്‍ ചാക്യാര്‍ കൂത്ത് നടന്നു.ഇനി ഉത്സവം അവസാനിയ്ക്കുന്നതുവരെ എല്ലാദിവസവുംകൂത്തമ്പലത്തില്‍ കൂത്ത് നടക്കും.
രാവിലെ 6.15 മുതല്‍ 7 മണിവരെ പ്രമുഖ സോപാന
സംഗീതജ്ഞന്‍ ജനാര്‍ദ്ദനന്‍ നെടുങ്ങാടിയുടെ അഷ്ടപദി ആലാപനത്തോടെയായിരുന്നു മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയം
ഉണര്‍ന്നത്.വളരെക്കാലം ഭഗവാനെ അഷ്ടപദി പാടിക്കേള്‍പ്പിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ആലാപനം ആധ്യാത്മികതയുടെ ഒരുപടികൂടി മുകളിലേയ്ക്ക് കേള്‍വിക്കാരെ കൊണ്ടുപോയി.
രാത്രി, തിരുപ്പാമ്പരം ടി.കെ.എസ്.മീനാക്ഷി സുന്ദരം, ടി.കെ.ഇ.സ്വാമിനാഥന്‍ എന്നിവരുടെ
നേതൃത്വത്തില്‍ നാദസ്വരക്കച്ചേരി നടന്നു.രാത്രി 8 മണി മുതല്‍ ഗുരു കാരൈക്കുടി.ആര്‍ .മണിയുടെ നേതൃത്വത്തില്‍ “ഷണ്‍മുഖ” എന്ന പേരില്‍ ശ്രുതിലയം അവതരിപ്പിയ്ക്കപ്പെട്ടു.ശ്രീ.രാഘ
വേന്ദ്രറാവുവിന്റെ ഇലക്ട്രിക് വയലിന്‍,ശ്രീ.ബാലസായിയുടെ ഫ്ലൂട്ട്, ശ്രീ സുരേഷിന്റെ ഘടം,ശ്രീ.മധുസൂദനന്റെ തബല (“സിമ്പേ”), ശ്രീ.രാജുവിന്റെ മാന്‍ഡലിന്‍ എന്നിവ കൂടി ചേര്‍ന്നപ്പോള്‍ ശ്രീ.മണിയുടെ മൃദംഗവാദനം ശ്രുതിമധുരമായി.
ഗുരുവായൂരപ്പന്റെ തിരുവുത്സവത്തിന് ഇന്ന്(തിങ്കളാഴ്ച) കൊടികയറി.രാവിലെ സ്മരണകളുണര്‍ത്തുന്ന
ആനയില്ലാശ്ശീവേലി നടന്നു. തൃക്കണാമതിലകത്തുനിന്ന് ആനകള്‍ ഗുരുവായൂരിലേയ്ക്ക് ഓടിവന്നതുമായി ബന്ധപ്പെട്ടാണ് ഈ ചടങ്ങ്.ഉച്ചയ്ക്ക് ആനയോട്ടം നടന്നു.ഭഗവാന്റെ തിടമ്പേറ്റാന്‍ പലതവണ ഭാഗ്യം ലഭിച്ചിട്ടുള്ള ‘കണ്ണന്‍’ ആണ് ഇത്തവണത്തെ
ജേതാവ്.പൂര്‍ണ്ണ ആരോഗ്യമുള്ള ആനകളെ മാത്രമേ ആനയോട്ടത്തില്‍ പങ്കെടുപ്പിച്ചുള്ളൂ.
രാത്രി ക്ഷേത്രത്തില്‍ കൊടിയേറ്റത്തിനുള്ള ചടങ്ങുകള്‍ ആരംഭിച്ചു.ആചാര്യവരണത്തിനുശേഷം ഓതിയ്ക്കന്‍ തന്ത്രിയെ ഉത്സവചടങ്ങുകളുടെ ആചാര്യനായി വരിച്ചു.ദേവ
ചൈതന്യം സന്നിവേശിപ്പിയ്ക്കപ്പെട്ട കൊടി പിന്നീട് തന്ത്രിസ്വര്‍ണ്ണക്കൊടിമരത്തില്‍ ഉയര്‍ത്തി.ഭക്തജനങ്ങളുടെ കണ്ഠങ്ങളില്‍ നിന്ന് ഹര്‍ഷാരവങ്ങളും ഹരേകൃഷ്ണ വിളികളും മുഴങ്ങി.
ഇനി പത്തു ദിവസങ്ങള്‍ സമ്പല്‍സമൃദ്ധിയുടെ ദിനങ്ങളാണ് ഗുരുവായൂരില്‍ .രണ്ടു നേരവുംക്ഷേത്രത്തില്‍ നിന്നുള്ള ദേശപ്പകര്‍ച്ച നാടിനു മൊത്തം ദാരിദ്ര്യ മോചനം നല്‍കുന്നു എന്നാണ് സങ്കല്പം.ഉത്സവച്ചെലവുകള്‍ക്കായി ദേവസ്വം 1 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്.
ഗുരുവായൂരില്‍ തിങ്കളാഴ്ച(27-02-2012) ന് പൂന്താനദിനം വിപുലമായി ആഘോഷിച്ചു.വൈകീട്ട് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വച്ച്,കണ്ണൂര്‍ ആലപ്പടമ്പ് സ്വദേശിയായ താമരശ്ശേരി ശങ്കരന്‍ ഭട്ടതിരിയ്ക്ക് 2012 ലെ ജ്ഞാനപ്പാന പുരസ്കാരം സമ്മാനിച്ചു.25000 രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. പല മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് ശ്രീ.ശങ്കരന്‍ ഭട്ടതിരി.ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വര്‍ഷങ്ങളായി അഷ്ടമിരോഹിണി സപ്താഹയജ്ഞത്തിന്റെ ആചാര്യനാണ് ഇദ്ദേഹം.
ഇദ്ദേഹത്തിന്റെ പിതാവ് കൃഷ്ണന്‍ ഭട്ടതിരി അറിയപ്പെടുന്ന ഭക്ത കവിയായിരുന്നു.
പൂന്താനദിന സാംസ്കാരിക സമ്മേളനം രാവിലെ മന്ത്രി.കെ.ബാബു ഉദ്ഘാടനം ചെയ്തു.വൈകീട്ട് ഓഡിറ്റോറിയത്തില്‍ കുമാരി വര്‍ഷയുടെ പൂന്താനം കഥാപ്രസംഗം അരങ്ങേറി. കുമാരി ജയപ്രഭ ശങ്കരനാരായണന്റെ കേരളനടനവും മോഹിനിയാട്ടവും അരങ്ങേറി.
വടക്കുന്നാഥ ക്ഷേത്രത്തില്‍ മഹാശിവരാത്രി ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു.
ക്ഷേത്രത്തില്‍ അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. കിഴക്കുവശത്തുകൂടെ
അകത്തുകയറാനും പടിഞ്ഞാറുവശത്തുകൂടെ പുറത്തിറങ്ങാനും വലിയ തിരക്കുതന്നെ അനുഭവപ്പെട്ടു.
ക്ഷേത്രത്തിനു ചുറ്റും ലക്ഷദീപം തെളിഞ്ഞപ്പോള്‍ അത് കണ്ണിന് കുളിര്‍മയായി.വിവിധ ഭക്തജന സംഘങ്ങളുടെ വക ഭക്തിഗാനമേളയും ഉണ്ടായിരുന്നു.
ക്ഷേത്ര വാദ്യവിദ്യാലയത്തിന്റെ 35ആം വാര്‍ഷികം ആഘോഷിച്ചു. വാദ്യവിദ്യാലയത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 25 വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റം മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്നുനടന്നു. ‘ക്ഷേത്രവാദ്യകലകളുടെ പരിരക്ഷ’ എന്ന വിഷയത്തില്‍ സെമിനാറും ഉണ്ടായി.കേരള സംഗീത നാടക അക്കാദമി സെക്രട്ടറി ഡോ.പി.വി.കൃഷ്ണന്‍ നായര്‍ ഈ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
എഴുത്തുകാരിയും ഫോട്ടോഗ്രാഫറുമായ ശ്രീമതി. പെപിതാ സേത്തിനെ ആദരിയ്ക്കുന്ന ചടങ്ങും മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു.കവി കൈതപ്രം ദാമോദരന്‍ നമ്പൂതിരി ചടങ്ങ് ഉദ്ഘാടനം ചെയ്തു.സോപാന സംഗീതകാരന്‍ ജനാര്‍ദ്ദനന്‍ നെടുങ്ങാടി അഷ്ടപദി ആലപിച്ചു.
ഗുരുവായൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ 63 ആം റിപ്പബ്ലിക് ദിനം വിപുലമായ രീതിയില്‍ ആഘോ
ഷിച്ചു. സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ അണിനിരന്ന വര്‍ണ്ണശബളമായ മാര്‍ച്ച് പാസ്റ്റും ബാന്റ് വാദ്യവും നഗരസഭാ ഗ്രൌണ്ടിന് പുത്തന്‍ ഉണര്‍വ്വേകി. സ്കൌട്ട്,എന്‍.സി.സി തുടങ്ങിയ വിഭാഗങ്ങളും പരേഡ് ഗംഭീരമാക്കി.
പ്രമുഖ സാഹിത്യകാരന്‍ ഉണ്ണികൃഷ്ണന്‍ പുതൂരിനെ ആദരിയ്ക്കുന്ന ചടങ്ങ് മുനിസിപ്പല്‍ ടൌണ്‍ഹാളില്‍ വച്ച് നടന്നു.