Tuesday, 28 June 2011

ലീഡറില്ലാത്ത പിറന്നാള്‍


ലീഡറുടെ സാന്നിധ്യമില്ലാത്ത പിറന്നാള്‍ ചടങ്ങും അദ്ദേഹത്തിന്റെ പേരിലുള്ള ഉദയാസ്തമനപ്പൂജയും ചൊവ്വാഴ്ച ഗുരുവായൂരില്‍ നടന്നു(മിഥുനത്തിലെ കാര്‍ത്തികയായിരുന്ന ചൊവ്വാഴ്ച).പിറന്നാള്‍ ദിനത്തില്‍ മുടങ്ങാതെ ഭഗവാനെ ദര്‍ശിയ്ക്കാന്‍ അദ്ദേഹം എത്താറുണ്ടായിരുന്നു.ശ്രീവത്സം ഗസ്റ്റ് ഹൌസിലെ ഒന്നാം നമ്പര്‍ മുറി അന്ന് അനുയായികളെക്കൊണ്ടും ആരാധകരെക്കൊണ്ടും തിങ്ങിനിറയുമായിരുന്നു.എന്നാല്‍ ഈ ദിനം അവിടെ ശൂന്യമായിരുന്നു.

പലരും ബുക്ക് ചെയ്ത് കാത്തിരിയ്ക്കുന്നുണ്ടെങ്കിലും ഉദയാസ്തമനപൂജ പലപ്പോഴും കൊല്ലങ്ങള്‍ കഴിഞ്ഞാണ് നടത്താന്‍ സാധിയ്ക്കാറുള്ളത്.എന്നാല്‍ സ്വന്തം പിറന്നാള്‍ ദിവസം തന്നെ ഉദയാസ്തമനപൂജ വന്നത് വലിയ ഭാഗ്യമായി കണക്കാക്കപ്പെടുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ ലീഡര്‍ ഇന്ന് നമുക്കൊപ്പം ഇല്ലാതെ പോയി.ലീഡറുടെ അദൃശ്യ സാന്നിധ്യം അവിടെ അനുഭവപ്പെട്ടിരുന്നു.


പ്രിയപ്പെട്ട അനുയായിയായിരുന്ന എം.എല്‍ എ.ചന്ദ്രമോഹനും സന്നിഹിതനായിരുന്നു.മുരളീധരന് എത്താന്‍ സാധിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ ഭാര്യയും മകനും മുഴുവന്‍ സമയവും ക്ഷേത്രത്തില്‍ ചെലവഴിച്ചിരുന്നു.
വിധിവിഹിതത്തെ വെല്ലാന്‍ ആര്‍ക്ക് കഴിയും!!!!!

Saturday, 25 June 2011

യുവതലമുറയും വിദ്യാഭ്യാസവും


മനുഷ്യനെ മനുഷ്യനാക്കാനുള്ളതാണ് വിദ്യാഭ്യാസം എന്നും അത്തരത്തില്‍ നിലവാരമുള്ള വിദ്യാഭ്യാസം ഇപ്പോള്‍ അന്യം നിന്നുകൊണ്ടിരിയ്ക്കുകയാണെന്നും യൂണിക്കോണ്‍സ് ഇന്റര്‍നാഷ്ണല്‍ ചീഫ് കോര്‍ഡിനേറ്റര്‍ ശ്രീ.ജോണ്‍സന്‍ പ്രസ്താവിച്ചു. യൂണിക്കോണ്‍സ് ഇന്റര്‍നാഷ്ണലിന്റെ, “യുവതലമുറയും വിദ്യാഭ്യാസവും” എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന സിമ്പോസിയത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. Quality ഇല്ലാത്ത വിദ്യാഭ്യാസവും, Qualityയെ മനസ്സിലാക്കുന്നതില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും മാതാപിതാക്കളും അടങ്ങുന്ന സമൂഹത്തിന്റെ തികഞ്ഞ പരാജയവുമാണ് ഈ അവസ്ഥയ്ക്കുകാരണമെന്ന് അദ്ദേഹം എടുത്തു പറഞ്ഞു.

ഉദ്ഘാടന സമ്മേളനത്തില്‍ തൃശ്ശൂര്‍ ജില്ലാ പോലീസ് ഫോറന്‍സിക് വിദഗ്ദന്‍ ശ്രീ.ഉണ്ണികൃഷ്ണന്‍ ഗുരുവായൂര്‍ ,യൂണിക്കോണ്‍സ് ഇന്റര്‍നാഷ്ണല്‍ Bangalore Training Division Head,ശ്രീമതി. വര്‍ഷ ജോണ്‍സന്‍,യൂണിക്കോണ്‍സ് ഇന്റര്‍നാഷ്ണല്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ ശ്രീ‍.സിജിന്‍, Tutor Mantra ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീ‍.സുധീഷ് കുമാര്‍ എന്നിവരും പങ്കെടുത്തു.വിദ്യാഭ്യാസത്തെ സംബന്ധിച്ച ആഴത്തിലുള്ള പല പ്രബന്ധങ്ങളും ഈ സിമ്പോസിയത്തില്‍ അവതരിപ്പിയ്ക്കപ്പെടുകയുണ്ടായി.


വിദ്യാഭ്യാസവും വിദ്യാഭ്യാസമേഖലയും കടുത്ത നിലവാരത്തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍
“യുവതലമുറയും വിദ്യാഭ്യാസവും“ എന്ന സിമ്പോസിയം തികച്ചും കാലികവും പ്രസക്തവും,അതേസമയം തികച്ചും നൂതനവും വ്യത്യസ്തവുമായ മൂല്യമുള്ള ദൃഷ്ടികോണുകളുടെ ഒരു സമ്മേളനസ്ഥലവുമായി മാറി.

മരപ്രഭുവിന് കനകപ്രഭാമണ്ഡലം ഒരുങ്ങുന്നു.


ഗുരുവായൂരില്‍ ശ്രീവത്സം ഗസ്റ്റ് ഹൌസ് കോമ്പൌണ്ടില്‍ കേശവന്റെ പ്രതിമയോട് ചേര്‍ന്നുകാണുന്ന മരപ്രഭു ശില്‍‌പ്പത്തിന്, കനകപ്രഭാമണ്ഡലം തയ്യാറായി.ജുലായ് മാസത്തില്‍ സ്ഥാപിയ്ക്കാന്‍ ഒരുങ്ങുന്ന ഈ മണ്ഡലത്തിന് ആരോഗ്യവും സൌഖ്യവും പ്രദാനം ചെയ്യാനാകുമെന്ന് വിശ്വസിയ്ക്കപ്പെടുന്നു.

പ്രത്യേക തരം ഔഷധക്കൂട്ടുകള്‍ ഉപയോഗിച്ച് താന്ത്രികവിധിപ്രകാരമാണ് പ്രസ്തുത പ്രഭാമണ്ഡലത്തിന്റെ രൂപകല്പന. വിദഗ്ദരായ കൊത്തുപണിക്കാര്‍, മംഗലപ്പുഴ രാമചന്ദ്രന്റെ മേല്‍നോട്ടത്തില്‍ കഴിഞ്ഞ ആറുമാസമായി നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് ഈ പ്രഭാമണ്ഡലം തയ്യാറാകുന്നത്.ഇതില്‍നിന്ന് പ്രസരിയ്ക്കുന്ന ചൈതന്യം വളരെ ശക്തിമത്താണെന്നാണ് ഈ മേഖലയിലെ വിദഗ്ദര്‍ പറയുന്നത്.ചാലക്കുടിയിലാണ് പണികള്‍ പുരോഗമിയ്ക്കുന്നത്.

Tuesday, 21 June 2011

കര്‍ണ്ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ ഗുരുവായൂരില്‍

      
കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ചികിത്സയിലായിരുന്ന കര്‍ണ്ണാടക മുഖ്യമന്ത്രി ശ്രീ.യെദ്യൂരപ്പ തിങ്കളാഴ്ച ഗുരുവായൂരപ്പനെ വണങ്ങാനെത്തി. രാവിലെ വന്ന് ശ്രീവത്സം ഗസ്റ്റ് ഹൌസില്‍ വിശ്രമിച്ച് 10 മണിയോടെ അദ്ദേഹം ഭഗവാനെ തൊഴുതു.

കര്‍ണ്ണാടക മലയാളിസമാജം പ്രസിഡണ്ട് ഗോപിനാഥ് വന്നേരി അദ്ദേഹത്തെ അനുഗമിച്ചു. മകള്‍ ഉമാദേവിയും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. തുലാഭാരം നടത്തി, തൊഴുതു പുറത്തുകടന്ന അദ്ദേഹം മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്നുകൊണ്ടിരുന്ന നാരായണീയപാരായണം കേട്ടു.അവിടെനിന്ന് അദ്ദേഹം നേരെ തൃപ്രയാര്‍ക്ക് പോയി. 

രാഷ്ട്രീയകാര്യങ്ങളെക്കുറിച്ചൊന്നും സംസാരിയ്ക്കാന്‍ അദ്ദേഹം തയ്യാറായില്‌ല.കര്‍ണ്ണാടകയിലേയ്ക്കുള്ള രാത്രിയാത്രാനിരോധനം സുപ്രീംകോടതിയുടെ പരിഗണനയിലാണിരിയ്ക്കുന്നതെന്നും അതിനാല്‍ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Friday, 17 June 2011

ഗജരത്നം പത്മനാഭന്‍ അസുഖബാധിതനായി തുടരുന്നു


ഗുരുവായൂര്‍ ക്ഷേത്രം വക ആനക്കൊട്ടിലിലെ കാരണവര്‍ പദ്മനാഭന്‍, പാദരോഗത്താല്‍ ബുദ്ധിമുട്ടുന്നു.ഏപ്രില്‍ മാസം ആദ്യമാണ് പദ്മനാഭനെ മദപ്പാടില്‍ കെട്ടിയത്. അതിനുമുമ്പേതന്നെ അസുഖലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ചികിത്സ നടത്തിക്കൊണ്ടിരിയ്ക്കുകയായിരുന്നു. 

മദപ്പാടിലിരിയ്ക്കുന്ന ആനയെ ചികിത്സിയ്ക്കുക ബുദ്ധിമുട്ടായതിനാല്‍ ആരും അടുത്തേയ്ക്കുപോകാതിരിയ്ക്കുകയും തല്‍‌ഫലമായി നഖങ്ങള്‍ക്കിടയില്‍ പഴുപ്പുകയറി ആരോഗ്യാവസ്ഥ മോശമായിത്തീരുകയും ചെയ്തു.വേദന കൂടുതലുള്ളതിനാല്‍ ആന ആരെയും അടുപ്പിയ്ക്കുന്നുമില്‌ല.ഇടതു മുന്‍‌കാലിനാണ് രോഗം.
അവസ്ഥ ഇത്രയൊക്കെയായിട്ടും ദേവസ്വത്തിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ആനപ്രേമിസംഖം ദേവസ്വം മന്ത്രിയോട് പരാതിപ്പെട്ടു.മന്ത്രി, ദേവസ്വം അധികൃതരുമായി ബന്ധപ്പെട്ട് എത്രയും വേഗം വേണ്ട നടപടികള്‍ സ്വീകരിയ്ക്കാന്‍ നിര്‍ദ്ദേശിച്ചു.


ആനയെ തളച്ചിരിയ്ക്കുന്ന സ്ഥലത്തെ മണ്ണ്, വെള്ളവും ചളിയും നിറഞ്ഞ് മലിനമായതാണ് അസുഖം കൂടാന്‍ കാരണമെന്ന് ഭക്തജനങ്ങള്‍ ആരോപിച്ചു. ഈ സ്ഥലത്ത് പുതിയ മണല്‍ വിരിച്ചാല്‍ രോഗശമനത്തിന് അത് വളരെ ഗുണം ചെയ്യുമെന്നും ഇവര്‍ പറയുന്നു.

Thursday, 16 June 2011

ഗുരുവായൂരില്‍ നിര്‍മ്മാല്യ ദര്‍ശനം 1 മണിക്കൂര്‍ വൈകി


സമ്പൂര്‍ണ്ണ ചന്ദ്രഗ്രഹണത്തോടനുബന്ധിച്ച് ക്ഷേത്രനട തുറക്കുന്നത് 1 മണിക്കൂര്‍ വൈകി. പുലര്‍ച്ചെ മൂന്ന്മണി വരെയോളം നീണ്ട ചന്ദ്രഗ്രഹണമാണ് ഇതിനുകാരണം. അതിനാല്‍ പൂജകളെല്‌ലാം അതിനനുസൃതമായി നീളുകയായിരുന്നു. ഉച്ചപ്പൂജയ്ക്കുശേഷമുള്ള ചടങ്ങുകളെല്ലാം സാധാരണ രീതിയില്‍ തന്നെയാണ് നടന്നത്.ദൂരദിക്കുകളില്‍നിന്നു വന്ന പലര്‍ക്കും ഈ വിവരം അറിയാതിരുന്നതിനാല്‍ പല ബുദ്ധിമുട്ടുകളും നേരിട്ടു.ഇത്തരത്തിലുള്ള അടുത്ത ഗ്രഹണം വരാന്‍ ഇനിയും 100ലധികം കൊല്‌ലങ്ങള്‍ കഴിയണം.

Monday, 13 June 2011

ഗുരുവായൂരില്‍ മന്ത്രിമാര് സന്ദര്‍ശനം നടത്തി.


മൂന്ന് മന്ത്രിമാര്‍ ഞായറാഴ്ച ഗുരുവായൂരില്‍ സന്ദര്‍ശനം നടത്തി. സഹകരണമന്ത്രി ശ്രീ.സി.എന്‍ ബാലകൃഷ്ണന്‍ , ഗതാഗത-ദേവസ്വം വകുപ്പുമന്ത്രി വി.എസ്.ശിവകുമാര്‍ ,ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ എന്നിവരാണ് ഞായറാഴ്ച ഗുരുവായൂരില്‍ എത്തിയത്.

എല്‌ലാവരും ഗുരുവായൂരിന്റെ വികസനത്തിനായി വിവിധങ്ങളായ വാഗ്ദാനങ്ങള്‍ നല്‍കിയാണ് മടങ്ങിയത്.ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി എത്രയും വേഗം പുന:സംഘടിപ്പിയ്ക്കുമെന്നും അതില്‍ പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്നും ദേവസ്വം മന്ത്രി പ്രസ്താവിച്ചു. 

ഹിന്ദുക്കളായ മന്ത്രിമാര്‍ നിര്‍ദ്ദേശിയ്ക്കുന്നവരാണ്, ആറ് പേര്‍ ഭരണസമിതി അംഗങ്ങളായി വരുന്നത്.ബാക്കി മൂന്ന്സ്ഥിരാംഗങ്ങളായിരിയ്ക്കും. ഗുരുവായൂരില്‍ നിന്ന് കൂടുതല്‍ ബസ് സര്‍വ്വീസുകള്‍ ആരംഭിയ്ക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.
തീര്‍ത്ഥാടക ടൂറിസം പദ്ധതിയില്‍ ഗുരുവായൂരിനെക്കൂടി ഉള്‍പ്പെടുത്തുമെന്ന് ടൂറിസം മന്ത്രി പ്രസ്താവിച്ചു.

സഞ്ചരിയ്ക്കുന്ന ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് ഗുരുവായൂരില്‍ ആരംഭിയ്ക്കുമെന്ന് സഹകരണമന്ത്രി പറഞ്ഞു.ക്ഷേത്രദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കാന്‍ പ്രത്യേക കാന്റീന്‍ ആരംഭിയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് ക്ഷേത്ര നഗരിയില്‍ ഭക്ഷണത്തിന് വന്‍‌വില ഈടാക്കുന്ന ഹോട്ടലുകാര്‍ക്ക് തിരിച്ചടിയാകുമെന്ന് ഭക്തര്‍ അഭിപ്രായപ്പെട്ടു. സഹകരണ വകുപ്പിനുകീഴില്‍ പുതിയ മദ്യഷാപ്പുകള്‍ ആരംഭിയ്ക്കില്‌ലെന്ന് മന്ത്രി ഉറപ്പുനല്‍കി.

Wednesday, 8 June 2011

ഗീതാജ്ഞാനയജ്ഞം



                 ഗുരുവായൂര്‍ ഗീതാ സദ്‌സംഘസമിതിയുടെ ആഭിമുഖ്യത്തില്‍ ഗീതാജ്ഞാനയജ്ഞം ആരംഭിച്ചു. ഇന്ന് (08-06-2011)ന് വൈകുന്നേരം 7 മണിയോടെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ യജ്ഞാചാര്യന്‍ വിദ്വാന്‍‌ കെ.ഭാസ്കരന്‍ നായര്‍, പരമ്പരയിലെ ആദ്യദിനത്തില്‍ ശ്രീമദ് ഭഗവദ്ഗീതയിലെ പതിനഞ്ചാം അദ്ധ്യായ (പുരുഷോത്തമയോഗം) ത്തെ ആസ്പദമാക്കി പ്രഭാഷണം തുടങ്ങിവച്ചു. തുടര്‍ന്നുള്ള ആറ് ദിവസങ്ങളില്‍  അദ്ദേഹം തന്നെ ഗീതയിലെ പതിനഞ്ചാം അദ്ധ്യായത്തെ അധികരിച്ച് പ്രഭാഷണം തുടരും. സരളമായ ഭാഷയിലുള്ള അദ്ദേഹത്തിന്റെ കഥനം ആരുടെയും കാതിന് കുളിര്‍മ നല്‍കുന്നതാണ്.

പ്രസ്തുത ചടങ്ങിന് മുന്നോടിയായി വൈകുന്നേരം നാലുമണിയോടെ രുഗ്മിണി റീജന്‍സി ഓഡിറ്റോറിയത്തില്‍ വച്ച് വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച നിരവധി പേരെ ആദരിച്ചു. അതില്‍ പ്രഥമസ്ഥാനത്തുണ്ടായിരുന്നത് സംഗീതലോകത്തെ കുലപതിയായ വി.ദക്ഷിണാമൂര്‍ത്തി സ്വാമിയായിരുന്നു. ചൊവ്വല്ലൂര്‍ കൃഷ്ണന്‍‌കുട്ടി,ഗുരുവായൂര്‍ മണികണ്ഠന്‍ ,ആര്‍ നാരായണന്‍ (ഗുരു) തുടങ്ങിയ പ്രഗത്ഭരും തുടര്‍ന്ന് ആദരിയ്ക്കപ്പെട്ടു.


വിദ്വാന്‍.ശ്രീ.ഭാസ്കരന്‍‌നായരുടെ ഗീതാപ്രഭാഷണത്തിനുശേഷം, അമൃത ടി.വി.ഫെയിം രാഗരത്നം.കുമാരി നന്ദിനിയും സംഘവും നടത്തിയ നാദോപാസനയും ഉണ്ടായിരുന്നു.
അടുത്ത പതിമൂന്നാം തിയതി വരെ എല്ലാ ദിവസവും രാത്രി 7 മുതല്‍ 8.30 വരെ പ്രഭാഷണ പരമ്പര അരങ്ങേറും.

Tuesday, 7 June 2011

ഒരു അതികായന്റെ തിരിച്ചുവരവ്.

പി.ടി.മോഹനകൃഷ്ണന്‍ എന്ന വ്യക്തിയെ ഗുരുവായൂര്‍ക്കാര്‍ക്ക് വ്യക്തമായി അറിയാം.രാഷ്ട്രീയത്തേക്കാളുപരി വ്യക്തിബന്ധങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ട് പലര്‍ക്കും പലതരത്തിലുള്ള സഹായങ്ങളും അദ്ദേഹം നല്‍കിയിട്ടുണ്ട്.ഗുരുവായൂര്‍ ദേവസ്വം മാനേജിങ്ങ്കമ്മിറ്റിയുടെ ചെയര്‍മാനായി സ്തുത്യര്‍ഹമായ സേവനമാണ് അദ്ദേഹം കാഴ്ചവച്ചിരുന്നത്.2011 മെയ് മാസത്തില്‍ സ്ഥാനമൊഴിഞ്ഞ കമ്മിറ്റിയ്ക്കു പകരമായി പുതിയ കമ്മിറ്റി അധികാരമേല്‍ക്കുമ്പോള്‍ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് അദ്ദേഹത്തിന്റെ പേര് തന്നെയാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. ഈ സ്ഥാനം ലഭിച്ചാല്‍, ഗുരുവായൂര്‍ ക്ഷേത്രത്തിന്റെയും ഗുരുവായൂരിന്റെത്തന്നെയും മുഖഛായ മാറ്റുന്ന രീതിയില്‍ അദ്ദേഹം സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിയ്ക്കുമെന്നതില്‍ സംശയമില്ല. ലീഡര്‍ കെ.കരുണാകരനുമായി വളരെ അടുത്തുബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹത്തിന് ലീഡര്‍ക്ക് ഉണ്ടായിരുന്ന ഒരുപാട് ഗുണഗണങ്ങള്‍ സ്വന്തം ജീവിതത്തില്‍ പകര്‍ത്താനുമായിട്ടുണ്ട്.അതുകൊണ്ടുതന്നെ അദ്ദേഹം ചെയര്‍മാനാവുകയാണെങ്കില്‍ സന്തോഷിയ്ക്കുന്ന വലീയൊരു വിഭാഗം ഇവിടെയുണ്ടാകും.

മനയത്ത് രാമകൃഷ്ണന്‍ നായര്‍ വിടവാങ്ങി.

അഴീയ്ക്കല്,മനയം എന്നീ കുടുംബക്കാരും ഗുരുവായൂര്‍ ക്ഷേത്രവും തമ്മില്‍ വളരെയധികം ബന്ധപ്പെട്ടിരിയ്ക്കുന്നു. ക്ഷേത്രത്തില്‍ നിത്യവും ആവശ്യമുള്ള തിരി ഉണ്ടാക്കിക്കൊണ്ടുവരുന്നത് ഈ രണ്ട് കുടുംബക്കാരാണ്.ദീപാരാധനയ്ക്കാവശ്യമായ ദീപസ്തംഭത്തില്‌ ഒരുക്കുന്ന തിരികള്‍ക്കു പുറമെ വിളക്കുമാടത്തില്‍ ഉപയോഗിയ്ക്കേണ്ടുന്ന ആയിരക്കണക്കിന് തിരികള്‍ ഉണ്ടാക്കുന്നതും ഇവരുടെ ചുമതലയില്‍പ്പെടും. കൂടാതെ പന്തങ്ങളും മറ്റും വേറെയും.അതില്‍ മനയം കുടുംബത്തില്‍ നിന്ന് ഈ പ്രവൃത്തി ചെയ്തുവന്നിരുന്നത് ശ്രീ. രാമകൃഷ്ണന്‍നായരാണ്.അദ്ദേഹം 06-06-2011 ന് ഭഗവല്‍‌സന്നിധിയില്‍ വിലയം പ്രാപിച്ചു. എല്ലാ ചിട്ടയോടും ഭഗവാനിലുള്ള പരമ‌മായ ഭക്തിയോടും കൂടെ ഓരോ ദിവസവും അദ്ദേഹം ഈ പ്രവൃത്തി ചെയ്തുവന്നിരുന്നു.  കഴിഞ്ഞ 55 വര്‍ഷമായി ഇദ്ദേഹം ഈ പ്രവൃത്തി അനുഷ്ഠിയ്ക്കുന്നു എന്നു പറയുമ്പോള്‍ അദ്ദേഹത്തിന്റെ അര്‍പ്പണം എത്രമാത്രമുണ്ടെന്ന്മനസ്സിലാക്കാം.
ക്ഷേത്രത്തിലെ നിത്യനിദാന ആവശ്യങ്ങള്‍ക്കുള്ള തിരികള്‍ ഉണ്ടാക്കുന്നതിനുപുറമെ ശുദ്ധികലശച്ചടങ്ങുകള്‍ക്കാവശ്യമായ ചില പ്രത്യേക വസ്തുക്കള്‍(ഉദാ:-കാളകുത്തിയ മണ്ണ്,അഗ്നിഹോത്രവേദിയിലെ മണ്ണ് തുടങ്ങിയവ) സംഘടിപ്പിയ്ക്കുന്നതും ഈ കുടുംബക്കാരാണ്.

Monday, 6 June 2011

Colleges Of Keralam..

കോളേജുകള്‍ എന്നും യുവത്വത്തിന്റെ തുടിപ്പും മനോഹാരിതയും ഒരുപോലെ പരിലസിയ്ക്കുന്നവയാണെന്ന് വിശ്വസിച്ചു പോന്നിരുന്നു.യുവത്വത്തെ ചൂഷണം ചെയ്യുന്ന രാഷ്ട്രീയക്കാരുടെ പ്രവര്‍ത്തനങ്ങളാല്‍ വളരെ ചുരുക്കം ചിലര്‍ക്കുമാത്രമേ പ്രയോജനമുണ്ടാകാറുള്ളൂ.മറ്റൊരുവശം ചിന്തിച്ചാല്‍ ഉത്തരവാദിത്വമില്ലാത്ത ഒരുകൂട്ടം യുവജനങ്ങള്‍ കൂട്ടത്തോടെ മേയാനിറങ്ങുകയാണ് ഇവിടെ.
ലക്ഷ്യബോധത്തോടെയുള്ള ഒരു യുവജനത നമ്മുടെ സ്വപ്നം മാത്രമോ?അത് നമ്മുടെ ലക്ഷ്യമായി മാറേണ്ട കാലം എന്നേ അതിക്രമിച്ചുകഴിഞ്ഞു.
നമുക്ക് ഒത്തൊരുമിച്ച് യുവജനങ്ങളെ നേര്‍വഴിയില്‍ നയിയ്ക്കാന്‍പരിശ്രമിയ്ക്കാം.

ഇതാ ഒരു കൂട്ടായ്മ..Colleges Of Keralam എന്ന blog visit ചെയ്യൂ..അതിനെ follow ചെയ്യൂ. 

Link-
www.collegesofkeralam.blogspot.com

കൃഷ്ണാ ഗുരുവായൂരപ്പാ-ഗ്രന്ഥാവലോകം


“കൃഷ്ണാ ഗുരുവായൂരപ്പാ” എന്ന കൃതി ഗുരുവായൂരിനെക്കുറിച്ചുള്ള ഒരു സമഗ്ര കൃതിയാണ്.ഇതിന്റെ കര്‍ത്താവ് ശ്രീ.ഗോപാലകൃഷ്ണന്‍ നായര്‍ അദ്ദേഹത്തിന്റെ ചെറുപ്പകാലം കഴിച്ചുകൂട്ടിയ ഗുരുവായൂരിനെപ്പറ്റി, ഓര്‍മ്മയുടെ താളുകള്‍ മറിയ്ക്കുമ്പോള്‍ നമുക്കു കാണാം.ക്ഷേത്രത്തില്‍ അഗ്നിബാധയുണ്ടാകുന്നതിനു മുമ്പുള്ള അവസ്ഥയും പിന്നീട് ഉണ്ടായ പുരോഗതിയും അദ്ദേഹത്തിന്റെ തന്നെ വാക്കുകളിലൂടെ നമുക്ക് കാണാനാകും.ക്ഷേത്രത്തിലെ പല ചടങ്ങുകളെയും സസൂക്ഷ്മം നിരീക്ഷിച്ചാണ് അദ്ദേഹം ഇത് തയ്യാറാക്കിയിട്ടുള്ളത്.

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പുരാതനചരിത്രത്തിലേയ്ക്ക് ഒരു എത്തിനോട്ടവും ഇന്നത്തെ രീതികളെക്കുറിച്ചുള്ള ഒരു അവലോകനവും ഈ ഗ്രന്ഥത്തില്‍ കാണാം. പൂജാവിധികള്‍, ക്ഷേത്രഘടന, ആചാരങ്ങള്‍,ആഘോഷങ്ങള്‍,ചടങ്ങുകള്‍ തുടങ്ങിയവയുടെ വ്യക്തവും സമഗ്രവുമായ ഒരു രൂപം നമുക്ക് ഈ പുസ്തകം വഴി ലഭ്യമാകും. യൂണിക്കോണ്‍സ്‌ ഇന്റര്‍നാഷ്ണല്‍ പബ്ലിക്കേഷന്‍ നിര്‍വ്വഹിച്ച ഈ പുസ്തകം ക്ഷേത്രത്തിനു സമീപമുള്ള പുസ്തകശാലകളിലും  മറ്റു പ്രമുഖ ബുക് ഹൌസുകളിലും ലഭ്യമാണ്.

Saturday, 4 June 2011

ഒരു പ്രവചനത്തിലേയ്ക്ക്

മനുഷ്യവര്‍ഗ്ഗം സൃഷ്ടിയ്ക്കപ്പെട്ട് ഇന്നുവരെ ജീവിതസാഹചര്യങ്ങളിലുണ്ടായ വ്യത്യാസമാണ് അവനില്‍ വ്യത്യാസങ്ങളുണ്ടാക്കിയത്.ആ സുഖ സൌകര്യങ്ങള്‍ അവനെ പുതിയ വഴികളിലേയ്ക്കും സുഖലോലുപതയിലേയ്ക്കും എത്തിച്ചു.പ്രധാനമായും മനുഷ്യന്‍ മടിയനായി മാറി. ഏന്തിനും ഏതിനും മറ്റുള്ളവരുടെ സഹായത്തില്‍ മാത്രം കഴിയാനും, സാധിയ്ക്കുമെങ്കില്‍ ഭൂരിഭാഗം സമയവും വെറുതെയിരിയ്ക്കാനും അങ്ങനെ ഏറ്റവും കഴിവുകെട്ട ഒരു ജീവിയായി മാറാനും ഇന്ന് മനുഷ്യന് സാധിച്ചിരിയ്ക്കുന്നു.എന്ത് അനീതിയിലും പ്രതികരിയ്ക്കാതെ സ്വന്തം കാര്യമാണെങ്കില്‍പ്പോലും ഒരുനിവൃത്തിയുമില്ലാതെവരുന്ന അവസ്ഥയില്‍ മാത്രം പ്രതികരിച്ച്, ഒരു തിരക്കുമില്ലെങ്കിലും വളരെ തിരക്കുണ്ടെന്ന് അഭിനയിച്ച്,പൊയ്മുഖം മാത്രം അണിഞ്ഞുകൊണ്ടുള്ള ഒരു ജീവിതം.അതാണ് യഥാര്‍ത്ഥ ജീവിതമെന്ന് മനുഷ്യര്‍ ധരിച്ചു വശമാകുന്നു.
ഇത്തരുണത്തില്‍ ഒരു പ്രവചനത്തെക്കുറിച്ച് ശ്രദ്ധിയ്ക്കുന്നത് നന്നായിരിയ്ക്കും.മനുഷ്യകുലത്തിന്റെ അവസ്ഥയും അതില്‍നിന്ന് പുറത്തുവരാഞ്ഞാല്‍ ഉണ്ടാകുന്ന നാശത്തെയുംകുറിച്ചാണ് ഇതില്‍ പറയുന്നത്.ഈ സുഷുപ്തിയില്‍നിന്ന് ഉണരാതെ മനുഷ്യന്‍ രക്ഷപ്പെടില്ലെന്നാണ് ഇതിന്റെ ചുരുക്കം.
ജീവിതത്തിന്റെ മറ്റൊരു തലത്തില്‍ എത്തിനില്‍ക്കുന്ന ഈ ദാര്‍ശനികന്റെ വാക്കുകള്‍ ശ്രദ്ധിയ്ക്കൂ.
ഈ പ്രവചനത്തിന്റെ പൂര്‍ണ്ണരൂപം .
English ല്‍---http://theultimateplatform.blogspot.com/2011/03/prophecy.html


Malayalam ത്തില്‍-- http://viewcrackers.blogspot.com/2010/12/prophesy.html

Friday, 3 June 2011

ഭാരതസംസ്കാരത്തിന്റെ പുനരുജ്ജീവനം-പുതിയ തലമുറയില്‍

ലോകത്തിലെത്തന്നെ ഏറ്റവും പഴയ നാഗരികതയാണ് ഭാരതത്തിന്റെ.മറ്റു സാമ്രാജ്യങ്ങള്‍ പോലും മാതൃകയാക്കാന്‍ തയ്യാറായിരുന്ന ഈ സംസ്കാ‍രത്തെപ്പറ്റി ഇന്ന് ഭാരതീയരായ നമുക്കു തന്നെ ധാരണയില്ല.സാംസ്കാരിക മൂല്യങ്ങള്‍ക്ക് ശോഷണം സംഭവിച്ചുകൊണ്ടിരിയ്ക്കുന്ന ഈ കാലഘട്ടത്തില്‍ മൂല്യങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ഗുരുവായൂരിലും തൃശ്ശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലും, കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി വിവിധ പ്രായത്തില്‍പ്പെട്ട കുട്ടികള്‍ക്ക് ക്ലാസ്സുകള്‍ നടന്നുവരുന്നു.ഓരോ മേഖലയിലും പ്രഗത്ഭരായ, പരിചയസമ്പന്നരായ ആളുകള്‍ ക്ലാസ്സുകള്‍ നയിയ്ക്കുന്നു. യുവജനങ്ങളുടെ ഭാവിയെ സംബന്ധിച്ച് പൊതു സമൂഹവും,കുടുംബവും അസ്വസ്ഥരാകുന്ന ഈ നാളുകളില്‍ അവരെ വഴിതെറ്റാതെ കൊണ്ടുപോകാനാവശ്യമായ ജീവിതപരിശീലനവും ഇവിടെ നല്‍കപ്പെടുന്നു. ആരോടെല്ലാം എങ്ങനെയെല്ലാം പെരുമാറണമെന്നും ജീവിതത്തില്‍ കൈവിടാതെ മുറുകെപ്പിടിയ്ക്കേണ്ട മൂല്യങ്ങള്‍ എന്തെല്ലാമാണെന്നും പറഞ്ഞുകൊടുക്കാന്‍ മാതാപിതാക്കള്‍ക്കോ അധ്യാപകര്‍ക്കോ സാധിയ്ക്കുന്നില്ല.
ഇന്നത്തെ തലമുറയിലെ കുഞ്ഞുങ്ങളെക്കുറിച്ച് വേവലാതിപ്പെടുന്നതല്ലാതെ അവരെ നേര്‍വഴിയ്ക്കു നയിക്കാന്‍ ആവശ്യമായ യാതൊരു നടപടിയും സ്വീകരിയ്ക്കാതെ,അല്ലെങ്കില്‍ ഒരു പക്ഷേ അതേക്കുറിച്ചറിയാതെ, മാതാപിതാക്കളുടെ സമൂഹം പകച്ചുനില്‍ക്കുകയാണ്.അധ്യാപകര്‍ പാഠപുസ്തകത്തില്‍ക്കവിഞ്ഞ് മറ്റൊരു ലോകമില്ലെന്ന് ചിന്തിയ്ക്കുന്നവരായും മാറിയിരിയ്ക്കുന്നു.
വിവിധ ജാതിമത വിഭാഗങ്ങളില്‍പ്പെട്ട കുട്ടികളില്‍ ജീവിതത്തിന്റെ കാഴ്ചപ്പാട് രൂപീകരിയ്ക്കുന്നതില്‍ വിജയിച്ച് ഈ മാര്‍ഗ്ഗനിര്‍ദ്ദേശക്ലാസ്സുകള്‍ മുന്നോട്ടുനീങ്ങുന്നു.നാളെമേലില്‍ സ്വന്തം മക്കള്‍ ഈ സമൂഹത്തിന് മുതല്‍ക്കൂട്ടായിത്തീരണമെന്ന് മാതാപിതാക്കള്‍ ചിന്തിയ്ക്കുന്നുവെങ്കില്‍,അവര്‍ സ്വന്തം കുടുംബത്തിനു ഭാരമായി മാതാപിതാക്കളെ കാണാതിരിയ്ക്കണമെങ്കില്‍,അവരെ ഈ ക്ലാസ്സുകളില്‍ പങ്കെടുപ്പിയ്ക്കാം.സ്വയം‌പര്യാപ്തരായി നിലകൊള്ളാന്‍ ഈ ക്ലാസ്സുകള്‍ കുട്ടികളെ സഹായിയ്ക്കുന്നു.

ക്ലാസ്സുകളെക്കുറിച്ചറിയാന്‍ ബന്ധപ്പെടുക:+91-9349227475

“കൃഷ്ണാ ഗുരുവായൂരപ്പാ” എന്ന പ്രസ്ഥാനം.

നിങ്ങള്‍ക്ക് ഗുരുവായൂരിനെക്കുറിച്ച് എന്തെങ്കിലും അറിയണമെങ്കില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ രീതികളെക്കുറിച്ച് അറിയണമെങ്കില്‍,ക്ഷേത്രത്തിലെ പൂജാവിധികളെക്കുറിച്ച് അറിയണമെങ്കില്‍ ഇതാ ഗുരുവായൂരില്‍  പ്രവര്‍ത്തിച്ചുവരുന്ന “കൃഷ്ണാ ഗുരുവായൂരപ്പാ” എന്ന കൂട്ടായ്മ‍. തികച്ചും ലാഭേച്ഛയില്ലാതെയാണ് ഇതിന്റെ പ്രവര്‍ത്തനം.ക്ഷേത്രത്തില്‍ നീണ്ട കാലത്തെ പ്രവര്‍ത്തനപരിചയമുള്ള പലരുടേയും സേവനം ഇതിലൂടെ ലഭ്യമാണ്.
 ഈ സൌകര്യം ഉപയോഗപ്പെടുത്തി ഗുരുവായൂരില്‍ മുറികള്‍ റിസര്‍വ് ചെയ്യാനുള്ള സഹായം തേടാം, ഏതെല്ലാം ലോഡ്ജുകളില്‍ റൂമുകള്‍ ലഭിയ്ക്കാന്‍ സാദ്ധ്യതയുണ്ടെന്ന് ചോദിയ്ക്കാം, വിവാഹം നടത്താനായി എന്തെല്ലാം ഒരുക്കങ്ങള്‍ ഇവിടെ നടത്തണമെന്നും എപ്പോഴെല്ലാം വിവാഹം നടത്താമെന്നും ചോദിയ്ക്കാം.ക്ഷേത്രത്തില്‍ ദര്‍ശനത്തിനുള്ള സൌകര്യം എപ്പോഴെല്ലാമുണ്ടെന്നും ചില പ്രത്യേക വഴിപാടുകള്‍ എപ്പോഴെല്ലാം നടത്താന്‍ സാധിയ്ക്കുമെന്നും അന്വേഷിക്കാം.
അങ്ങനെ ഗുരുവായൂരിനെയും ക്ഷേത്രത്തെയും സംബന്ധിക്കുന്ന വിവരങ്ങള്‍ സമഗ്രമായി ലഭ്യമാകുന്നു. നൂറുകണക്കിനാളുകള്‍ വ്യത്യസ്ത സമയങ്ങളില്‍ ഈ സേവനം സൌജന്യമായി ഉപയോഗപ്പെടുത്തുന്നു.ORKUT ലെ “കൃഷ്ണാ ഗുരുവായൂരപ്പാ” എന്ന community യും ഇതിനോട് ബന്ധപ്പെട്ടുണ്ട്.ഇതിന്റെ ലിങ്ക് താഴെ post ചെയ്യുന്നു.ആര്‍ക്കും ഇതില്‍ അംഗങ്ങളായി വിവരങ്ങള്‍ തേടാം.


http://www.orkut.com/Community.aspx?cmm=44360338


ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍:+91-9349227475

Wednesday, 1 June 2011

വൈശാഖകാലം സമാപിച്ചു.

ഴിഞ്ഞ ഒരുമാസമായി സപ്താഹങ്ങളാലും ഭക്തിപ്രഭാഷണങ്ങളാലും സാന്ദ്രമായിരുന്ന വൈശാഖകാലം സമാപിച്ചു. ഈ വര്‍ഷം മെയ്-4 മുതല്‍ ജൂണ്‍-1 വരെയായിരുന്നു വൈശാഖമാസവ്രതം.മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലും കൂത്തമ്പലത്തിലും ഭക്തിപ്രഭാഷണങ്ങളും സപ്താഹങ്ങളും നടന്നിരുന്നു. ശ്രീമതി.പ്രേമപാണ്ഡുരംഗ, പ്രൊഫ:പരശുരാമന്‍ തുടങ്ങിയ പ്രമുഖരുടെ ഒരു നിരതന്നെ ഇതില്‍ പങ്കെടുത്തിരുന്നു. ഭക്തോത്തമരായ വാഴക്കുന്നം തിരുമേനി,പണ്ഡിറ്റ് ഗോപാലന്‍ നായര്‍,കൂടല്ലൂര്‍ കുഞ്ഞിക്കാവ് തിരുമേനി,വൈശ്രവണത്ത്,ഓട്ടൂര്‍,ആഞ്ഞം മാധവന്‍ നമ്പൂതിരി തുടങ്ങിയ മഹാരഥന്മാരുടെ വൈശാഖകാല പ്രഭാഷണങ്ങളും സപ്താഹങ്ങളും ഗുരുവായൂരിന്റെ മണ്ണിനെ കോരിത്തരിപ്പിച്ചിരുന്ന കാലം ചിലരുടെയെങ്കിലും ഓര്‍മ്മയില്‍ ഇന്നുമുണ്ട്.

പദ്മപുരാണത്തിലാണ് വൈശാഖമാസവ്രതമഹിമ വര്‍ണ്ണിച്ചിരിയ്ക്കുന്നത്.അന്നദാനം,ബ്രഹ്മചര്യം,നാമസങ്കീര്‍ത്തനം,പുരാണപാരായണ പ്രഭാഷണശ്രവണം എന്നിവ വ്രതത്തിന്റെ മുഖ്യ ഘടകങ്ങളായി പറയുന്നു. വൈശാഖമാസത്തിലാണ് ഭഗവാന്‍റെ നരസിംഹാവതാരം, പരശുരാമാവതാരം, ബലരാമാവതാരം എന്നീ മൂന്ന് അവതാരങ്ങള്‍ നടന്നത് എന്നതും ഈ മാസത്തിന് മേന്മയേറ്റുന്നു. അതില്‍ പരശുരാമാവതാരവും ബലരാമാവതാരവും അക്ഷയതൃതീയയിലാണ് നടന്നത് എന്നു പറയപ്പെടുന്നു. നരംസിംഹാവതാരം വെളുത്ത ചതുര്‍ദ്ദശിയ്ക്കു നടന്നതായാണ് പറയാറുള്ളത്. കൃതയുഗം തുടങ്ങിയതും വൈശാഖമാസത്തിലെ അക്ഷയതൃതീയയ്ക്കാണത്രേ.എന്തായാലും ഗുരുവായൂര്‍ ക്ഷേത്രത്തെ സംബന്ധിച്ച് വൈശാഖകാലം പുണ്യകാലമാണ്.

കൃഷ്ണാ ഗുരുവായൂരപ്പാ!!..