Wednesday, 1 June 2011

വൈശാഖകാലം സമാപിച്ചു.

ഴിഞ്ഞ ഒരുമാസമായി സപ്താഹങ്ങളാലും ഭക്തിപ്രഭാഷണങ്ങളാലും സാന്ദ്രമായിരുന്ന വൈശാഖകാലം സമാപിച്ചു. ഈ വര്‍ഷം മെയ്-4 മുതല്‍ ജൂണ്‍-1 വരെയായിരുന്നു വൈശാഖമാസവ്രതം.മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലും കൂത്തമ്പലത്തിലും ഭക്തിപ്രഭാഷണങ്ങളും സപ്താഹങ്ങളും നടന്നിരുന്നു. ശ്രീമതി.പ്രേമപാണ്ഡുരംഗ, പ്രൊഫ:പരശുരാമന്‍ തുടങ്ങിയ പ്രമുഖരുടെ ഒരു നിരതന്നെ ഇതില്‍ പങ്കെടുത്തിരുന്നു. ഭക്തോത്തമരായ വാഴക്കുന്നം തിരുമേനി,പണ്ഡിറ്റ് ഗോപാലന്‍ നായര്‍,കൂടല്ലൂര്‍ കുഞ്ഞിക്കാവ് തിരുമേനി,വൈശ്രവണത്ത്,ഓട്ടൂര്‍,ആഞ്ഞം മാധവന്‍ നമ്പൂതിരി തുടങ്ങിയ മഹാരഥന്മാരുടെ വൈശാഖകാല പ്രഭാഷണങ്ങളും സപ്താഹങ്ങളും ഗുരുവായൂരിന്റെ മണ്ണിനെ കോരിത്തരിപ്പിച്ചിരുന്ന കാലം ചിലരുടെയെങ്കിലും ഓര്‍മ്മയില്‍ ഇന്നുമുണ്ട്.

പദ്മപുരാണത്തിലാണ് വൈശാഖമാസവ്രതമഹിമ വര്‍ണ്ണിച്ചിരിയ്ക്കുന്നത്.അന്നദാനം,ബ്രഹ്മചര്യം,നാമസങ്കീര്‍ത്തനം,പുരാണപാരായണ പ്രഭാഷണശ്രവണം എന്നിവ വ്രതത്തിന്റെ മുഖ്യ ഘടകങ്ങളായി പറയുന്നു. വൈശാഖമാസത്തിലാണ് ഭഗവാന്‍റെ നരസിംഹാവതാരം, പരശുരാമാവതാരം, ബലരാമാവതാരം എന്നീ മൂന്ന് അവതാരങ്ങള്‍ നടന്നത് എന്നതും ഈ മാസത്തിന് മേന്മയേറ്റുന്നു. അതില്‍ പരശുരാമാവതാരവും ബലരാമാവതാരവും അക്ഷയതൃതീയയിലാണ് നടന്നത് എന്നു പറയപ്പെടുന്നു. നരംസിംഹാവതാരം വെളുത്ത ചതുര്‍ദ്ദശിയ്ക്കു നടന്നതായാണ് പറയാറുള്ളത്. കൃതയുഗം തുടങ്ങിയതും വൈശാഖമാസത്തിലെ അക്ഷയതൃതീയയ്ക്കാണത്രേ.എന്തായാലും ഗുരുവായൂര്‍ ക്ഷേത്രത്തെ സംബന്ധിച്ച് വൈശാഖകാലം പുണ്യകാലമാണ്.

കൃഷ്ണാ ഗുരുവായൂരപ്പാ!!..

No comments:

Post a Comment