Wednesday, 31 August 2011

ഗുരുവായൂരില്‍ അത്തപ്പൂക്കളം.



ഓണക്കാലത്തോടനുബന്ധിച്ച് അത്തം മുതല്‍ 10 ദിവസം ഭഗവത്‌സന്നിധിയില്‍ , കിഴക്കേ  ദീപസ്തംഭത്തിനു സമീപത്തായി വര്‍ഷം തോറും ഈ പൂക്കളങ്ങള്‍ ഒരുക്കാറുണ്ട്. ഓരോദിവസത്തെയും പൂക്കളം ഭംഗിയാക്കാന്‍ അതിന്റെ സംഘാടകര്‍ ആരോഗ്യകരമായ മത്സരത്തില്‍ ഏര്‍പ്പെടാറുണ്ട്. .പലതരം പൂക്കളും ഇലകളും എല്ലാം പൂക്കളങ്ങളില്‍ ഉപയോഗിയ്ക്കും. ഈ കളത്തില്‍ വെളുത്ത നിറത്തിനായി കുരുത്തോല ഉപയോഗിച്ചിട്ടുള്ളതായി കാണാം.ശ്രീകൃഷ്ണ ഫ്ലവര്‍മാള്‍ട്ട് വകയായിരുന്നു ആദ്യ പൂക്കളം.
31-08-2011,അത്തം നാളിലെ പൂക്കളമാണ്  ചിത്രത്തില്‍ കാണുന്നത്.

Monday, 29 August 2011

ബസ്-ട്രെയിന്‍ സമയ വിവരങ്ങള്‍


കേരള     ബസ്സുകളുടെ സമയം.

05:30--ഗാന്ധിപുരം( കൊയമ്പത്തൂര്‍ )
06:00-പളനി
07:00-പൊള്ളാച്ചി.
11:30-പളനി
15:30--ഗാന്ധിപുരം
19:00-ബാംഗ്ലൂര്‍


തിരുവനന്തപുരം
05:00,05:10, 08.25,10:00,12.30,16:00,21:30,21:45
നെയ്യാറ്റിന്‍‌കര---17:30

കോഴിക്കോട്
04:30,06:00,06:30,07:30,08:30,09:30,10:30,
11:30,13,13:30,14:15,15,15:30,16:30,17:30


ത്മിഴ്നാട് ബസ്സുകളുടെ സമയം.

08:00,08:30,20:30,22:10--സേലം
08:45,17:45---കോയമ്പത്തൂര്‍
13:30--ചെന്നൈ
14:00-പളനി
20:00 മധുര.


കര്‍ണ്ണാടക ബസ്സുകള്‍
07:00,09:00-മൈസൂര്‍

ട്രെയിന്‍ സമയവിവരം

ഗുരുവായൂരില്‍ നിന്ന്

03:20---തിരുവനന്തപുരം ഇന്റര്‍സിറ്റി
06:45 --എറണാകുളം പാസ്സഞ്ചര്‍
08:55----തൃശ്ശൂര്‍ പാസ്സഞ്ചര്‍
13:20--എറണാകുളം പാസ്സഞ്ചര്‍
17:05--തൃശ്ശൂര്‍ പാസ്സഞ്ചര്‍
20:50-ചെന്നൈ എഗ്മോ‍ര്‍ (തിരുവനന്തപുരം വഴി)

Sunday, 28 August 2011

മധു നിര്‍മ്മാതാവാകുന്നു-തമിഴില്‍


25 വര്‍ഷങ്ങള്‍ക്കു ശേഷം നടന്‍ മധു വീണ്ടും ഒരു ചിത്രത്തിന്റെ നിര്‍മ്മാതാവാകുന്നു.1986ല്‍ സ്വപ്നസാഗര മൂവീസിന്റെ ബാനറില്‍ പൂര്‍ത്തിയായ ‘ഉദയം പടിഞ്ഞാറ്’ ആയിരുന്നു അദ്ദേഹം ഒടുവില്‍ നിര്‍മ്മിച്ച ഫീച്ചര്‍ ചിത്രം. ഉമ ആര്‍ട്സിന്റെ ബാനറില്‍ ഒരുങ്ങിയ ‘രതിലയം’ ചിത്രവും. 2001ല്‍ മധു നിര്‍മ്മിച്ച കുട്ടികളുടെ ചിത്രം ‘മിനി’ ആ വര്‍ഷത്തെ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയിരുന്നു.മധുവിനെ നായകനാക്കി ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ സംവിധാനം ചെയ്ത് റെക്കോഡിട്ട പി.ചന്ദ്രകുമാറായിരുന്നു ‘മിനി’യുടേയും സംവിധായകന്‍.ഇവര്‍ വീണ്ടും ഒന്നിയ്ക്കുകയാണ്.

തമിഴിലാണ് ഇവരുടെ പുതിയ കാല്‍‌വയ്പ്. ഉമ ആര്‍ട്സിന്റെ ബാനറില്‍ മധു നിര്‍മ്മിയ്ക്കുന്ന ‘എന്‍ അന്‍പേ’ എന്ന ചിത്രമാണ് പി.ചന്ദ്രകുമാര്‍ സംവിധാനം ചെയ്യുന്നത്. മധു തമിഴില്‍ നിര്‍മ്മിയ്ക്കുന്ന ആദ്യ ചിത്രം കൂടിയാണ് ‘എന്‍ അന്‍പേ’.
രചന-മണിരണിധരന്‍.താമരയുടെ വരികള്‍ക്ക് കൃഷ്ണജ്യോതി സംഗീതസംവിധാനം നിര്‍വ്വഹിയ്ക്കുന്നു. 

ഛായാഗ്രഹണം- വി.ആര്‍ .ജഗന്ത്.
പ്രകാശ് രാജ്, ചാരുഹാസന്‍, വിവേക്, മുകുന്ദന്‍, ശരണ്യ, സുകുമാരി, മനോരമ, കോവൈ സരള, ജെയിന്‍ റാണിയ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍ .

Sunday, 21 August 2011

ജന്മാഷ്ടമി ദിനത്തില്‍ കണ്ണനെ കാണാന്‍ ആയിരങ്ങള്‍




ഞായറാഴ്ച ഭഗവാന്റെ പിറന്നാള്‍ ദിനത്തില്‍ ഉണ്ണിക്കണ്ണനെക്കണ്ട് സായൂജ്യമടയാന്‍ ആയിരങ്ങള്‍ ഗുരുവായൂരിലെത്തി. ക്ഷേത്ര ചടങ്ങുകള്‍ സാധാരണപോലെത്തന്നെ പുലര്‍ച്ചെ 3 മണിയ്ക്കാരംഭിച്ചു.പ്രധാന വഴിപാടുകളായ അപ്പവും പാല്‍‌പായസവും ധാരാളമായി ശീട്ടാക്കിയിരുന്നു. 2.63 ലക്ഷത്തിന്റെ അപ്പവും 2.10 ലക്ഷത്തിന്റെ പാല്‍‌പായസവുമാണ് ശീട്ടാക്കിയിട്ടുള്ളത്.
                                               
രാവിലെ 9.30ഓടു കൂടി പ്രസാദ ഊട്ട് ആരംഭിച്ചു. കാളന്‍, ഓലന്‍, എരിശ്ശേരി, പപ്പടം എന്നീ വിഭവങ്ങളോടെയാണ് വിഭവസമൃദ്ധമായ സദ്യ. ഭക്തജനത്തിരക്ക് വളരെയധികം അനുഭവപ്പെടുന്നുണ്ടായിരുന്നു.പോലീസ് സേനാംഗങ്ങളും NCC,വിമുക്തഭടര്‍ തുടങ്ങിയവരും തിരക്ക് നിയന്ത്രിയ്ക്കുന്നതില്‍ കാര്യമായി ശ്രദ്ധിയ്ക്കുന്നുണ്ടായിരുന്നു. അയ്യപ്പസേവാസംഘം വക സംഭാരവിതരണം ഭക്തര്‍ക്ക് ആശ്വാസമേകി.
                                                
ഗുരുവായൂര്‍ നായര്‍ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ അഷ്ടമിരോഹിണി ഘോഷയാത്ര രാവിലെ 9.30 ഓടു കൂടി മമ്മിയൂര്‍ ക്ഷേത്രത്തില്‍നിന്ന് ആരംഭിച്ചു. ശിവകൃഷ്ണ ഭക്തസേവാസംഘത്തിന്റെ ഘോഷയാത്ര പെരുന്തട്ട ക്ഷേത്രത്തില്‍ നിന്നാണ് ആരംഭിച്ചത്. താലവും ഉറിയടിയും ഗോപികാനൃത്തവും എഴുന്നള്ളിപ്പുമായി ഇരു സംഘങ്ങളും ക്ഷേത്രത്തെ പ്രദക്ഷിണം വച്ചു.
                                         
വൈകുന്നേരം 3 മണിയോടുകൂടി തിരുവെങ്കിടംക്ഷേത്രത്തില്‍ നിന്ന് ശോഭായാത്ര ഉണ്ടായിരുന്നു. മനോഹരങ്ങളായ കൃഷ്ണ-ഗോപീ രൂപങ്ങളുടെ സാന്നിദ്ധ്യത്താല്‍ സമ്പന്നമായിരുന്ന ഈ യാത്ര ക്ഷേത്രനടയില്‍ സമാപിച്ചു. 

                                                
രാത്രി 8 മണിയോടെ മമ്മിയൂര്‍ ക്ഷേത്ര പരിസരത്തുനിന്നാരംഭിച്ച “ജീവത” എഴുന്നള്ളിപ്പും വിവിധ പുരാണ-പുരാണേതര കഥാഖ്യാനങ്ങളും ദൃശ്യാവിഷ്കാരങ്ങളും ജീവസ്സുറ്റതായിരുന്നു.
                                               
ക്ഷേത്രദര്‍ശനത്തിനുള്ള ഭക്തര്‍ വരിനില്‍ക്കുന്ന കിഴക്കേനടയിലെ ക്യൂ കോംപ്ലക്സ് രാവിലെത്തന്നെ ഏതാണ്ട് പൂര്‍ണ്ണമായി നിറഞ്ഞു കാണാമായിരുന്നു. സ്ത്രീകള്‍ക്കായി പ്രത്യേക ക്യൂ ,മേല്പത്തൂര്‍ ഓഡിറ്റോറിയത്തിന് വടക്കുവശത്തുകൂടെ സജ്ജമാക്കിയിരുന്നു.

Thursday, 18 August 2011

കണ്ണന്റെ ദര്‍ശനപുണ്യം തേടി മോഹന്‍ലാല്‍ !!


വ്യാഴാഴ്ച പുലര്‍ച്ചെ 5 മണിയോടെയാണ് ലാല്‍ ദര്‍ശനത്തിനെത്തിയത്.കണ്ണന് നാണയങ്ങള്‍ നിറച്ച വെള്ളിക്കുടവും സ്വര്‍ണ്ണ ഓടക്കുഴലും സമര്‍പ്പിച്ചത്.ഗുരുവായൂരപ്പന് മുഴുക്കാപ്പ് കളഭം ചാര്‍ത്ത്,തന്റെയും ഭാര്യ സുചിത്രയുടെയും പേരില്‍ അഹസ്സ്, എന്നീ വഴിപാടുകള്‍ അദ്ദേഹം നടത്തി.സപ്തംബര്‍ 2ന് കൃഷ്ണനാട്ടം കളി (ബാണയുദ്ധം) നടത്താനുള്ള രൂപ ദേവസ്വത്തില്‍ അദ്ദേഹം അടച്ചു.

മരപ്രഭുശില്പം കാണാനും അതിന്റെ ശില്പിയെ പ്രശംസിയ്ക്കാനും അദ്ദേഹം മറന്നില്ല.

Monday, 15 August 2011

ഗുരുവായൂരിന്റെ ദേശീയത!!!!!!


സ്വാതന്ത്ര്യദിനത്തില്‍ ദേശീയപതാക ഉയര്‍ത്തുന്നതിന് പ്രത്യേക നിബന്ധനകള്‍ നിലവിലിരിയ്ക്കെ, ഗുരുവായൂരില്‍ ദേശീയപതാകയെ വ്യക്തമായ രീതിയില്‍ അപമാനിയ്ക്കുന്ന ദൃശ്യങ്ങള്‍ കാണപ്പെട്ടു. പടിഞ്ഞാറേനട ജംങ്ഷനു സമീപം പഴയ ഗുരുവായൂര്‍ ടൌണ്‍ഷിപ്പ് റസ്റ്റ് ഹൌസിനു മുന്‍‌പിലുള്ള ഓട്ടോസ്റ്റാന്റില്‍ രാഷ്ട്രീയ  പാര്‍ട്ടികളുടെ കൊടികള്‍ക്കു താഴെയായി ദേശീയ പതാക കെട്ടിയിരിയ്ക്കുന്നത് കാണാമായിരുന്നു.അധികാരികളില്‍ ആരുടെയും ശ്രദ്ധയില്‍ ഇത് പെടാതിരുന്നത് എങ്ങനെ എന്നത് അതിശയകരം തന്നെ...!!

ദേശീയപതാകയോട് തികഞ്ഞ അനാദരവ് പ്രകടിപ്പിയ്ക്കുന്ന രീതിയിലുള്ള ഈ പെരുമാറ്റം അങ്ങേയറ്റം അപലപനീയമാണ്.

Saturday, 13 August 2011

ക്ഷേത്രനഗരിയ്ക്ക് കൂടുതല്‍ പോലീസ് സുരക്ഷ



ഗുരുവായൂരിലെ സുരക്ഷ വിലയിരുത്താന്‍ എ.ഡി.ജി.പി രാജേഷ് ദിവാന്‍,ഐ.ജി.,ബി.സന്ധ്യ എന്നിവരടങ്ങിയ ഉന്നതോദ്യോഗസ്ഥര്‍ ഗുരുവായൂരിലെത്തി.ഗുരുവായൂരിലെ ദര്‍ശനത്തിനുള്ള ക്യൂ സിസ്റ്റം പരിഷ്കരിയ്ക്കാനും ധാരണയായിട്ടുണ്ട്.കിഴക്കേ ഗോപുരനട വഴി പ്രവേശിയ്ക്കുന്നവര്‍ ദര്‍ശനത്തിനുശേഷം പടിഞ്ഞാറേനടയിലൂടെ പുറത്തുപോകണം. സുരക്ഷാപരിശോധനകള്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിലാവണം നടത്തേണ്ടതെന്ന് നിര്‍ദ്ദേശമുണ്ടായി.

തീപ്പിടുത്തമടക്കമുള്ള അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിയ്ക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങളും എ.ഡി.ജി.പി നല്‍കി.ക്ഷേത്രം അഗ്നിബാധയ്ക്കിരയായപ്പോള്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വാച്ച്മാന്‍ ശ്രീ.ഗോപാലകൃഷ്ണന്‍ നായരോട് എ.ഡി.ജി.പി. അഭിപ്രായങ്ങള്‍ ആരാഞ്ഞു.കത്താനുണ്ടായ സാഹചര്യങ്ങളെക്കുറിച്ചും അപകടം ഒഴിവാക്കിയ രീതികളെക്കുറിച്ചും അദ്ദേഹം വിലയിരുത്തലുകള്‍ നടത്തി.


സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കൂടുതല്‍ പോലീസിനെ ക്ഷേത്രനഗരിയില്‍ വിന്യസിയ്ക്കാനും സായുധപോലീസിനെ 24 മണിക്കൂറും ക്ഷേത്രപരിസരത്ത് നിലനിര്‍ത്താനും എ.ഡി.ജി.പി.നിര്‍ദ്ദേശിച്ചു.

Sunday, 7 August 2011

കണ്ണനുമുമ്പില്‍ മഹാഗോപൂജ



ഗുരുവായൂരില്‍ അഷ്ടമിരോഹിണിയാഘോഷത്തോടനുബന്ധിച്ച്, ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഗോപൂജ നടത്തി.ക്ഷേത്രത്തിന് തെക്കുവശം പ്രത്യേകമായി തയ്യാറാക്കിയ ഗോശാലയില്‍ 3 മണിയോടുകൂടി ചടങ്ങുകള്‍ ആരംഭിച്ചു. ക്ഷേത്രം ഓതിയ്ക്കന്‍ മുന്നൂലം നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു ഗോപൂജ. ഏകദേശം 35 പശുക്കള്‍ ഈ ചടങ്ങില്‍ ഉള്‍പ്പെട്ടിരുന്നു. കിഴക്കേനടയില്‍നിന്ന് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ പശുക്കളെ ആനയിച്ചു. കഴുത്തില്‍ മഞ്ഞച്ചരടില്‍ കോര്‍ത്ത മണി കെട്ടി. നെറ്റിയില്‍ തിലകം അണിയിച്ചു. ഗോപാലകരെയും ചടങ്ങില്‍ ആദരിയ്ക്കുകയുണ്ടായി.

ഈ ചടങ്ങുകള്‍ക്കുശേഷം രുദ്ര തീര്‍ത്ഥത്തെ പ്രദക്ഷിണം വച്ച്,ഗോക്കളും ഗോപാലകരും ,ഭക്തജനങ്ങളും അടങ്ങുന്ന സംഘം മടങ്ങിയെത്തിയതോടെ ചടങ്ങുകള്‍ പരിസമാപ്തിയിലെത്തി.ക്ഷേത്രം വക വേങ്ങാട് ഗോകുലത്തിലെ പശുക്കളും ചടങ്ങില്‍ പങ്കെടുത്തു.

Tuesday, 2 August 2011

ഗുരുവായൂരില്‍ ഭക്തിനിര്‍ഭരമായി ഇല്ലംനിറ



ഗുരുവായൂരില്‍ ഇല്ലംനിറ ആഘോഷപൂര്‍വ്വം നടന്നു.ഇന്ന്‌ രാവിലെ 7.15 ഓടു കൂടിത്തന്നെ  ചടങ്ങുകള്‍ ആരംഭിച്ചു. ചിങ്ങമാസത്തില്‍ കൊയ്തെടുത്ത പൊന്നിന്‍‌കതിര്‍ക്കുലകളുമായി പാരമ്പര്യ അവകാശികളായ അഴീയ്ക്കല്‍ ,മനയം കുടുംബക്കാര്‍ തലേ ദിവ സമേ എത്തിച്ചേര്‍ന്നിരുന്നു.അവര്‍ ഗോപുരകവാടത്തില്‍ നാക്കില വച്ച് അരിമാവണിഞ്ഞ് കതിരുകള്‍ സമര്‍പ്പിച്ചു.കീഴ്ശാന്തി വേങ്ങേരി നാരായണന്‍ നമ്പൂതിരി തീര്‍ത്ഥം തളിച്ച് ശുദ്ധമാക്കിയ തിനുശേഷം ഈ കതിര്‍ക്കറ്റകള്‍ തലയില്‍ ചുമന്ന് കീഴ്ശാന്തി കുടുംബാങ്ങളെല്ലാം കൂടി പ്രദക്ഷിണം വച്ച് ശ്രീകോവിലിനുമുമ്പില്‍ നമസ്കാര മണ്ഡപത്തില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് ഭഗവാന്റെ മേല്‍ശാന്തി ശ്രീമാന്‍.ഗിരീശന്‍ നമ്പൂതിരി ലക്ഷ്മീപൂജയ്ക്കുശേഷം കതിര്‍ക്കറ്റകള്‍ പട്ടില്‍പൊതിഞ്ഞ് ഭഗവാന് സമര്‍പ്പിച്ചു.അതോടെ ഭക്തിനിര്‍ഭരമായ ഇല്ലംനിറ ചടങ്ങുകള്‍ സമാപിച്ചു. അതിനുശേഷം കതിരുകള്‍ ഭക്തര്‍ക്ക് പ്രസാദമായി വിതരണം ചെയ്തു. ഈ കതിരുകള്‍ വര്‍ഷം മുഴുവനും ഭവനങ്ങളില്‍ സൂക്ഷിയ്ക്കുന്നത് ഐശ്വര്യദായകമാണെന്ന് ഭക്തര്‍ കരുതുന്നു.


ചടങ്ങുകള്‍ ഭംഗിയായി നടന്നുവെങ്കിലും അഴീയ്ക്കല്‍ ,മനയം കുടുംബങ്ങളിലെ കാരണവന്‍‌മാരുടെ അസാന്നിദ്ധ്യം, ചടങ്ങില്‍ വളരെ പ്രകടമായിരുന്നു.ഇതിന്റെയെല്ലാം മുന്‍പന്തിയില്‍ നില്‍ക്കാ റുള്ള ഇടത്തിരിയത്തുകാവ് കോമരം അഴീയ്ക്കല്‍ ദാമോദരന്‍ നായര്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് അന്തരിച്ചത്. മനയം കുടുംബ ത്തിലെ രാമകൃഷ്ണന്‍ നായരുടെ നിര്യാണം ഏകദേശം ഒരുമാസം മു മ്പായിരുന്നു.


ഇല്ലംനിറയോടനുബന്ധിച്ചുള്ള അടുത്ത ചടങ്ങ് തൃപ്പുത്തരിയാണ്. പുതിയതായി വിളവെടുത്ത അരി ഉപയോഗിച്ചുള്ള ഇടിച്ചുപിഴിഞ്ഞ പായസമാണ് ഇതിന്റെ പ്രധാന വിശേഷം. ഭഗവാന് നിവേദിച്ച ശേഷം ഇതും ഭക്തര്‍ക്ക് വിതരണം ചെയ്യും.ആഗസ്റ്റ് 15 നാണ് ഈ ചടങ്ങ്.പ്രസാദം ലഭിയ്ക്കാന്‍ തലേദിവസം തന്നെ ശീട്ടെടുക്കണം.