ഞായറാഴ്ച ഭഗവാന്റെ പിറന്നാള്‍ ദിനത്തില്‍ ഉണ്ണിക്കണ്ണനെക്കണ്ട് സായൂജ്യമടയാന്‍ ആയിരങ്ങള്‍ ഗുരുവായൂരിലെത്തി. ക്ഷേത്ര ചടങ്ങുകള്‍ സാധാരണപോലെത്തന്നെ പുലര്‍ച്ചെ 3 മണിയ്ക്കാരംഭിച്ചു.പ്രധാന വഴിപാടുകളായ അപ്പവും പാല്‍പായസവും ധാരാളമായി ശീട്ടാക്കിയിരുന്നു. 2.63 ലക്ഷത്തിന്റെ അപ്പവും 2.10 ലക്ഷത്തിന്റെ പാല്‍പായസവുമാണ് ശീട്ടാക്കിയിട്ടുള്ളത്.
രാവിലെ 9.30ഓടു കൂടി പ്രസാദ ഊട്ട് ആരംഭിച്ചു. കാളന്‍, ഓലന്‍, എരിശ്ശേരി, പപ്പടം എന്നീ വിഭവങ്ങളോടെയാണ് വിഭവസമൃദ്ധമായ സദ്യ. ഭക്തജനത്തിരക്ക് വളരെയധികം അനുഭവപ്പെടുന്നുണ്ടായിരുന്നു.പോലീസ് സേനാംഗങ്ങളും NCC,വിമുക്തഭടര്‍ തുടങ്ങിയവരും തിരക്ക് നിയന്ത്രിയ്ക്കുന്നതില്‍ കാര്യമായി ശ്രദ്ധിയ്ക്കുന്നുണ്ടായിരുന്നു. അയ്യപ്പസേവാസംഘം വക സംഭാരവിതരണം ഭക്തര്‍ക്ക് ആശ്വാസമേകി.
ഗുരുവായൂര്‍ നായര്‍ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ അഷ്ടമിരോഹിണി ഘോഷയാത്ര രാവിലെ 9.30 ഓടു കൂടി മമ്മിയൂര്‍ ക്ഷേത്രത്തില്‍നിന്ന് ആരംഭിച്ചു. ശിവകൃഷ്ണ ഭക്തസേവാസംഘത്തിന്റെ ഘോഷയാത്ര പെരുന്തട്ട ക്ഷേത്രത്തില്‍ നിന്നാണ് ആരംഭിച്ചത്. താലവും ഉറിയടിയും ഗോപികാനൃത്തവും എഴുന്നള്ളിപ്പുമായി ഇരു സംഘങ്ങളും ക്ഷേത്രത്തെ പ്രദക്ഷിണം വച്ചു.
വൈകുന്നേരം 3 മണിയോടുകൂടി തിരുവെങ്കിടംക്ഷേത്രത്തില്‍ നിന്ന് ശോഭായാത്ര ഉണ്ടായിരുന്നു. മനോഹരങ്ങളായ കൃഷ്ണ-ഗോപീ രൂപങ്ങളുടെ സാന്നിദ്ധ്യത്താല്‍ സമ്പന്നമായിരുന്ന ഈ യാത്ര ക്ഷേത്രനടയില്‍ സമാപിച്ചു.
രാത്രി 8 മണിയോടെ മമ്മിയൂര്‍ ക്ഷേത്ര പരിസരത്തുനിന്നാരംഭിച്ച “ജീവത” എഴുന്നള്ളിപ്പും വിവിധ പുരാണ-പുരാണേതര കഥാഖ്യാനങ്ങളും ദൃശ്യാവിഷ്കാരങ്ങളും ജീവസ്സുറ്റതായിരുന്നു.
ക്ഷേത്രദര്‍ശനത്തിനുള്ള ഭക്തര്‍ വരിനില്‍ക്കുന്ന കിഴക്കേനടയിലെ ക്യൂ കോംപ്ലക്സ് രാവിലെത്തന്നെ ഏതാണ്ട് പൂര്‍ണ്ണമായി നിറഞ്ഞു കാണാമായിരുന്നു. സ്ത്രീകള്‍ക്കായി പ്രത്യേക ക്യൂ ,മേല്പത്തൂര്‍ ഓഡിറ്റോറിയത്തിന് വടക്കുവശത്തുകൂടെ സജ്ജമാക്കിയിരുന്നു.
മനോഹരമായിരിക്കുന്നു.
ReplyDelete