Monday, 28 April 2014

ചരിത്രമുറങ്ങുന്ന മഞ്ജുളാല്‍ ഓര്‍മ്മയാകുമോ?


             ഗുരുവായൂരിന്റെ ഓരോ നിമിഷത്തിനും മൂകസാക്ഷിയായിരുന്ന മഞ്ജുളാല്‍ ഇന്ന് ഉണങ്ങിത്തുടങ്ങിയിരിയ്ക്കുന്നു. നാഗരികതയുടെ കരാളഹസ്തത്തില്‍പ്പെട്ട്, വികസനത്തിന്റെ പേരുപറഞ്ഞ് സര്‍വ്വജ്ഞരായ ഉദ്യോഗസ്ഥവൃന്ദം  ആലിനുചുറ്റും തറകെട്ടി ഭംഗിയാക്കി. വേരുകള്‍ക്ക് ദാഹജലം ലഭ്യമാകാത്ത അവസ്ഥ വരെ എത്തിയപ്പോള്‍ പതുക്കെ പതുക്കെ         ആ വടവൃക്ഷം ഉണക്കത്തിലേയ്ക്ക് നീങ്ങുകയാണ്. ദേവസ്വം അധികാരികളുടെയും നഗരസഭാ അധികൃതരുടെയും ശ്രദ്ധയില്‍ പലതവണ ഇക്കാര്യം പെടുത്തിയിട്ടും അവര്‍ ഇതൊന്നും അറിഞ്ഞ മട്ടില്ല. ഉറങ്ങുന്നവരെയല്ലേ ഉണര്‍ത്താനൊക്കൂ!. ഇനിയും വൈകിയാല്‍, മഞ്ജുളയുടെ പരിദേവനം ശ്രവിച്ച്,ഭഗവാനുവേണ്ടി കെട്ടിയുണ്ടാക്കിയ മാല സ്വന്തം ശരീരത്തില്‍ ഏറ്റുവാങ്ങിയ ആ മഹാവൃക്ഷം കാലയവനികയ്ക്കുള്ളില്‍ മറയുമെന്നതിന് ആര്‍ക്കും സംശയം വേണ്ട. പുതുമഴയുടെ തലോടലാൽ വീണ്ടും ഈ ആലിന് തളിരിലകൾ പുറപ്പെടുവിക്കാൻ കഴിയുമെന്ന് പ്രത്യാശിക്കാം.

Friday, 25 April 2014

ഗുരുവായൂരപ്പന്റെ നഷ്ടപ്പെട്ട തിരുവാഭരണം മണിക്കിണറില്‍നിന്ന് ലഭിച്ചു..!!

                   29 വര്‍ഷം മുമ്പ് കാണാതായ, ഭഗവാന്റെ മൂന്ന് തിരുവാഭരണങ്ങളില്‍ ഒരെണ്ണവും
മറ്റൊന്നിന്റെ പൊട്ടിയ ചില കഷണങ്ങളും മണിക്കിണര്‍ വൃത്തിയാക്കുന്നതിനിടയില്‍
ലഭിച്ചു. 60ഗ്രാം തൂക്കമുള്ള സ്വര്‍ണ്ണ നാഗപടത്താലിയാണ് ലഭിച്ചതെന്ന് അധികൃതര്‍
പറയുന്നു.നഷ്ടപ്പെട്ട മറ്റൊരു മാലയുടെ അവശിഷ്ടങ്ങള്‍ ലഭിച്ചതിന് ഏകദേശം 7  ഗ്രാം 
തൂക്കം വരും.
                 1985 ഏപ്രില്‍ ഒന്നാം തിയതി കക്കാട് ദാമോദരന്‍ നമ്പൂതിരിയില്‍ നിന്ന് തിയ്യന്നൂര്‍ കൃഷ്ണന്‍നമ്പൂതിരി ശാന്തിയേറ്റപ്പോഴാണ് കണക്കിലുണ്ടായിരുന്ന മൂന്ന് തിരുവാഭരണങ്ങള്‍ കാണാതായത്  ശ്രദ്ധയില്‍ പെടുന്നത്.അതിനെത്തുടര്‍ന്ന് വലിയ രാഷ്ട്രീയ കോളിളക്കങ്ങളും പോലീസ് അന്വേഷണങ്ങളും ഉണ്ടായെങ്കിലും തുമ്പുണ്ടാക്കാന്‍ പറ്റാതെ കേസ് അവസാനിപ്പിക്കുകയായിരുന്നു. ദാമോദരന്‍ നമ്പൂതിരിയെയും മകനെയും പ്രതികളാക്കി കേസ് നടന്നെങ്കിലും മകന്‍ കുറ്റക്കാരനല്ലെന്ന് കോടതി വിധി പ്രസ്താവിക്കുന്നത് കേള്‍ക്കാന്‍ അഛന് യോഗമുണ്ടായില്ല. അപമാന ഭാരത്താലും മാനഹാനിയാലും ഹൃദയം നൊന്ത് അദ്ദേഹം നേരത്തേ കാലം ചെയ്തു.

            45ഗ്രാം തൂക്കം വരുന്ന മഹാലക്ഷ്മി മാല,96ഗ്രാം തൂക്കം വരുന്ന കല്ലുകള്‍പതിച്ച ചങ്ങലമാല,60ഗ്രാം തൂക്കമുള്ള നാഗപടത്താലി എന്നിവയാണ് എന്നിവയാണ് നഷ്ടപ്പെട്ടതായി കണ്ടത്. അഷ്ടമംഗല്യപ്രശ്നത്തില്‍ തിരുവാഭരണം മണിക്കിണറ്റില്‍ത്തന്നെയുണ്ടെന്ന് ദൈവജ്ഞര്‍ വിധിയെഴുതിയെങ്കിലും അത് വറ്റിച്ചുനോക്കി കണ്ടുപിടിയ്ക്കാന്‍ അന്ന് ആര്‍ക്കും ധൈര്യമുണ്ടായില്ല.

           എന്നാല്‍ തിരുവാഭരണം ലഭിച്ചതിന്റെ പിറ്റേദിവസം ഗുരുവായൂരിലെ സമീപവാസിയും പാരമ്പര്യമായി സ്വര്‍ണ്ണാഭരണ നിര്‍മ്മാതാവും സര്‍വ്വോപരി ഗുരുവായൂരപ്പന്റെ ഭക്തനുമായ ശ്രീ.ബാബു,ദേവസ്വം അധികൃതരുമായി സംസാരിക്കുകയും, പത്രമാധ്യമങ്ങളില്‍ കാണിച്ചതായ മാല, നേരത്തെപറയപ്പെട്ടതുപോലെ അത് നാഗപടത്താലിയല്ല പകരം പുലിനഖമാലയാണ് എന്ന് അറിയിയ്ക്കുകയും ചെയ്തിട്ടുണ്ട്. പുലിനഖമാലയെക്കുറിച്ച്   നഷ്ടപ്പെട്ടമാലകളുടെ കൂട്ടത്തില്‍ പ്രസ്താവിച്ചിട്ടില്ലാത്തതിനാല്‍ അത്തരത്തിലുള്ള  ഒരു മാലകൂടി നഷ്ടപ്പെട്ടിട്ടുണ്ടോ എന്നു സംശയം ഉയര്‍ന്നിട്ടുണ്ട്. 

Wednesday, 2 April 2014

പുതൂർ ഉണ്ണികൃഷ്ണൻ ഓർമ്മയായി



         ദേശീയതലത്തില്‍ പ്രശസ്തനായ പ്രമുഖ മലയാള സാഹിത്യകാരന്‍
ഉണ്ണികൃഷ്ണന്‍ പുതൂര്‍ ഓര്‍മ്മയായി.കേരള സാഹിത്യ അക്കാദമി അവാര്‍ഡ്
ഉള്‍പ്പെടെ പല പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.ഗുരുവായൂര്‍ ദേവസ്വത്തില്‍ ജീവനക്കാരുടെ
സംഘടനയുണ്ടാക്കി വളരെക്കാളം അതില്‍ പ്രവര്‍ത്തിച്ചു.കഥകള്‍, നോവലുകള്‍
എന്നിവയാണ് കൃതികളില്‍ അധികവും.കവിതകള്‍ വളരെ കുറവാണ്.ഏറ്റവും അവസാനം
പ്രസിദ്ധീകൃതമായ കൃതി ഭക്തപ്രിയ മാസികയില്‍ വന്നഒരു കവിതയായിരുന്നു.

       പരുക്കന്‍ ആശയങ്ങള്‍ ജീവിതഗന്ധിയായി അവതരിപ്പിച്ചുകൊണ്ട്  വായനക്കാരുടെ
സമക്ഷം തനതായ ഒരു വായനാരീതിതന്നെ കൊണ്ടുവരാന്‍ പുതൂരിനായിട്ടുണ്ട്.ആനപ്പക,
ആട്ടുകട്ടില്‍, അമൃതമഥനം,ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

       ഗുരുവായൂരിലെ ‘ജാനകിസദനം’ എന്ന വീട്ടില്‍ ഇനി ആ ഒറ്റയാനില്ല.അദ്ദേഹത്തിന്റെ ചാരുകസേരയും പുസ്തകക്കൂമ്പാരങ്ങളും തങ്ങളുടെ രക്ഷിതാവ് വിട്ടുപോയല്ലോയെന്ന വിഷമത്താല്‍ കാലം കഴിച്ചുകൂട്ടും.

Friday, 21 March 2014

ഗുരുവായൂർ ഉത്സവം പത്താം ദിവസം(21-03-2014)
                 സ്വര്‍ണ്ണക്കോലപ്രഭയില്‍ ഭഗവാന്‍ ആറാട്ടിനെഴുന്നള്ളി.രാവിലെ ആറുമണിയോടെ നന്ദിനിയെന്ന പശുക്കിടാ‍വിന്റെ കരച്ചില്‍ കേട്ടാണ് ഭഗവാന്റെ പള്ളിയുണരല്‍ നടന്നത്.പിന്നെ തിരക്കുപിടിച്ച് ദന്തശുദ്ധി.തേന്‍,നെയ്യ്,മഞ്ഞല്‍പ്പൊടി, എണ്ണ തുടങ്ങിയവയാല്‍ അഭിഷേകം. അഞ്ജനം കൊണ്ട് കണ്ണെഴുതി,ഗോരോചനത്താല്‍ കുറി തൊട്ട് ദശപുഷ്പമാലചാര്‍ത്തി പുരാണവായനയും കേട്ടാണ് ഭഗവാന്‍ ശ്രീകോവിലില്‍ പ്രവേശിച്ചത്. സന്ധ്യാസമയത്ത് എഴുന്നള്ളിപ്പിനുമുമ്പായി തിടമ്പിലേയ്ക്ക് മൂലബിംബത്തില്‍നിന്ന്  ചൈതന്യം  ആവാഹിച്ചിരുന്നു. കൊടിമരച്ചുവട്ടില്‍ പഴുക്കാമണ്ഡപത്തിലിരുന്നായിരുന്നു ദീപാരാധന.പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തിലുള്ള സംഘം മേളത്തിന് കൊഴുപ്പേകി.





             ഏകദേശം 6.45 മണിയോടെ പുറത്തെഴുന്നള്ളിച്ചു.അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടത്.ഭഗവാന്റെ നീരാട്ട് കഴിഞ്ഞ് ആ തീര്‍ത്ഥത്തില്‍ മുങ്ങി നിര്‍വൃതിയടയാന്‍ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ തടിച്ചുകൂടിയിരുന്നു.ഭഗവാനെ നിറപറയും നിലവിളക്കുമായി ഭക്തര്‍ എതിരേറ്റു.ക്ഷേത്രക്കുളത്തിന് വടക്കുഭാഗത്ത് എഴുന്നള്ളിപ്പെത്തിയപ്പോള്‍ കണ്ടിയൂര്‍ പട്ടത്ത് നമ്പീശന്റെ അവകാശികള്‍ വന്ന് പറയുന്നതിനായി മേളം നിര്‍ത്തുകയും മൂന്ന്തവണ ശംഖ് ഊതുകയും ചെയ്തു.തത്സമയം അവിടത്തെ ഇപ്പോഴത്തെ അവകാശി വന്ന് ‘സങ്കടമില്ല‘ എന്നു ബോധിപ്പിയ്ക്കുകയും, മേളം പുനരാരംഭിയ്ക്കുകയും ചെയ്തു. ശേഷം 10 മണിയോടെ ഭഗവാന്‍ അകത്തേയ്ക്കെഴുന്നള്ളി.പിന്നെ ആറാട്ടുകടവില്‍ ഇളനീരും മഞ്ഞള്‍പ്പൊടിയും അഭിഷേകം ചെയ്തു.പാപനാശിനി സൂക്തം ജപിച്ച് തന്ത്രി രുദ്രതീര്‍ത്ഥത്തില്‍ മുങ്ങിക്കയറിയതോടെ നാരായണമന്ത്രങ്ങളാല്‍ തീര്‍ത്ഥക്കുളവും പരിസരവും മുഖരിതമായി.

               ഭഗവതിക്ഷേത്രത്തിന്റെ വാതില്‍മാടത്തു വച്ച്  സ്വസഹോദരീ സങ്കല്പത്തിലുള്ള ദേവിയോടൊന്നിച്ച് ഭഗവാന്റെ ഉച്ചപ്പൂജ. ശേഷം പ്രദക്ഷിണം.അതിനുശേഷം കൊടിയിറങ്ങി. തിടമ്പില്‍നിന്ന് ചൈതന്യം മൂലവിഗ്രഹത്തിലേയ്ക്ക് ആവാഹിച്ചു. 25 കലശാഭിഷേകവും അത്താഴപ്പൂ ജയും തൃപ്പുകയും കഴിഞ്ഞ് നട അടച്ചതോടെ 10 ദിവസം നീണ്ടുനിന്ന മഹോത്സവചടങ്ങുകള്‍ക്ക് പരിസമാപ്തിയായി.

Thursday, 20 March 2014

 ഗുരുവായൂർ ഉത്സവം ഒമ്പതാം ദിവസം(20-03-2014)
         
           ഇന്ന് ഭഗവാന്റെ പള്ളിവേട്ടയായിരുന്നു.വൈകീട്ട് 6.30 മണിയോടെ ക്ഷേത്രമതില്‍ക്കകം വിട്ട്  ഗ്രാമപ്രദക്ഷിണത്തിനായി ഭഗവാന്‍ ഇറങ്ങി.നിറപറയും നിലവിളക്കും വച്ച് ദേശവാസികള്‍ ഭഗവാനെ എതിരേറ്റു. അഞ്ച് ഗജവീരന്മാരെ അണീനിരത്തിക്കൊണ്ടാണ് പള്ളിവേട്ടയുടെ ചടങ്ങുകള്‍ ആരംഭിച്ചത്. പുറത്തേയ്ക്ക് എഴുന്നള്ളിയ ഭഗവാനെ ആയിരങ്ങള്‍ നമസ്കരിച്ചു.ക്ഷേത്രം ജീവനക്കാരും നാട്ടുകാരും പറചൊരിഞ്ഞ് ഭഗവാന്റെ എഴുന്നള്ളത്തിനെ സ്വാഗതം ചെയ്തു.തങ്ങളുടെ ക്ഷേമകാര്യങ്ങള്‍ അന്വേഷിയ്ക്കാന്‍ അന്നദാനപ്രഭു വരുമ്പോള്‍ അദ്ദേഹത്തെ വരവേല്‍ക്കേണ്ടത് അവരുടെ ചുമതലയല്ലേ!




             രാത്രി 9 മണിയോടെ കുളപ്രദക്ഷിണം അവസാനിപ്പിച്ച് ഭഗവാന്‍ എത്തി.പിന്നെ നേരെ അകത്തെയ്ക്ക്.അവിടെനിന്ന് ചില ചടങ്ങുകള്‍ക്കുശേഷം പള്ളിവേട്ടയ്ക്കായി പുറത്തേയ്ക്ക്. കിഴക്കേ നടയില്‍ വലിയദീപസ്തംഭത്തിനു സമീപത്തുനിന്ന് വേട്ടയാടിക്കൊണ്ട് ഭഗവാന്‍ അകത്തേയ്ക്ക്. കോഴി,മുതല,തവള, ഓന്ത്, ആമ തുടങ്ങിയ വേഷങ്ങളില്‍ നിരവധി ആളുകള്‍ പള്ളിവേട്ടയ്ക്കെത്തി യിരുന്നു. കഴിഞ്ഞ20 വര്‍ഷമായി ദേവസ്വം വക വേട്ടപ്പന്നിയായ ശ്രീ.മഠത്തില്‍ രാ‍ധാകൃഷ്ണന്‍ അവസാനമാണ് കിഴക്കേ ഗോപുരം കടന്നത്.

                അകത്ത് 9 പ്രദക്ഷിണത്തിനു ശേഷം പന്നിയെ വേട്ടയാടിയതായി സങ്കല്‍പ്പിച്ച് പിടിച്ച് തൂക്കി പുറത്തേയ്ക്ക് പോയതോടെപള്ളിവേട്ടയുടെ ചടങ്ങുകള്‍ക്ക് പരിസമാപ്തിയായി.പള്ളിവേട്ട കഴിഞ്ഞ് പരിക്ഷീണിതനായ ഭഗവാന്‍ അശുദ്ധിയുള്ളതിനാല്‍ ശ്രീകോവിലില്‍ പ്രവേശിയ്ക്കില്ലെ ന്നാ‍ണ്  ഐതിഹ്യം .നേരെ നംസ്കാരമണ്ഡപത്തില്‍ വിരിച്ചിട്ടിരിയ്ക്കുന്ന ശയ്യയില്‍ ഭഗവാന്‍ നിദ്ര കൊള്ളാന്‍ യാത്രയായി.

                  ഇനി നാളെ രാവിലെവരെ പരിപൂര്‍ണ്ണ നിശ്ശബ്ദതയാണ്. നാഴികമണിപോലും അടിയ്ക്കുകയില്ല. നാളെ രാവിലെ നന്ദിനിയെന്ന പശുക്കിടാവിന്റെ കരച്ചില്‍ കേട്ടായിരിയ്ക്കും കണ്ണന്‍ ഉണരുന്നത്. കഴിഞ്ഞ ജന്മം എന്തോ മഹാപുണ്യം ചെയ്തവളാണ് ആ പശുക്കിടാവ്. അല്ലെങ്കില്‍ കണ്ണനെ ഉണര്‍ത്താനുള്ള ഭാഗ്യം ലഭിയ്ക്കുന്നതെങ്ങനെ!!?

         നാളെ ഭഗവാനെ കണി കാണിച്ച് പുരാണവായന നടത്തി ശ്രീലകത്തേയ്ക്ക് ഭഗവാനെ എഴുന്നള്ളിയ്ക്കും.അതിനുശേഷം 8 മണിയോടെയേ ദര്‍ശനം സാദ്ധ്യമാകൂ.

Wednesday, 19 March 2014

ഗുരുവായൂർ ഉത്സവം എട്ടാം ദിവസം(19-03-2014)

           ഉത്സവത്തിന്റെ താന്ത്രികചടങ്ങുകളില്‍ പ്രധാനമായ ഉത്സവബലി ഇന്നു നടന്നു.ഭഗവാന്റെ മേല്‍നോട്ടത്തില്‍ സകലപരിവാരങ്ങള്‍ക്കും ഭൂതഗണങ്ങള്‍ക്കും പൂജാവിധികള്‍ക്കനുസൃതമായി നിവേദ്യം അര്‍പ്പിയ്ക്കുകയാണ് ചെയ്യുന്നത്. ‘എട്ടാംവിളക്ക്‘ എന്ന് നാട്ടുകാര്‍ വിളിയ്ക്കുന്ന ഇന്നേ ദിവസം ദേശക്കാര്‍ക്കുമുഴുവന്‍ പായസവും വറുത്തുപ്പേരിയും അടക്കം സദ്യയാണ് പകര്‍ച്ച.നാളികേരവും ശര്‍ക്കരയും വേറെ നല്‍കി.അല്ലെങ്കിലും ഈ 10 ദിവസംഗുരുവായൂര്‍ ദേശത്ത് ആരുംതന്നെ ഭക്ഷണത്തിന് മുട്ടുള്ളവരായി ഉണ്ടാകരുത് എന്നാണ് ഭഗവാന്റെ താല്പര്യം.

          ഇന്നേ ദിവസം രാവിലെ ഭഗവാനെ 11 മണിയോടെത്തന്നെ പഴുക്കാമണ്ഡപത്തില്‍ എഴു ന്നള്ളിച്ചു വച്ചു. രാവിലെ ഒരുമണിക്കൂര്‍ മാത്രമേ ദര്‍ശന സൌകര്യംഉണ്ടായിരുന്നുള്ളൂ. ഇതറിയാതെ ദൂരസ്ഥലങ്ങളില്‍നിന്നെത്തിയ പലരും നിരാശരായി മടങ്ങിപ്പോകുന്നതു കാണാമായിരുന്നു.

മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ശ്രീ.എം.പി.വിനോദ് അഷ്ടപദി അവതരിപ്പിച്ചു. ശ്രീമാൻമാര്‍. വെട്ടിക്കവല ശശികുമാറിന്റെയും ആറന്മുള ശിവകുമാറിന്റെയും നാദസ്വരക്കച്ചേരി ഉണ്ടായിരുന്നു. ഉച്ച തിരിഞ്ഞ് 2 മണിയ്ക്കുശേഷം ശ്രീകൃഷ്ണ കോളേജ് വിദ്യാര്‍ത്ഥികളുടെ ആഭിമുഖ്യത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറി.വൈകീട്ട് 6 ന് സിതാര ബാലകൃഷ്ണന്റെ നൃത്താഞ്ജലി നടന്നു. രാത്രി 7 മണിയ്ക്കു ശേഷം ശ്രീ. പ്രകാശ് ഉള്ളിയേരിയുടെയും സംഘത്തിന്റെയും സംഗീത സമന്വയം അവതരിപ്പിയ്ക്കപ്പെട്ടു. 

കൃഷ്ണനാട്ടത്തിന്റെ മഹിമ വിളിച്ചറിയിച്ചുകൊണ്ട് രാത്രി പത്തിനുശേഷം കൃഷ്ണനാട്ടത്തിന്റെ തിരഞ്ഞെടുത്ത ദൃശ്യങ്ങള്‍ ഗുരുവായൂര്‍ ദേവസ്വം കലാനിലയം അവതരിപ്പിച്ചു.

Tuesday, 18 March 2014

ഗുരുവായൂർ ഉത്സവം ഏഴാം ദിവസം(18-03-2014)

                 ഭഗവല്‍‌സന്നിധി ഉത്സവത്തിന്റെ ആഹ്ലാദത്തിമിര്‍പ്പിലാണ് .ഇനിയും ഒരുപാട് ദിവസങ്ങളില്ലല്ലോ എന്ന വിഷമത്തിലായിരുന്നു ആളുകള്‍.ഭഗവാന്‍ രാത്രി വടക്കേനടയില്‍ പഴുക്കാമണ്ഡപത്തില്‍ എഴുന്നള്ളിയിരുന്ന് ഭക്തരുടെ പരാതികള്‍ കേള്‍ക്കുന്നത് അനുസ്യൂതം തുടരുന്നു.ജനസഹസ്രങ്ങള്‍ കണ്ണൂനീരോടെ ഭഗവാനെ വണങ്ങാനായി, പരാതി പറയാനായി എത്തിക്കൊണ്ടിരുന്നു.





               ഇന്നത്തെ പരിപാടികളില്‍ ശ്രദ്ധേയം ശ്രീ.രമേഷ് നാരായണിന്റെ കച്ചേരി, ശിവമണിയുടെ ഫ്യൂഷന്‍ തുടങ്ങിയവയായിരുന്നു.രാത്രി പ്രശസ്ത സിനിമാതാരം ശ്രീ.ദേവന്‍ ഭഗവല്‍ ദര്‍ശനത്തിനെത്തിയിരുന്നു.അദ്ദേഹം ശ്രീവത്സം ഗസ്റ്റ് ഹൌസില്‍വിശ്രമിച്ചു. ഗുരുവായൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ശ്രീ.ജയചന്ദ്രന്‍ പിള്ള അദ്ദേഹത്തെ സ്വീകരിച്ചു.രാത്രി 8 മണിയോടെ നടന്ന ശിവമണിയുടെ ഫ്യൂഷന്‍ പരിപാടി ശ്രീ.ദേവന്‍ ഉദ്ഘാടനം ചെയ്തു.അതിനുശേഷം ശ്രീ.ശിവമണി തന്റെ തനതായ ശൈലിയില്‍ ഫ്യൂഷന്‍ പരിപാടി തുടങ്ങി.ശ്രീ.രാജേഷ് മാന്‍ഡൊലിനും പ്രകാശ് ഉള്ളിയേരി കീബോര്‍ഡും വായിച്ചു.വ്യത്യസ്തതയുള്ള ഈ പരിപാടിയ്ക്ക്  ശ്രോതാക്കളും കുറവായിരുന്നില്ല

Monday, 17 March 2014

 ഗുരുവായൂർ ഉത്സവം  ആറാം ദിവസം(17-03-2014) 

         ശ്രീമാന്‍ വെള്ളാട്ട് പ്രദീപിന്റെ ‘അഷ്ടപദി’ വാദനത്തോടെയാ‍ണ് ഇന്ന് മുപ്പട്ടുതിങ്കളാഴ്ച
ഭഗവല്‍‌സന്നിധി  ഉണര്‍ന്നത്. ജയദേവവിരചിതമായ അഷ്ടപദി ഇത്രയും മനോഹരമായി
ആലപിയ്ക്കുന്നത് ജനാര്‍ദ്ദനന്‍ നെടുങ്ങാടി കഴിഞ്ഞാല്‍ ഒരുപക്ഷേ ഇദ്ദേഹമായിരിയ്ക്കും.

       ഗുരുവായൂര്‍ ശ്രീ.ബ്രഹ്മഭക്തമാതൃസമിതിയുടെ ബിജുബാല നയിച്ച നാമസങ്കീര്‍ത്തന ലഹരി വളരെ ശ്രദ്ധേയമായിരുന്നു.
               കുടമാളൂര്‍ ജനാര്‍ദ്ദനന്റെ പുല്ലാങ്കുഴല്‍ കച്ചേരി, ഡോ.കൃഷ്ണകുമാര്‍-ബിന്നി കൃഷ്ണകുമാര്‍ എന്നിവരുടെ സംഗീതക്കച്ചേരി എന്നിവയും നല്ല നിലവാരം പുലര്‍ത്തുന്നവയായിരുന്നു.
               വൈകുന്നേരം പ്രശസ്ത കഥാപ്രസംഗകലാകാരന്‍ ശ്രീ.വാഴമുട്ടം ഗോപ്പാലകൃഷ്ണന്‍ അവതരിപ്പിച്ച കഥാപ്രസംഗം നമ്മെ മറ്റൊരുലോകത്തേയ്ക്ക് കൂട്ടിക്കോണ്ടുപോകാന്‍ പര്യാപ്ത മായിരുന്നു. ഹാര്‍മ്മോണീയവും തബലയും എല്ലാം കൂടിച്ചേര്‍ന്ന് കഥാപ്രസംഗത്തിന്റെ ആ പഴയലോകം കുറച്ചുനേരത്തേയ്ക്കാണെങ്കിലും ഇവിടെ പുനര്‍ന്നിര്‍മ്മിയ്ക്കപ്പെട്ടു.
              രാത്രി രണ്ടാം നമ്പര്‍ സ്റ്റേജില്‍ ഓച്ചിറ കേരളയുടെ ‘ഹരിനാരായണം”എന്ന നൃത്തനാടകം ശ്രീ.പുതുപ്പള്ളി കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ അവതരിപ്പിയ്ക്കപ്പെട്ടു.ഹിരണ്യാക്ഷന്റെയും ഹിരണ്യകശിപുവിന്റെയും, ഭഗവൽ പ്രഭാവത്തിന്റെയും മനോഹരമായ അവതരണം .

Sunday, 16 March 2014

  ഗുരുവായൂർ ഉത്സവം അഞ്ചാം ദിവസം( 16-03-2014)
          അരങ്ങുണർത്താൻ 'അഷ്ടപദി' അമ്പലപ്പുഴ വിജയകുമാറിന്റേതായിരുന്നു.മമ്മിയൂര്‍ ‘ശിവപാര്‍വ്വതി സാംസ്കാരികവേദി’ യുടെ ആഭിമുഖ്യത്തില്‍ തിരുവാതിരക്കളി അവതരിപ്പിയ്ക്കപ്പെട്ടു. പുരാതന തറവാട്ടുകൂട്ടായ്മയും അതില്‍ പങ്കുചേര്‍ന്നപ്പോള്‍ താളച്ചുവടുകളുടെ ലാസ്യഭാവത്തില്‍ ഭഗവല്‍ സന്നിധി മുഴുകിപ്പോയി.
         ഗുരുവായൂര്‍ ശ്രീകൃഷ്ണാ സ്കൂളിലെ കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.നെന്മാറ ബ്രദേഴ്സിന്റെ നാദസ്വരകച്ചേരിയും കണ്ടമംഗലം പരമേശ്വരന്‍ നമ്പൂതിരിയുടെ ഭക്തിപ്രഭാഷണവും ദേവനഗരിയെ കൂടുതല്‍ ഭക്തിസാന്ദ്രമാക്കുന്നതില്‍ പങ്കുവഹിച്ചു.

        രാത്രിയില്‍ രണ്ടാമത്തെ സ്റ്റേജിലായി സിനിമാ പിന്നണിഗായിക ശ്രീമതി.മഞ്ജരിയുടെ ഭക്തിഗാനമേള നടന്നു.പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ലെങ്കിലും ഒരുപാടുപേര്‍ കേള്‍വിക്കാരായുണ്ടായിരുന്നു.അതേ സമയം മേല്‍പ്പത്തൂർ ഓഡിറ്റോറിയത്തില്‍ പ്രശസ്ത നര്‍ത്തകിയും നൃത്തത്തില്‍ ദേശീയ പുരസ്കാര ജേതാവുമായ ശ്രീമതി മേതില്‍ ദേവികയുടെ
മോഹിനിയാട്ടത്തിനുള്ള ഒരുക്കങ്ങൾ നടക്കുകയായിരുന്നു.പിന്നീട്  സമയം ഒട്ടും വൈകിക്കാതെ മനോഹരമായ മോഹിനിയാട്ടം അരങ്ങേറി.നൃത്തത്തെക്കുറിച്ച് സാമാന്യമായുള്ള വിവരണവും താന്‍ അവതരിപ്പിയ്ക്കുന്ന മോഹിനിയാട്ടത്തിന്റെ വിവിധ ഭാവങ്ങളെക്കുറിച്ചുള്ള വിശദീകരണവും അവരുടെ നൃത്തപരിപാടി കൂടുതല്‍ ഹൃദ്യമാക്കി എന്നു പറയാതെ വയ്യ.

ചെടിക്കുളങ്ങര വിജയരാഘവക്കുറുപ്പിന്റെ കുത്തിയോട്ടം  പുതിയ അനുഭവമായിരുന്നു.പലർക്കും ഈ കലാരൂപം ഏതെന്നുപോലും നിശ്ചയമില്ലായിരുന്നു .







Saturday, 15 March 2014

   ഗുരുവായൂര്‍ ഉത്സവം നാലാം ദിവസം (15-03-2014)


                 ജ്യോതിദാസ് ഗുരുവായൂർ അവതരിപ്പിച്ച അഷ്ടപദിയോടെയായിരുന്നു ഇന്നത്തെ ദിവസം ആരംഭിച്ചത് . വളരെ ഹൃദ്യമായ രീതിയിൽ അഷ്ടപദി പാടിയപ്പോൾ ഭക്തജനങ്ങൾ മതിമറന്നു.ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ സംസ്കൃതം അദ്ധ്യാപിക ശ്രീമതി.ലക്ഷ്മി
ശങ്കര്‍ അവതരിപ്പിച്ച ഭക്തിപ്രഭാഷണവും ശ്രദ്ധേയമായി.‘വരാഹാവതാരം’
ആയിരുന്നു വിഷയം.

                     വൈകുന്നേരം സിനിമാ അഭിനേത്രി ശ്രീമതി.രചന നാരായണന്‍‌കുട്ടിയുടെ
നൃത്തം സദസ്സിനെ സമ്പന്നമാക്കി.ഉരൽപ്പുര  ജീവനക്കാരുടെ കൈകൊട്ടി
ക്കളിയും മനോഹരമായിരുന്നു. രാത്രി വൈകി രണ്ടാമത്തെ സ്റ്റേജിലായി
പ്രശസ്ത പിന്നണിഗായകനും ഗാനസംവിധായകനുമായ എം.ജയചന്ദ്രനും
സംഘവും അവതരിപ്പിച്ച ഭക്തിഗാനമേള വളരെ ആകര്‍ഷണീയമായിരുന്നു.


Friday, 14 March 2014

                           ഗുരുവായൂർ ഉത്സവം മൂന്നാം ദിവസം
           ഭഗവാന്റെ   തിരുവുത്സവം  മൂന്നാം ദിവസം സംഭവബഹുലമായിരുന്നു.നാഗപ്പാട്ടിന്റെ ഭാഗമായി ഭഗവാന്റെ തിരുമുമ്പില്‍ നവനാഗക്കളം വരയ്ക്കപ്പെട്ടു.ചൂണ്ടല്‍ വി.കെ.പാര്‍വ്വതിയും സംഘവും അവതരിപ്പിച്ച നാഗപ്പാട്ട് അതീവ ഹൃദ്യമായിരുന്നു.പിന്നെ തോല്‍പ്പാവക്കൂത്ത്, കാസ ര്‍കോട് രാമകൃഷ്ണമയ്യയുടെ യക്ഷഗാനം, മായാ അന്തര്‍ജ്ജനത്തിന്റെ നേതൃത്വത്തില്‍ നടന്ന തിരുവാ തിരക്കളി എന്നിവയും ശ്രദ്ധേയമായിരുന്നു.‘അര്‍ഘ്യം’ തൃശൂരിന്റെ ഭക്തിഗാനസുധയും വൈകീട്ട് അരങ്ങേറി.


                  ഗുരുവായൂര്‍ എ.യു.പി.സ്കൂളിലെ കുരുന്നുകള്‍ ഭഗവാനു മുമ്പില്‍ തങ്ങള്‍ക്കാവും വിധം പരിപാടികള്‍ അവതരിപ്പിച്ചു.അറുപതോളം വര്‍ഷമായി മുടങ്ങാതെ ഭഗവാനു മുമ്പില്‍ നാദസ്വരോപാസന നടത്തുന്ന ആസ്ഥാന  നാദസ്വര അചാര്യന്‍ കുട്ടികൃഷ്ണന്‍ നായര്‍ തന്റെ അവശതകള്‍ മറന്ന് നവതിയിലും ഭഗവാന് നാദോപാസന ചെയ്യാനെത്തി.

          വൈകുന്നേരം പ്രത്യേകം തയ്യാറാക്കപ്പെട്ട സ്റ്റേജില്‍ മഹാനായ ഗായകന്‍ ശ്രീ.കെ.ജയചന്ദ്രന്‍ നാദാര്‍ച്ചന നടത്തി. പുഷ്പാഞ്ജലിയിലെ മനോഹരഗാനമായ “വിഘ്നേശ്വരാ..” എന്ന ഗാനം പാടി യപ്പോള്‍ ശ്രീ.ജയചന്ദ്രന്‍ തന്റെ പ്രായം 20 വര്‍ഷത്തോളം കുറച്ചുവെന്നു തോന്നി. മമ്മിയൂര്‍ മഹാ ദേവനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള “മമ്മിയൂരപ്പന്റെ നടയില്‍".. എന്ന ഗാനവും ആസ്വാദകരെ നിര്‍വൃതിയിലാഴ്ത്തി. ശ്രീമതി.ചിത്രവരുണൻ,ശ്രീമതി.ഉമാവിനോദ്,ശ്രീ.ടി.കെ.ചന്ദ്രശേഖരന്‍, ശ്രീ.ഹരിപ്പാട്  സുധീഷ്  തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.

Wednesday, 12 March 2014


                               ഗുരുവായൂർ ഉത്സവം കൊടികയറി 

പത്തുനാളത്തെ മഹോത്സവത്തിന്ഗുരുവായൂരപ്പന്റെ സന്നിധിയിൽ കൊടികയറി. ദീപാരാധനയ്ക്കുശേഷം നടന്ന ആചാര്യവരണത്തിനു ശേഷം  രാത്രി 8.50 ന്  പൂയം  നക്ഷത്രത്തിൽ തന്ത്രിപ്രമുഖൻ ചേന്നാസ്‌ ഹരി നമ്പൂതിരിപ്പാട് സപ്തവർണ്ണക്കൊടി ഉയർ ത്തിയപ്പോൾ  ആയിരങ്ങളുടെ  കണ്ഠങ്ങളിൽ നാരായണ മന്ത്രങ്ങൾ അലയടിച്ചു.ഭഗവൽ ചൈതന്യം കൊടിയിലേയ്ക്ക് ആവാഹിച്ചതിനു ശേഷമാണ് ചടങ്ങ് നടന്നത്. നാളെ ദിക്കുകൊടികൾ സ്ഥാപിയ്ക്കും.

വൈകീട്ട് 9 മണിയോടെ ക്ഷേത്രം മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രമുഖ ചലച്ചിത്ര നടൻ സുരേഷ് ഗോപി കലാപരിപാടികളുടെ  ഉത്ഘാടനം നിർവ്വഹിച്ചു .തുടർന്ന്  കഥകളി രംഗത്തെ അതികായന്മാരായ കലാമണ്ഡലം ഗോപിയാശനടക്കമുള്ള പ്രഗദ്ഭന്മാർ അണിനിരന്ന കഥകളി അരങ്ങേറി.



                            ഗുരുവായൂര്‍ ആനയോട്ടം 2014                                                                    

                       ഈ വര്‍ഷത്തെ ഭഗവാന്റെ തിരുവുത്സവത്തിന് നാന്ദികുറിച്ചുകൊണ്ട് ആനയോട്ടം നടന്നു. മിടുമിടുക്കനായി രാമന്‍‌കുട്ടി ജേതാവായി.തിരഞ്ഞെടുത്ത അഞ്ചു ഗജവീരന്മാരെ മുന്നിലായി അണിനിരത്തി.  ക്ഷേത്രത്തില്‍നിന്നും നല്‍കിയ മണികളുമായി പാപ്പാന്മാര്‍ എത്തിയതോടെ അവകെട്ടിയതിനുശേഷം ഓട്ടം ആരംഭിച്ചു.യാതൊരുവിധ അനിഷ്ട സംഭവങ്ങളും ഉണ്ടാകാതിരിയ്ക്കാനായി വേണ്ട മുന്‍‌കരുതലുകളെല്ലാം ദേവസ്വവും പോലീസും സ്വീകരിച്ചിരുന്നു.  ഇനി പത്തുനാള്‍ ഗുരുവാ‍യൂരില്‍ ആനന്ദോത്സവം.




Sunday, 9 March 2014

എന്റെ സംസ്കാരം എന്റെ ജന്മാവകാശം ....