Sunday, 11 December 2011

ചന്ദ്രഗ്രഹണം.

ഇന്ന് സമ്പൂര്‍ണ്ണ ചന്ദ്രഗ്രഹണം ദൃശ്യമായി.ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വൈകുന്നേരം അത്താഴപ്പൂജയുടെ സമയത്തില്‍ ചെറിയ വ്യത്യാസവുമുണ്ടായി. രാത്രി 8 മണിയ്ക്ക് വലിയ നാഴികമണി 8 തവണ മുഴങ്ങിയതിനു ശേഷം വീണ്ടും 3 തവണകൂടി മുഴങ്ങിയപ്പോള്‍ അത് ഭക്തരിലും പരിഭ്രാന്തി പരത്തി. ആറുമണിയ്ക്ക് അടച്ച നട രാത്രി 8 മണിയ്ക്കു ശേഷമാണ് തുറന്നത്.

Tuesday, 6 December 2011

ഏകാദശി മഹാമഹത്തിന് തിരശ്ശീല വീണു.





ഏകാദശിദിനത്തിന്റെ പുണ്യവുമായി ആയിരങ്ങള്‍ ഭഗവാനെ ദര്‍ശിച്ചു.ഏകാദശി വ്രതമാഹാത്മ്യത്തെ ഭക്തജനങ്ങള്‍ക്ക് മനസ്സിലാക്കിച്ചു കൊടുത്ത മഹാത്മാവായ അംബരീഷന്റെ സ്മരണകളെ ഉള്‍ക്കൊണ്ടുകൊണ്ട് ഗുരുവായൂരപ്പന്റെ തിരുസന്നിധിയില്‍ ഏകാദശി ആഘോഷം നടന്നു.രാവിലെ  മുതല്‍ത്തന്നെ അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടു കൊണ്ടിരുന്നത്. ചെമ്പൈ സംഗീതമണ്ഡപത്തില്‍ സാധാരണ പോലെ സംഗീതാര്‍ച്ചന നടന്നിരുന്നു.
                                     
രാവിലെ 9.30 മണിയോടെ പാര്‍ത്ഥസാരഥിക്ഷേത്രത്തിലേയ്ക്ക് തിടമ്പില്ലാതെയുള്ള പ്രദക്ഷിണം നടന്നു.അവിടെ പ്രത്യേക നാമജപങ്ങളും പ്രദക്ഷിണവും കഴിഞ്ഞ് 12.30 മണിയോടുകൂടി എഴുന്നള്ളിപ്പ് തിരിച്ച് പോന്നു.ഈ സമയത്തെല്ലാം സത്രം ഗേറ്റും കഴിഞ്ഞുള്ള ദര്‍ശന ക്യൂ കാണാമായിരുന്നു.
                                           
ഗോതമ്പുചോറും രസകാളനും പായസവും അടങ്ങുന്ന ഏകാദശി ദിന പ്രസാദ ഊട്ട് കഴിയ്ക്കാനായി അനേകര്‍ ദൂരദിക്കുകളില്‍ നിന്നുപോലും എത്തിയിരുന്നു. സന്ധ്യയ്ക്ക് (7.30 മണിയോടുകൂടി) പാര്‍ത്ഥസാരഥിക്ഷേത്രത്തിലേയ്ക്ക് നാമജപഘോഷയാത്ര നടന്നു. തിരുനാമാചാര്യന്‍ ആഞ്ഞം തിരുമേനിയുടെയും ഭഗവാന്റെയും ഫോട്ടോകളില്‍ മാല ചാര്‍ത്തി ഹരേരാമ ജപിച്ച്, സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന ഒരുകൂട്ടമാളുകള്‍ യാത്ര ചെയ്തു.അതേ സമയം തന്നെ പാര്‍ത്ഥസാരഥിക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ട രഥഘോഷയാത്ര 8മണിയോടുകൂടി ഭഗവല്‍ സന്നിധിയില്‍ എത്തിച്ചേര്‍ന്നു.
 രാവിലെ മുതല്‍ വൈകീട്ടുവരെ മുനിസിപ്പല്‍ ടൌണ്‍ഹാളില്‍ സ്വാമി ഉദിത്ചൈതന്യയുടെ നേതൃത്വത്തില്‍ ഗീതാജ്ഞാന യജ്ഞം നടന്നു. ഭഗവദ്ഗീതയുടെ സന്ദേശം ഉള്‍ക്കൊണ്ടുവേണം നമ്മളെല്ലാം ജീവിയ്ക്കുവാനെന്ന് സ്വാമി  ഉദ്ബോധിപ്പിച്ചു.
    
ചെമ്പൈ സംഗീതോത്സവവേദിയില്‍ പ്രഗത്ഭ സംഗീതജ്ഞനായ ജയവിജയ കെ.ജയന്‍ ഭഗവാനെ പ്രകീര്‍ത്തിച്ച് കീര്‍ത്ത
നങ്ങള്‍ ആലപിച്ചു.സി.എസ്.അനുരൂപിന്റെ വയലിന്‍ കച്ചേരിയും ഉണ്ടായിരുന്നു.മറ്റു സംഗീതജ്ഞരായ ടി.വി.ഗോപാലകൃഷ്ണന്‍,
എ.ഇ.വാമനന്‍ നമ്പൂതിരി എന്നിവരും കീര്‍ത്തനങ്ങള്‍ ആലപിച്ചു.
രാത്രി വൈകി പ്രമുഖ സംഗീതജ്ഞരെല്ലവരും കൂടി നടത്തിയ ഗാനാര്‍ച്ചനയോടെ 2011 ലെ ചെമ്പൈ സംഗീതോത്സവത്തിന് പരിസമാപ്തിയായി.

Monday, 5 December 2011

പഞ്ചരത്ന കീര്‍ത്തനാലാപനവും- ഗുരുവായൂര്‍ കേശവന്‍ അനുസ്മരണവും


            ചെമ്പൈ സംഗീതമണ്ഡപത്തില്‍ സംഗീതാര്‍ച്ചനയുടെ പരമകോടിയായി പഞ്ചരത്നകീര്‍ത്തനാലാപനം തിങ്കളാഴ്ച രാവിലെ 9.30ന് ആരംഭിച്ചു.35ല്‍ പരം കലാകാരന്മാര്‍ അണിനിരന്ന  ചടങ്ങ് ആസ്വാദകരുടെ കാതുകള്‍ക്ക് അമൃതായി. ചെമ്പൈയുടെ ശിഷ്യനായ ശ്രീ.മണ്ണൂര്‍ രാജകുമാരനുണ്ണി, പ്രൊഫ:കുമാരകേരളവര്‍മ്മ തുടങ്ങിയ പ്രഗത്ഭരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ‘ജഗദാനന്ദ’എന്നു തുടങ്ങുന്ന കീര്‍ത്തനം അക്ഷരാര്‍ത്ഥത്തില്‍ ഭക്തരെ ഭഗവല്‍‌സന്നിധിയിലേയ്ക്ക് ഉയര്‍ത്തുംവിധം ഗംഭീരമായിരുന്നു.അതുകഴിഞ്ഞ് ഒടുക്കം ‘എന്തരൊ മഹാനു ഭാവുലു’ എന്ന കീര്‍ത്തനം പാടുമ്പോള്‍ ചെമ്പൈയുടെ ആത്മാവ് വളരെയേറെ സന്തോഷിച്ചിട്ടുണ്ടാകും.

അതിനടുത്ത ചടങ്ങ് ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ അനുസ്മരണമായിരുന്നു.ഏകദേശം 20ഓളം
ആനകള്‍ ചടങ്ങില്‍ പങ്കെടുത്തു.പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച്  എഴുന്നള്ളത്ത് ഗുരുവായൂര്‍ കൃഷ്ണനെ വണങ്ങി നേരെ കേശവന്‍ സ്മാരകം സ്ഥിതിചെയ്യുന്ന കോവിലകം പറമ്പിലേയ്ക്ക് (ശ്രീവത്സം കോമ്പൌണ്ട്) നീങ്ങി.അവിടെ കേശവന്റെ പ്രതിമയ്ക്ക് അഭിമുഖമായി നിന്ന് വലിയ പത്മനാഭന്‍ തുമ്പിക്കൈ ചുരുട്ടിപ്പിടിച്ച് കേശവനെ അഭിവാദ്യം ചെയ്തു. അതിനുശേഷം ആനയ്ക്ക് പഴം,മറ്റു ഫലവര്‍ഗ്ഗങ്ങള്‍ എന്നിവ നല്‍കി.

ഈ ചടങ്ങ് അവസാനിയ്ക്കുമ്പോള്‍ ചെമ്പൈ മണ്ഡപത്തില്‍ ‘എന്തരൊ മഹാനുഭാവുലു’ എന്ന കീര്‍ത്തനം തുടങ്ങിയിരുന്നു.

Monday, 21 November 2011

ചെമ്പൈ സംഗീത മഹോത്സവത്തിന് തിരശ്ശീല ഉയര്‍ന്നു


ഗുരുപവനപുരേശന്റെ സന്നിധിയില്‍ സംഗീതാര്‍ച്ചനയ്ക്ക് തുടക്കമായി.തിങ്കളാഴ്ച വൈകീട്ട് 6.30ന് 
ആരംഭിച്ച ഉദ്ഘാടന പരിപാടികള്‍ നിയമ സഭാസ്പീക്കറും മുന്‍ ദേവസ്വം മന്ത്രിയുമായ ശ്രീ.ജി.കാര്‍ത്തികേയന്‍ നിര്‍വ്വഹിച്ചു.ദേവസ്വം മന്ത്രി ശ്രീ.ശിവകുമാര്‍ ,ദേവസ്വം ചെയര്‍മാന്‍ ശ്രീ.ചന്ദ്രമോഹന്‍,ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍,ഭരണസമിതി അംഗങ്ങള്‍ , ഈ വര്‍ഷത്തെ ചെമ്പൈ പുരസ്കാര ജേതാവ് ശ്രീ എ.അനന്തപത്മനാഭന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഉദ്ഘാടന ചടങ്ങിനു ശേഷം ശ്രീ.അനന്തപത്മനാഭന്റെ ഉദ്ഘാടനക്കച്ചേരിയും ഉണ്ടായിരുന്നു.“വാതാപി ഗണപതിം” എന്ന പ്രശസ്ത കൃതിയോടെയായിരുന്നു തുടക്കം.പാവനഗുരു...
കരുണ ചെയ്‌വാന്‍...എന്നി കൃതികളും വീണയില്‍ പിറന്നപ്പോള്‍ ഭക്തജനങ്ങള്‍ കോള്‍മയിര്‍ കൊണ്ടു.ശ്രീ.അനന്തപത്മനാഭന്റെ പുത്രന്‍ ആനന്ദ് കൌശികും കൂടെ വായിച്ചു.തൃശ്ശൂര്‍ ജയകൃഷ്ണന്‍ മൃദംഗം,തൃപ്പൂണിത്തുറ രാധാകൃഷ്ണന്‍ ഘടം.

Tuesday, 8 November 2011

ഏകാദശി വിളക്ക്-മൂന്നാംദിവസം


ഗുരുവായൂര്‍ ജി.ജി.കൃഷ്ണയ്യര്‍വക വിളക്കായിരുന്നു ചൊവ്വാഴ്ച.രാവിലെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍
നെന്മാറ കണ്ണന്റെ നാദസ്വരക്കച്ചേരിയുണ്ടായിരുന്നു. രാവിലത്തെ കാഴ്ചശ്ശീവേലിയ്ക്ക് ‘ഇന്ദ്രസെന്‍’ തിടമ്പേറ്റി. ദീപാരാധനയ്ക്കു ശേഷം തൃപ്പൂണിത്തുറ രാമചന്ദ്രഭാഗവതരുടെ നേതൃത്വത്തില്‍
സമ്പ്രദായ ഭജനയും ഉണ്ടായിരുന്നു
.

Monday, 7 November 2011

ഏകാദശിവിളക്ക്-രണ്ടാം ദിവസം.


ക്ഷേത്രം പാരമ്പര്യപ്രവൃത്തിക്കാരായ പത്തുകാര്‍ വാരിയന്മാരുടെ വക ഏകാദശി ചുറ്റുവിളക്ക് തിങ്കളാഴ്ച നടന്നു. ചൊവ്വല്ലൂര്‍, വടക്കേപ്പാട്ട്,തിരുവെങ്കിടം വാരിയക്കാരാണ് പരിപാടികള്‍ക്ക് പ്രധാനമായും നേതൃത്വം വഹിച്ചത്.


രാവിലെ 7 മണി മുതല്‍ വൈകീട്ട് 10 മണിവരെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വിവിധ കലാപരിപാടികള്‍ നടന്നു.സുനില്‍ അരിമ്പൂരിന്റെ വക ക്ലാസ്സിക്കല്‍ ഡാന്‍സും, കുമാരി വന്ദനയുടെ ‘പാഠകവും’ ശ്രദ്ധേയമായിരുന്നു.

Sunday, 6 November 2011

ഏകാദശി വിളക്ക് ആരംഭിച്ചു.


2011 ഡിസംബര്‍ 6 ന് നടക്കുന്ന ഏകാദശി മഹോത്സവത്തോടനുബന്ധിച്ച് ഒരു മാസം
നീണ്ടുനില്‍ക്കുന്ന ഏകാദശിവിളക്ക് ക്ഷേത്രത്തില്‍ ആരംഭിച്ചു. ആദ്യവിളക്ക് പാലക്കാട്ട്,പറമ്പോട്ട് അമ്മിണിയമ്മ വകയായിരുന്നു.


നെയ്‌വിളക്കുകളുടെ പ്രഭയില്‍ വലിയകേശവന്‍ ഭഗവാന്റെ തിടമ്പേറ്റി.എഴുന്നള്ളിപ്പിനുശേഷം തട്ടില്‍ പണം വയ്ക്കുന്നതോടെ വിളക്കിന്റെ ചടങ്ങുകള്‍ സമാപിച്ചു.

Tuesday, 1 November 2011

ഗുരുവായൂര്‍ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 80 ആം വാര്‍ഷികം ആചരിച്ചു.

ഗുരുവായൂര്‍ ദേവസ്വം സത്രം വളപ്പില്‍ ഇപ്പോള്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രപ്രവേശനവിളംബര സ്തൂപത്തില്‍ പുഷ്പാര്‍ച്ചന നടത്തി, ഗുരുവായൂരിലെ ഗാന്ധിയന്‍‌മാരും സാംസ്കാരിക സാമൂഹ്യനായകരും ആ ദിനം സ്മരിച്ചു.

ദേവസ്വം ഭരണസമിതി മുന്‍ ചെയര്‍മാനും പ്രശസ്ത എഴുത്തുകാരനുമായ ശ്രീ.ഉണ്ണികൃഷ്ണന്‍ പുതൂര്‍
പ്രസ്തുത ചടങ്ങ് ഉദ്ഘാടനം ചെയ്തു.ഒട്ടേറെപ്പേര്‍ ചടങ്ങ് കാണാനും പങ്കെടുക്കാനും എത്തിയിരുന്നു.
ഗുരുവായൂര്‍ ദേവസ്വത്തിന്റെ വകയായും ഇത്തവണ അന്നുസ്മരണം ഉണ്ടായിരുന്നു.ദേവസ്വം ഭരണസമിതി അംഗങ്ങളും ജീവനക്കാരും ദീപം തെളിയിച്ച് പുഷ്പാര്‍ച്ചന നടത്തി.
 

ഗാന്ധിയനും ഗുരുവായൂരിലെ നിറസാന്നിദ്ധ്യവുമായിരുന്ന പുതുശ്ശേരി കുട്ടപ്പന്‍ മാസ്റ്ററുടെ ഭവനം സ്മാരകമായി സംരക്ഷിയ്ക്കാതെ ദേവസ്വം ഏറ്റെടുത്തതിലുള്ള പ്രതിഷേധവും വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നുകേട്ടു.

Saturday, 22 October 2011

മുല്ലനേഴി വിടവാങ്ങി

മലയാളത്തിലെ പ്രമുഖ കവിയും അഭിനേതാവും ഗാനരചയിതാവുമായ മുല്ലനേഴി വിടവാങ്ങി.
അദ്ദേഹത്തിന്റെ അനശ്വരമായ ഓര്‍മ്മകള്‍ക്കു മുമ്പില്‍ കലാലോകം ആദരാഞ്ജലിയര്‍പ്പിച്ചു.

1976ല്‍ ‘ഞാവല്‍പ്പഴങ്ങളിലെ’ “കറുകറുത്തൊരു പെണ്ണാണ്” എന്ന ഗാനം രചിച്ചുകൊണ്ടാണ് ചലച്ചിത്രഗാനരചനാരംഗത്ത് അദ്ദേഹം കാലൂന്നുന്നത്. പിന്നീടവിടുന്നങ്ങോട്ട് ഹിറ്റുകളുടെ മഴയായിരുന്നു.നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള അദ്ദേഹം ഏറ്റവും അവസാനം അഭിനയിച്ചത് ‘സ്നേഹവീട്‌’ എന്ന സിനിമയിലായിരുന്നു.
തൊഴില്‍മേഖലയില്‍ അധ്യാപകനായിരുന്ന അദ്ദേഹം 2010ല്‍ തൃശ്ശൂര്‍ ഗവ.മോഡല്‍ ബോയ്സ് സ്കൂളില്‍നിന്ന് സ്വമേധയാ വിരമിച്ചു.2010ലെ കവിതയ്ക്കുള്ള സാഹിത്യ അക്കാദമി അവാര്‍ഡ്,1995ല്‍ നാടകത്തിന് സാഹിത്യ അക്കാദമി അവാര്‍ഡ്, തുടങ്ങി നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെത്തേടി എത്തിയിട്ടുണ്ട്.
ഗുരുവായൂരില്‍ അദ്ദേഹം ദര്‍ശനത്തിനായി ഇടയ്ക്കിടെ എത്താറുണ്ടായിരുന്നു.‘ഭക്തപ്രിയ’ മാസികയില്‍
മിക്കവാറും അദ്ദേഹം കവിതയും നല്‍കാറുണ്ടായിരുന്നു.

മംഗല്യ സൌഭാഗ്യത്തിനായി തിരുമാന്ധാംകുന്നില്‍ മഹാമംഗല്യപൂജ


തിരുമാന്ധാംകുന്നിലമ്മയുടെ സന്നിധിയില്‍ മഹാമംഗല്യപൂജ നടന്നു.തുലാമാസത്തിലെ മുപ്പട്ടുവെള്ളിയാഴ്ച നടക്കുന്ന പൂജയ്ക്ക് ഏറെ പ്രാധാന്യം ഉള്ളതായി കണക്കാക്കപ്പെടുന്നു.

പന്തീരടിപൂജയ്ക്കുശേഷം  ശ്രീമൂലസ്ഥാനത്ത് മേല്‍ശാന്തിയുടെ കാര്‍മ്മികത്വത്തില്‍ ചടങ്ങുകള്‍ ആരംഭിച്ചു.വിഘ്നങ്ങളൊഴിയാന്‍
ഉണ്ണിഗണപതിയ്ക്ക് മൃഷ്ടാന്നഭോജനം നല്‍കി സം‌പ്രീതനാക്കി നട തുറന്നതോടെ ഭക്തജനങ്ങള്‍ കൂപ്പുകൈകളോടെ പ്രാര്‍ത്ഥനാമന്ത്രങ്ങള്‍ ഉരുവിട്ടു.


429 പേരുടെ പൂജകളാണ് നടന്നത്.ഇവര്‍ക്കെല്ലാം മേല്‍ശാന്തി നേരിട്ട് പ്രസാദം നല്‍കി.പ്രസാദത്തോടൊപ്പമുള്ള കറുകപ്പുല്ല് ദിവസവും കുളിച്ച് മുടിയില്‍ ചൂടണമെന്നാണ് വിശ്വാസം.രണ്ടായിരത്തിലേറെപ്പേര്‍ പ്രസാദ ഊട്ടില്‍ പങ്കെടുത്തു.

Sunday, 25 September 2011

ശ്രീമന്നാരായണീയ മഹാസമാരാധന


ഇന്ന് ഗുരുവായൂരിലെ മേല്‍പ്പത്തൂര്‍പുരിയില്‍ ‍( ടൌണ്‍ഹാള്‍ ) നാരായണീയ മഹാസമാരാധന നടന്നു.നാരായണീയരചനയുടെ 425-‍ാമത് വര്‍ഷത്തോടനുബന്ധിച്ച് ഗുരുവായൂരിലെ പുരാതന നായര്‍ തറവാടുകൂട്ടായ്മയാണ് ഈ മഹദ്സംരംഭം സംഘടിപ്പിച്ചത്. 

രാവിലെ 5 മണിയ്ക്ക് ഗണപതിഹോമത്തോടുകൂടി  ചടങ്ങുകള്‍ ആരംഭിച്ചു. അതിനുശേഷം 6 മണിയോടുകൂടി നാരായണീയവും വഹിച്ചുകൊണ്ട് തിരുനാമഘോഷയാത്ര മേല്‍പ്പത്തൂര്‍പുരി യിലേയ്ക്ക് പുറപ്പെട്ടു. 6.30ഓടുകൂടി ഭാഗവതോത്തമന്‍ തോട്ടം കൃഷ്ണന്‍ നമ്പൂതിരിയുടെ പുത്രന്‍ ശ്രീമാന്‍ ശ്യാം നമ്പൂതിരി ഭദ്രദീപം തെളിച്ച് സമാരാധനയ്ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് പാരായണം ആരംഭിച്ചു.


ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ 1034 ഭക്തര്‍ നാരായണീയത്തിലെ 1034 ശ്ലോകങ്ങളെ പ്രതിനിധാനം ചെയ്ത് ഭഗവല്‍ വിഗ്രഹത്തില്‍ അര്‍ച്ചന ചെയ്തു.ഭാഗവത ദാസന്‍ ബ്രഹ്മശ്രീ.എണ്ണപ്പാടം നടരാജ ശര്‍മ പാരായണത്തിന് നേതൃത്വം നല്‍കി.വൈകീട്ട് ഏകദേശം 6.30വരെ പാരായണം നീണ്ടു.
 

നാരായണീയ പാരായണ സമാരാധനയോടനുബന്ധിച്ച് ശ്രീമതി സുചിത്ര വിശ്വേശ്വരന്റെ ‘കേശാദിപാദ വര്‍ണ്ണന’ നൃത്തരൂപം ഇന്നലെ(ശനി) ഉണ്ടായിരുന്നു.

Tuesday, 20 September 2011

കണ്ണനു മുന്നില്‍ നൃത്താര്‍ച്ചന...

             മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ സെപ്റ്റംബര്‍ 20 ന് അത്യന്തം മനോഹരമായ നൃത്തപരിപാടികള്‍ അരങ്ങേറി. ശ്രീമതി സുചിത്ര വിശ്വേശ്വരന്റെ നേതൃത്വത്തില്‍ ആയിരുന്നു പരിപാടികള്‍ അരങ്ങേറിയത്. നൃത്തച്ചുവടുകളുമായെത്തിയ പെണ്‍കൊടിമാര്‍ നയനമനോഹരമായ വിരുന്നാണ് നല്‍കിയത്. പ്രധാനമായും നാരായണീയത്തെയും മറ്റ് ഭക്തിരസപ്രധാനമായ കൃതികളെയും അധികരിച്ചായിരുന്നു നൃത്തരൂപങ്ങള്‍ അവതരിപ്പിയ്ക്കപ്പെട്ടത്.

         ചെറുപ്പം മുതല്‍ തന്നെ നൃത്താഭ്യാസം തുടങ്ങിയ ശ്രീമതി സുചിത്ര,വളരെക്കാലം നൃത്തരംഗത്ത് തന്റെ മികവ് തെളിയിച്ചു. എന്നാല്‍ 2005ഓടുകൂടി ചില ശാരീരിക പ്രശ്നങ്ങളാല്‍ അത് തുടരാന്‍ സാധിയ്ക്കാത്ത നില വന്നു. താന്‍ ജീവനു തുല്യം വിലമതിയ്ക്കുന്ന നൃത്തകല ഇനി തുടരാനാവില്ലെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയപ്പോള്‍ വൈദ്യരില്‍ വൈദ്യനായ വാതാലയേശനെ ത്തന്നെ ശരണം പ്രാപിയ്ക്കാന്‍ അവര്‍ ഉറച്ചു. മനസ്സുരുകി വിളിച്ചപ്പോള്‍ മേല്‍പ്പത്തൂരിന്റെ വിളികേട്ട ഭഗവാന്‍ ഇവരുടെയും വിളി കേട്ടു. സമ്പൂര്‍ണ്ണ രോഗവിമുക്തയായ അവര്‍ നേരെ ഭഗവാനു മുമ്പില്‍ തന്റെ നൃത്താര്‍ച്ചനയുമായെത്തി.
2006 സെപ്റ്റംബര്‍ 20ന് അവര്‍ തന്റെ രണ്ടാം ജന്മത്തില്‍ ഭഗവാനു മുമ്പില്‍ ചുവടുവച്ചു. കേശാദിപാദവര്‍ണ്ണനയായിരുന്നു അന്ന് ചെയ്തത്. തുടര്‍ന്ന് 2007ല്‍ പൂതനാമോക്ഷം,2008ല്‍ രാമായണം, 2009ല്‍ നരസിംഹം, 2010ല്‍ ഗജേന്ദ്രമോക്ഷം, 2011ല്‍ കാളിയമര്‍ദ്ദനം എന്നിങ്ങനെ എല്ലാവര്‍ഷവും സെപ്റ്റംബര്‍ 20ന് ഗുരുപവനേശ സന്നിധിയില്‍ അവര്‍ നൃത്തം ചെയ്തു. 2011ലെ പൂന്താനദിനത്തില്‍ ദേവസ്വത്തിന്റെ പ്രത്യേക ക്ഷണിതാവായി പെരിന്തല്‍മണ്ണയിലെ പൂന്താനം ഇല്ലത്ത്; ഘനസംഘം, നാരായണസ്തവം, ജ്ഞാനപ്പാന, ദശാവതാരം എന്നി 4 കളികളും അവതരിപ്പിച്ചു.


നൃത്തമോഹം ആത്മാവില്‍ തൊട്ടതിനാല്‍ ഇപ്പോഴും പഠിച്ചുകൊണ്ടിരിയ്ക്കുകയാണിവര്‍ .തൃപ്പൂണിത്തുറ RLV കോളേജില്‍ MA മോഹിനിയാട്ടം ചെയ്യുകയാണിപ്പോള്‍ .മക്കളും ഭര്‍ത്താവും സര്‍വ്വഥാ സഹായത്തിനുമുണ്ട്. വലിയ തോതിലൊന്നുമല്ലെങ്കിലും കുറച്ചുകുട്ടികളെ സംഘടിപ്പിച്ച് ഇവര്‍ നൃത്തം അഭ്യസിപ്പിയ്ക്കുന്നുണ്ട്.ഇനിയും വളരെക്കാലം നൃത്തരംഗത്ത് തിളങ്ങാനും മറ്റുള്ളവരുടെ ജീവിതത്തില്‍ വഴികാട്ടിയാകാനും ഈ അദ്ധ്യാപികയെ ഭഗവാന്‍ അനുഗ്രഹിയ്ക്കട്ടെ.കൃഷ്ണാ ഗുരുവായൂരപ്പാ!!

Saturday, 17 September 2011

ബാലിവധം കഥകളി


മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ഇന്ന് ബാലിവധം കഥകളി അരങ്ങേറി. ഗുരുവായൂരിലെ ശ്രീ രാജരാജേശ്വരി കലാക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിലാണ്‌ കഥകളി നടന്നത്. കലാമണ്ഡലം ബാലസുബ്രഹ്മണ്യം,കോട്ടയ്ക്കല്‍ കേശവന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രധാനമായും കളി നടന്നത്.

പല വേഷങ്ങളും വിദ്യാര്‍ത്ഥികളാണ് അവതരിപ്പിച്ചത്.വലിയ ജനക്കൂട്ടം തന്നെ കഥകളി വീക്ഷിക്കാനായി എത്തിയിരുന്നു.

Friday, 16 September 2011

പ്രഹ്ലാദചരിതം കഥകളി


സ്വാമി ഉദിത്ചൈതന്യയുടെ ഗീതാപ്രഭാഷണത്തോടനുബന്ധിച്ച് ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ .‘പ്രഹ്ലാദചരിതം’ കഥകളി അരങ്ങേറി. കലാമണ്ഡലം അരുണ്‍ വാരിയരുടെ ഹിരണ്യകശിപുവും കലാമണ്ഡലം ബാലസുബ്രഹ്മണ്യത്തിന്റെ നരസിംഹവും ആദിത്യന്റെ പ്രഹ്ലാദനും വേദി നിറഞ്ഞാടി.

പാലക്കാട് ജില്ലയിലെ കോട്ടായി സ്വദേശിയായ അരുണ്‍ വാരിയര്‍ കഴിഞ്ഞ 12 വര്‍ഷമായി കലാമണ്ഡലം കേശവന്‍ നമ്പൂതിരി,കലാമണ്ഡലം കൃഷ്ണകുമാര്‍ , കലാമണ്ഡലം ബാലസുബ്രഹ്മണ്യം എന്നിവരുടെ കീഴില്‍ കഥകളി അഭ്യസിയ്ക്കുന്നു.

സാധാരണ 3മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന കളി ഇവിടെ 1.30-2.00 മണിക്കൂറോളം മാത്രമേ ഉണ്ടായുള്ളൂ. നരസിംഹാവതാരത്തിനാണ് കൂടുതല്‍ പ്രാധാന്യം കൊടുത്തത് എന്നതിനാല്‍ കുറേ ഭാഗങ്ങള്‍ ഒഴിവാക്കി നരസിംഹാവതാരം മുതലുള്ള ഭാഗങ്ങള്‍ ഈ സമയത്തിനുള്ളില്‍ അവതരിപ്പിയ്ക്കുകയാണ് ചെയ്യുന്നത്. ഭക്തജനസദസ്സ് കഥകളിയുടെ ഹൃദ്യത ആസ്വദിച്ചു.

Wednesday, 14 September 2011

സ്വാമി ഉദിത്ചൈതന്യയുടെ ഗീതാജ്ഞാനയജ്ഞം.


മൂന്നാം അദ്ധ്യായത്തില്‍ ഭഗവാന്‍ കൃഷ്ണനെ അവ്തരിപ്പിയ്ക്കുന്നിടത്തായിരുന്നു സ്വാമി മികവ് പുലര്‍ത്തിയത്. മായയില്‍ ഉഴലുന്ന മനുഷ്യന്റെ കഷ്ട സ്ഥിതിയെക്കുറിച്ച് അദ്ദേഹം നമ്മെ ഓര്‍മ്മിപ്പിയ്ക്കുകയുണ്ടായി. ഗീതാ പ്രഭാഷണം കേള്‍ക്കാന്‍ അനവധിയാളുകള്‍ എത്തിയിരുന്നു. 

പ്രഭാഷണത്തിനുശേഷം മോഹിനിയാട്ടം, ഭരതനാട്യം,കുച്ചിപ്പുടി,കേരളനടനം തുടങ്ങിയ വിവിധ കലകളുടെ ഒരു മിശ്രിതരൂപം അവതരിപ്പിയ്ക്കപ്പെട്ടു.

Monday, 12 September 2011

‘കാലന്’ തലകറക്കം


            തൃശ്ശൂരില്‍ പുലിക്കളിയ്ക്കായി തിങ്കളാഴ്ച വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിരുന്നു. വിവിധ പ്ലോട്ടുകളും മനോഹരമായി വിന്യസിച്ചിരുന്നു. അതില്‍ ഒരെണ്ണത്തില്‍ ‍, ശിവനെ അഭയം പ്രാപിയ്ക്കുന്ന മാര്‍ക്കണ്ഡേയനെയും, മാര്‍ക്കണ്ഡേയനെ പാശം എറിഞ്ഞ് പിടിയ്ക്കാന്‍ ശ്രമിയ്ക്കുന്ന യമരാജനെയുമാണ് അവതരിപ്പിച്ചത്.
                                                
കുറച്ചുസമയം കഴിഞ്ഞപ്പോള്‍ യമരാജന്‍, പോത്തിന്റെ പുറത്തുനിന്ന് താഴേയ്ക്ക് ഇറങ്ങി, തലയില്‍ കൈവച്ച് ഇരിയ്ക്കുന്നതായി കണ്ടു. ആരോ മാംഗോ ജ്യൂസും കുപ്പിവെള്ളവും കൊടുക്കുന്നതുകണ്ടു. അതു കുടിച്ച് തലകറക്കം മാറിയ ‘കാലന്‍’ പിന്നെ പോത്തിന്‍ പുറത്തു കയറാന്‍ മിനക്കെട്ടില്ല. തൊട്ടടുത്തു നിന്നിരുന്ന വിഷ്ണുവും ബ്രഹ്മാവും കുപ്പിവെള്ളം ആസ്വദിയ്ക്കു ന്നതായി കാണപ്പെട്ടു. എന്തായാലും സംഗതി വളരെ രസകരമായിരുന്നു.

Pulikkali At Thrissur



തിങ്കളാഴ്ച തൃശ്ശൂര്‍ നഗരം പുലികളുടെ വിളയാട്ടുകേന്ദ്രമായി. കാനാട്ടുകര,കോട്ടപ്പുറം,ശങ്കരംകുളങ്ങര,മൈലിപ്പാടം, കൊക്കാല,പൂത്തോള്‍ -ചിറയ്ക്കല്‍ ,ശങ്കരയ്യര്‍ റോഡ്, സീതാറാം മില്‍ എന്നീ സംഘങ്ങളുടെ പുലികളും പ്ലോട്ടുകളും നഗരത്തില്‍ നിറഞ്ഞാടി. 
                                                  
മഴയില്ലാതെ രാത്രി 9.00 മണി വരെ പുലിക്കളി കേമമായി നടത്താന്‍ ഈശ്വരന്മാര്‍ സഹായിച്ചു.ജീവസ്സുറ്റതായിരുന്നു പല പ്ലോട്ടുകളും.മാര്‍ക്കണ്ഡേയന്റെ കഥ രണ്ട് ദേശക്കാര്‍ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിച്ചിരുന്നു.


                                          
പുലിയുടെ വായില്‍ നില്‍ക്കുന്ന പുലികളെ അവതരിപ്പിച്ച് കോട്ടപ്പുറം ദേശം മികവു കാണിച്ചപ്പോള്‍ ,കാനാട്ടുകരക്കാരുടെ നരസിംഹാവതാരം ശ്രദ്ധേയമായി.പ്രഹ്ലാദനും ഹിരണ്യകശിപുവും ഇടയ്ക്കിടെ വെള്ളം കുടിയ്ക്കുന്നത് കാണാമായിരുന്നു.കൊക്കാല ദേശത്തിന്റെ വരാഹാവതാരവും വളരെ മനോഹരമായിരുന്നു. ശങ്കരംകുളങ്ങരയുടെ മാര്‍ക്കണ്ഡേയനും ശ്രദ്ധേയമായി.ശിവന്റെ നടയ്ക്കിരുവശവും നിന്ന ദ്വാരപാലകര്‍ ശരിയ്ക്കും പ്രതിമ കളെപ്പോലെ തോന്നിച്ചു.അങ്ങനെ ഓരോ ദേശവും മികവു തെളിയിച്ചു തന്നെയാണ് മുന്നേറിയത്.