Tuesday, 20 September 2011

കണ്ണനു മുന്നില്‍ നൃത്താര്‍ച്ചന...

             മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ സെപ്റ്റംബര്‍ 20 ന് അത്യന്തം മനോഹരമായ നൃത്തപരിപാടികള്‍ അരങ്ങേറി. ശ്രീമതി സുചിത്ര വിശ്വേശ്വരന്റെ നേതൃത്വത്തില്‍ ആയിരുന്നു പരിപാടികള്‍ അരങ്ങേറിയത്. നൃത്തച്ചുവടുകളുമായെത്തിയ പെണ്‍കൊടിമാര്‍ നയനമനോഹരമായ വിരുന്നാണ് നല്‍കിയത്. പ്രധാനമായും നാരായണീയത്തെയും മറ്റ് ഭക്തിരസപ്രധാനമായ കൃതികളെയും അധികരിച്ചായിരുന്നു നൃത്തരൂപങ്ങള്‍ അവതരിപ്പിയ്ക്കപ്പെട്ടത്.

         ചെറുപ്പം മുതല്‍ തന്നെ നൃത്താഭ്യാസം തുടങ്ങിയ ശ്രീമതി സുചിത്ര,വളരെക്കാലം നൃത്തരംഗത്ത് തന്റെ മികവ് തെളിയിച്ചു. എന്നാല്‍ 2005ഓടുകൂടി ചില ശാരീരിക പ്രശ്നങ്ങളാല്‍ അത് തുടരാന്‍ സാധിയ്ക്കാത്ത നില വന്നു. താന്‍ ജീവനു തുല്യം വിലമതിയ്ക്കുന്ന നൃത്തകല ഇനി തുടരാനാവില്ലെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയപ്പോള്‍ വൈദ്യരില്‍ വൈദ്യനായ വാതാലയേശനെ ത്തന്നെ ശരണം പ്രാപിയ്ക്കാന്‍ അവര്‍ ഉറച്ചു. മനസ്സുരുകി വിളിച്ചപ്പോള്‍ മേല്‍പ്പത്തൂരിന്റെ വിളികേട്ട ഭഗവാന്‍ ഇവരുടെയും വിളി കേട്ടു. സമ്പൂര്‍ണ്ണ രോഗവിമുക്തയായ അവര്‍ നേരെ ഭഗവാനു മുമ്പില്‍ തന്റെ നൃത്താര്‍ച്ചനയുമായെത്തി.
2006 സെപ്റ്റംബര്‍ 20ന് അവര്‍ തന്റെ രണ്ടാം ജന്മത്തില്‍ ഭഗവാനു മുമ്പില്‍ ചുവടുവച്ചു. കേശാദിപാദവര്‍ണ്ണനയായിരുന്നു അന്ന് ചെയ്തത്. തുടര്‍ന്ന് 2007ല്‍ പൂതനാമോക്ഷം,2008ല്‍ രാമായണം, 2009ല്‍ നരസിംഹം, 2010ല്‍ ഗജേന്ദ്രമോക്ഷം, 2011ല്‍ കാളിയമര്‍ദ്ദനം എന്നിങ്ങനെ എല്ലാവര്‍ഷവും സെപ്റ്റംബര്‍ 20ന് ഗുരുപവനേശ സന്നിധിയില്‍ അവര്‍ നൃത്തം ചെയ്തു. 2011ലെ പൂന്താനദിനത്തില്‍ ദേവസ്വത്തിന്റെ പ്രത്യേക ക്ഷണിതാവായി പെരിന്തല്‍മണ്ണയിലെ പൂന്താനം ഇല്ലത്ത്; ഘനസംഘം, നാരായണസ്തവം, ജ്ഞാനപ്പാന, ദശാവതാരം എന്നി 4 കളികളും അവതരിപ്പിച്ചു.


നൃത്തമോഹം ആത്മാവില്‍ തൊട്ടതിനാല്‍ ഇപ്പോഴും പഠിച്ചുകൊണ്ടിരിയ്ക്കുകയാണിവര്‍ .തൃപ്പൂണിത്തുറ RLV കോളേജില്‍ MA മോഹിനിയാട്ടം ചെയ്യുകയാണിപ്പോള്‍ .മക്കളും ഭര്‍ത്താവും സര്‍വ്വഥാ സഹായത്തിനുമുണ്ട്. വലിയ തോതിലൊന്നുമല്ലെങ്കിലും കുറച്ചുകുട്ടികളെ സംഘടിപ്പിച്ച് ഇവര്‍ നൃത്തം അഭ്യസിപ്പിയ്ക്കുന്നുണ്ട്.ഇനിയും വളരെക്കാലം നൃത്തരംഗത്ത് തിളങ്ങാനും മറ്റുള്ളവരുടെ ജീവിതത്തില്‍ വഴികാട്ടിയാകാനും ഈ അദ്ധ്യാപികയെ ഭഗവാന്‍ അനുഗ്രഹിയ്ക്കട്ടെ.കൃഷ്ണാ ഗുരുവായൂരപ്പാ!!

No comments:

Post a Comment