ഇന്ന് ഗുരുവായൂരിലെ മേല്‍പ്പത്തൂര്‍പുരിയില്‍ ( ടൌണ്‍ഹാള്‍ ) നാരായണീയ മഹാസമാരാധന നടന്നു.നാരായണീയരചനയുടെ 425-ാമത് വര്‍ഷത്തോടനുബന്ധിച്ച് ഗുരുവായൂരിലെ പുരാതന നായര്‍ തറവാടുകൂട്ടായ്മയാണ് ഈ മഹദ്സംരംഭം സംഘടിപ്പിച്ചത്.
രാവിലെ 5 മണിയ്ക്ക് ഗണപതിഹോമത്തോടുകൂടി ചടങ്ങുകള്‍ ആരംഭിച്ചു. അതിനുശേഷം 6 മണിയോടുകൂടി നാരായണീയവും വഹിച്ചുകൊണ്ട് തിരുനാമഘോഷയാത്ര മേല്‍പ്പത്തൂര്‍പുരി യിലേയ്ക്ക് പുറപ്പെട്ടു. 6.30ഓടുകൂടി ഭാഗവതോത്തമന്‍ തോട്ടം കൃഷ്ണന്‍ നമ്പൂതിരിയുടെ പുത്രന്‍ ശ്രീമാന്‍ ശ്യാം നമ്പൂതിരി ഭദ്രദീപം തെളിച്ച് സമാരാധനയ്ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് പാരായണം ആരംഭിച്ചു.
ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ 1034 ഭക്തര്‍ നാരായണീയത്തിലെ 1034 ശ്ലോകങ്ങളെ പ്രതിനിധാനം ചെയ്ത് ഭഗവല്‍ വിഗ്രഹത്തില്‍ അര്‍ച്ചന ചെയ്തു.ഭാഗവത ദാസന്‍ ബ്രഹ്മശ്രീ.എണ്ണപ്പാടം നടരാജ ശര്‍മ പാരായണത്തിന് നേതൃത്വം നല്‍കി.വൈകീട്ട് ഏകദേശം 6.30വരെ പാരായണം നീണ്ടു.
നാരായണീയ പാരായണ സമാരാധനയോടനുബന്ധിച്ച് ശ്രീമതി സുചിത്ര വിശ്വേശ്വരന്റെ ‘കേശാദിപാദ വര്‍ണ്ണന’ നൃത്തരൂപം ഇന്നലെ(ശനി) ഉണ്ടായിരുന്നു.
മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ഇന്ന് ബാലിവധം കഥകളി അരങ്ങേറി. ഗുരുവായൂരിലെ ശ്രീ രാജരാജേശ്വരി കലാക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിലാണ് കഥകളി നടന്നത്. കലാമണ്ഡലം ബാലസുബ്രഹ്മണ്യം,കോട്ടയ്ക്കല്‍ കേശവന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രധാനമായും കളി നടന്നത്.
പല വേഷങ്ങളും വിദ്യാര്‍ത്ഥികളാണ് അവതരിപ്പിച്ചത്.വലിയ ജനക്കൂട്ടം തന്നെ കഥകളി വീക്ഷിക്കാനായി എത്തിയിരുന്നു.
സ്വാമി ഉദിത്ചൈതന്യയുടെ ഗീതാപ്രഭാഷണത്തോടനുബന്ധിച്ച് ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ .‘പ്രഹ്ലാദചരിതം’ കഥകളി അരങ്ങേറി. കലാമണ്ഡലം അരുണ്‍ വാരിയരുടെ ഹിരണ്യകശിപുവും കലാമണ്ഡലം ബാലസുബ്രഹ്മണ്യത്തിന്റെ നരസിംഹവും ആദിത്യന്റെ പ്രഹ്ലാദനും വേദി നിറഞ്ഞാടി.
പാലക്കാട് ജില്ലയിലെ കോട്ടായി സ്വദേശിയായ അരുണ്‍ വാരിയര്‍ കഴിഞ്ഞ 12 വര്‍ഷമായി കലാമണ്ഡലം കേശവന്‍ നമ്പൂതിരി,കലാമണ്ഡലം കൃഷ്ണകുമാര്‍ , കലാമണ്ഡലം ബാലസുബ്രഹ്മണ്യം എന്നിവരുടെ കീഴില്‍ കഥകളി അഭ്യസിയ്ക്കുന്നു.
സാധാരണ 3മണിക്കൂറോളം നീണ്ടുനില്‍ക്കുന്ന കളി ഇവിടെ 1.30-2.00 മണിക്കൂറോളം മാത്രമേ ഉണ്ടായുള്ളൂ. നരസിംഹാവതാരത്തിനാണ് കൂടുതല്‍ പ്രാധാന്യം കൊടുത്തത് എന്നതിനാല്‍ കുറേ ഭാഗങ്ങള്‍ ഒഴിവാക്കി നരസിംഹാവതാരം മുതലുള്ള ഭാഗങ്ങള്‍ ഈ സമയത്തിനുള്ളില്‍ അവതരിപ്പിയ്ക്കുകയാണ് ചെയ്യുന്നത്. ഭക്തജനസദസ്സ് കഥകളിയുടെ ഹൃദ്യത ആസ്വദിച്ചു.
മൂന്നാം അദ്ധ്യായത്തില്‍ ഭഗവാന്‍ കൃഷ്ണനെ അവ്തരിപ്പിയ്ക്കുന്നിടത്തായിരുന്നു സ്വാമി മികവ് പുലര്‍ത്തിയത്. മായയില്‍ ഉഴലുന്ന മനുഷ്യന്റെ കഷ്ട സ്ഥിതിയെക്കുറിച്ച് അദ്ദേഹം നമ്മെ ഓര്‍മ്മിപ്പിയ്ക്കുകയുണ്ടായി. ഗീതാ പ്രഭാഷണം കേള്‍ക്കാന്‍ അനവധിയാളുകള്‍ എത്തിയിരുന്നു.
പ്രഭാഷണത്തിനുശേഷം മോഹിനിയാട്ടം, ഭരതനാട്യം,കുച്ചിപ്പുടി,കേരളനടനം തുടങ്ങിയ വിവിധ കലകളുടെ ഒരു മിശ്രിതരൂപം അവതരിപ്പിയ്ക്കപ്പെട്ടു.
തൃശ്ശൂരില്‍ പുലിക്കളിയ്ക്കായി തിങ്കളാഴ്ച വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിരുന്നു. വിവിധ പ്ലോട്ടുകളും മനോഹരമായി വിന്യസിച്ചിരുന്നു. അതില്‍ ഒരെണ്ണത്തില്‍ , ശിവനെ അഭയം പ്രാപിയ്ക്കുന്ന മാര്‍ക്കണ്ഡേയനെയും, മാര്‍ക്കണ്ഡേയനെ പാശം എറിഞ്ഞ് പിടിയ്ക്കാന്‍ ശ്രമിയ്ക്കുന്ന യമരാജനെയുമാണ് അവതരിപ്പിച്ചത്.
കുറച്ചുസമയം കഴിഞ്ഞപ്പോള്‍ യമരാജന്‍, പോത്തിന്റെ പുറത്തുനിന്ന് താഴേയ്ക്ക് ഇറങ്ങി, തലയില്‍ കൈവച്ച് ഇരിയ്ക്കുന്നതായി കണ്ടു. ആരോ മാംഗോ ജ്യൂസും കുപ്പിവെള്ളവും കൊടുക്കുന്നതുകണ്ടു. അതു കുടിച്ച് തലകറക്കം മാറിയ ‘കാലന്‍’ പിന്നെ പോത്തിന്‍ പുറത്തു കയറാന്‍ മിനക്കെട്ടില്ല. തൊട്ടടുത്തു നിന്നിരുന്ന വിഷ്ണുവും ബ്രഹ്മാവും കുപ്പിവെള്ളം ആസ്വദിയ്ക്കു ന്നതായി കാണപ്പെട്ടു. എന്തായാലും സംഗതി വളരെ രസകരമായിരുന്നു.
തിങ്കളാഴ്ച തൃശ്ശൂര്‍ നഗരം പുലികളുടെ വിളയാട്ടുകേന്ദ്രമായി. കാനാട്ടുകര,കോട്ടപ്പുറം,ശങ്കരംകുളങ്ങര,മൈലിപ്പാടം, കൊക്കാല,പൂത്തോള്‍ -ചിറയ്ക്കല്‍ ,ശങ്കരയ്യര്‍ റോഡ്, സീതാറാം മില്‍ എന്നീ സംഘങ്ങളുടെ പുലികളും പ്ലോട്ടുകളും നഗരത്തില്‍ നിറഞ്ഞാടി.
മഴയില്ലാതെ രാത്രി 9.00 മണി വരെ പുലിക്കളി കേമമായി നടത്താന്‍ ഈശ്വരന്മാര്‍ സഹായിച്ചു.ജീവസ്സുറ്റതായിരുന്നു പല പ്ലോട്ടുകളും.മാര്‍ക്കണ്ഡേയന്റെ കഥ രണ്ട് ദേശക്കാര്‍ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിച്ചിരുന്നു.
പുലിയുടെ വായില്‍ നില്‍ക്കുന്ന പുലികളെ അവതരിപ്പിച്ച് കോട്ടപ്പുറം ദേശം മികവു കാണിച്ചപ്പോള്‍ ,കാനാട്ടുകരക്കാരുടെ നരസിംഹാവതാരം ശ്രദ്ധേയമായി.പ്രഹ്ലാദനും ഹിരണ്യകശിപുവും ഇടയ്ക്കിടെ വെള്ളം കുടിയ്ക്കുന്നത് കാണാമായിരുന്നു.കൊക്കാല ദേശത്തിന്റെ വരാഹാവതാരവും വളരെ മനോഹരമായിരുന്നു. ശങ്കരംകുളങ്ങരയുടെ മാര്‍ക്കണ്ഡേയനും ശ്രദ്ധേയമായി.ശിവന്റെ നടയ്ക്കിരുവശവും നിന്ന ദ്വാരപാലകര്‍ ശരിയ്ക്കും പ്രതിമ കളെപ്പോലെ തോന്നിച്ചു.അങ്ങനെ ഓരോ ദേശവും മികവു തെളിയിച്ചു തന്നെയാണ് മുന്നേറിയത്.
തിരുവോണദിനത്തില്‍ കണ്ണനെ ഒരുനോക്കുകാണാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തി. തിരുവോണത്തിന് പതിവില്‍ക്ക വിഞ്ഞ തിരക്ക് ദൃശ്യമായിരുന്നു. സകല വിഭവങ്ങളോടു കൂടെയുള്ള സദ്യയും പ്രസാദ ഊട്ടിന് ഉണ്ടായിരുന്നു.
തിരുവോണദിനത്തിലെ പൂക്കളവും വളരെ മനോഹരമായിരുന്നു. കാളിയമര്‍ദ്ദനം നടത്തുന്ന കൃഷ്ണനായിരുന്നു അവതരണം. ഭക്തജനങ്ങള്‍ കാണിയ്ക്കയിട്ട നോട്ടുകളും ചില്ലറയും പൂക്കളം വ്യക്തമായി കാണുന്നതിന് തടസ്സമായി. കാളിയന്റെ രൂപം അത്രയ്ക്ക് വ്യക്തമായിരുന്നില്ല. എന്നാലും മൊത്തത്തില്‍ വളരെ നല്ല ഒരു രൂപരേഖയായിരുന്നു പൂക്കളത്തിന് ഉണ്ടായിരുന്നത്.
ഉത്രാടദിനത്തിലെ പൂക്കളം അതിമനോഹരമായി വരച്ചിരുന്നു. കിഴക്കേനടയിലെ ‘ശിവ’ ഫ്ലവേഴ്സിന്റെ വകയായിരുന്നു ഇന്നത്തെ കളം. കുരുക്ഷേത്രത്തിലെ തേരാളിയായ കൃഷ്ണനും പടയാളിയായ അര്‍ജ്ജുനനും യുദ്ധമുഖത്തേയ്ക്കു മുന്നേറുമ്പോള്‍ കൃഷ്ണന്‍, ധൈര്യം പകര്‍ന്ന് യുദ്ധം ചെയ്യിയ്ക്കാന്‍ അര്‍ജ്ജുനനെ പ്രാപ്തനാക്കുന്നതാണ് ഇതിവൃത്തം.
പൂക്കള്‍ക്കു പുറമെ പച്ച ഇലകളും കളത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇത് ഭംഗി വര്‍ദ്ധിപ്പിയ്ക്കുകയാണ് ചെയ്തിട്ടുള്ളത്.