വിഷയസുഖത്തിനായി അലയുന്ന മനുഷ്യന്‍ അത് മായയാണെന്നറിയാതെ അതില്‍ത്തന്നെ വീണുരുളുന്നു.വളരെ കുറഞ്ഞ നിമിഷങ്ങളില്‍ ലഭിയ്ക്കുന്ന സുഖത്തെ ആശ്രയിച്ച് ജീവിതത്തെത്തന്നെ വിലകുറച്ചു കാണേണ്ടിവരുന്ന മനുഷ്യന്റെ അവസ്ഥ ദയനീയമാണെന്ന് ഭഗവദ്ഗീത പറയുന്നതായി ശ്രീ.ഭാസ്കരന്‍ നായര്‍ ,ഗീതാജ്ഞാനയജ്ഞത്തോടനുബന്ധിച്ചു നടന്ന ഭക്തിപ്രഭാഷണത്തില്‍ അഭിപ്രായപ്പെട്ടു. ശുക്രമുനിയുടെ ശാപത്താല്‍ യൌവനം നഷ്ടപ്പെട്ട യയാതി വിഷയസുഖലബ്ധിയ്ക്കായി,യൌവനം കടം തരാന്‍ മക്കള്‍ക്കു മുന്നില്‍ യാചിയ്ക്കുന്ന സന്ദര്‍ഭം അദ്ദേഹം ഓര്‍മ്മിച്ചു. പുരൂരവസ്സ് ദേവലോക സുന്ദരിയായ ഉര്‍വ്വശിയെക്കണ്ട് മയങ്ങി അവളെ വിവാഹം ചെയ്യാനായി മനസ്സില്‍ ആലോചിച്ച്, ദേവലോകത്തുനിന്ന് തിരിച്ചുവന്ന് അത്യന്തം വിഷമചിത്തനായിരുന്നെന്നും സമാന ചിന്താഗതിയിലിരുന്ന ഉര്‍വ്വശി ഭൂമിയില്‍ വന്ന് രാജാവിനെ കണ്ടപ്പോള്‍ അവളുടെ എല്ലാ നിബന്ധനകളും അംഗീകരിച്ച് അവളെ വേള്‍ക്കാന്‍ അദ്ദേഹം തയ്യാറായതും പ്രഭാഷണത്തില്‍ വിഷയമായി.യാതൊരു ചിന്തകളും കൂടാതെ അവളുടെ നിബന്ധനകള്‍ അംഗീകരിയ്ക്കാന്‍ കാരണം വിഷയസുഖത്തോടുള്ള അമിതമായ ആഗ്രഹമായിരുന്നു. പിന്നീട് രാജാവിനെ വിട്ടുപോകാന്‍ ഉര്‍വ്വശി തയ്യാറായപ്പോള്‍ വല്ലാതെ കരഞ്ഞപേക്ഷിച്ച് അവളുടെ പിറകെ ഒരുപാട് ദൂരം പോകാന്‍ അദ്ദേഹം തയ്യാറായി.അപ്പോള്‍ ഉര്‍വ്വശി ചപലകളായ തന്റെ വര്‍ഗ്ഗത്തില്‍പ്പെട്ടവരെക്കുറിച്ച് പ്രതിപാദിയ്ക്കുന്നു.തങ്ങള്‍ ക്രൂരകളും,തന്‍കാര്യം നടക്കാനായി സ്വന്തം ഭര്‍ത്താവിനെപ്പോലും വധിയ്ക്കാന്‍ മടിയില്ലാത്തവരും,അനുദിനം പുതിയ പുതിയ ആളുകളെ തേടിപ്പോകാന്‍ തയ്യാറാകുന്നവരും ആണെന്ന് ഉര്‍വ്വശി പറയുന്നു.അങ്ങനെയുള്ള ചപലവര്‍ഗ്ഗത്തില്‍പ്പെട്ട തന്റെ പുറകെ ഇങ്ങനെ മായയില്‍പ്പെട്ട് ഉഴറിക്കരഞ്ഞ് വരരുതേയെന്ന് ഉര്‍വ്വശി അപേക്ഷിയ്ക്കുന്നുമുണ്ട്.
മഹാനായ വില്വമംഗലവും തന്റെ പൂര്‍വ്വാശ്രമത്തില്‍ വിഷയസുഖത്തിന് അടിമയായി അതീവസുന്ദരിയായ ഭാര്യയുടെ അടുത്തേയ്ക്ക് രാത്രിയിലെ ശക്തമായ മഴയിലും കാറ്റിലും പെട്ട്, ശവശരീരത്തെ അറിയാതെ പൊങ്ങുതടിയാക്കി നദിയിലൂടെ സഞ്ചരിച്ച്, പെരുമ്പാമ്പിനെ കാട്ടുവള്ളിയെന്നുകരുതി പിടിച്ച് തൂങ്ങിയാടി വാതിലില്‍ ചെന്നുമുട്ടി.
മാര്‍ഗ്ഗം ഏതായിരുന്നാലും വിഷയസുഖത്തിനായി അതെല്ലാം തൃണവല്‍ഗണിച്ചുകൊണ്ട് മനുഷ്യന്‍ മുന്നേറുന്നുവെന്ന് ഇത് കാണിയ്ക്കുന്നു.ആ സമയത്ത് ഭാര്യ പറയുന്ന വാക്കുകളാണ് അദ്ദേഹത്തിന്റെ കണ്ണ് തുറപ്പിയ്ക്കുന്നത്. “ഇതിന്റെ നൂറിലൊരംശം ചായ്‌വ് ഭഗവാനോടുണ്ടായിരുന്നുവെങ്കില്‍ പണ്ടേ മോക്ഷം കിട്ടിയേനേ” എന്ന്.
മായയില്‍ പെട്ട് മനുഷ്യന്‍ യാഥാര്‍ത്ഥ്യമെന്തെന്നറിയാതെ ഈ ലോകത്തിന്റെതായ സുഖങ്ങളിലും അനാവശ്യ ബന്ധനങ്ങളിലും ചെന്നുപെട്ട് കഷ്ടപ്പെടുന്നു.
മറയില്ലാത്ത കാഴ്ച മനുഷ്യന് സാദ്ധ്യമാകുമോ എന്നെങ്കിലും?
No comments:
Post a Comment